Menu Close

വെള്ളരിവിളകളിലെ കായീച്ചകള്‍

വെള്ളരിവര്‍ഗവിളകളുടെ പ്രധാന ശത്രുവാണ് കായീച്ച. പാവല്‍, പടവലം, വെള്ളരി, കുമ്പളം, മത്തന്‍, കക്കിരി, കോവല്‍ എന്നീ പച്ചക്കറികളും മാവ്, പേര തുടങ്ങിയ പഴവര്‍ഗങ്ങളും കായീച്ചകളുടെ ഉപദ്രവം നേരിടുന്നവയാണ്.
പെണ്‍കായീച്ചകളാണ് ശല്യമാകുന്നത്. അവ കായകളില്‍ മുട്ടയിടും. മുട്ടവിരിഞ്ഞ് പുറത്തുവരുന്ന പുഴുക്കള്‍ കായതുരന്ന് ഉള്‍ഭാഗം ഭക്ഷിക്കുന്നു. ഇതിലൂടെ പച്ചക്കറി വളര്‍ച്ച മുരടിക്കുകയും കായ അഴുകിപ്പോവുകയും ചെയ്യും..
കായീച്ചകളെ നിയന്ത്രിക്കാന്‍ പ്രതിരോധമാണ് നല്ലത്. ഇവയെപ്പിടിക്കാന്‍ ഫിറമോണ്‍കെണി, തുളസിക്കെണി, ശര്‍ക്കരക്കെണി, കഞ്ഞിവെള്ളക്കെണി തുടങ്ങിയ ഏതു കെണിയും ഉപയോഗിക്കാം. വലിയ തോതില്‍ വിളകള്‍ ഉണ്ടെകില്‍ മാത്രം ഇത്തരം കെണികള്‍ മതി.
ചെറിയ അടുക്കളത്തോട്ടത്തിലെ 1-2 മൂട് വിളകള്‍ മാത്രമാണുള്ളതെങ്കില്‍ കെണി ആവശ്യമില്ല. കായീച്ചയുടെ ആക്രമണം രാവിലെയാണ് കൂടുത‍ലായുണ്ടാകുക. ആ സമയം അവയെ ആകര്‍ഷിച്ചു നശിപ്പിക്കാം. ഒരുതണ്ട് കൃഷ്ണതുളസി ഞെരടിപ്പിടിച്ചാല്‍ മിനിട്ടുകള്‍ക്കകം അവ കൈയിലേക്കു പറന്നുവരും.
കുമ്പളം, മത്തന്‍ തുടങ്ങിയവയില്‍ തീരെച്ചെറിയ പരുവത്തിലെ കായീച്ച കേറി ആക്രമിക്കും. അത്തരം സന്ദ‍ർഭങ്ങളില്‍ ചെറിയ പ്ലാസ്റ്റിക്‌ കഷണം അല്ലെങ്കില്‍ കടലാസ് ഉപയോഗിച്ച് കായകള്‍ പൊതിയാം. പരാഗണം നടക്കേണ്ടതിനാല്‍ പൂവിന്റെ ഭാഗം പുറത്തു കാണണം. കുമ്പളം, മത്തന്‍ തുടങ്ങിയവയില്‍ ഇതു നിര്‍ബന്ധമാണ്. പൂ വിരിഞ്ഞതിന്റെ അടുത്ത ദിവസം മുഴുവനായി മൂടാം. മാരകകീടനാശിനിയെക്കള്‍ ഫലപ്രദമാണിത്. എന്നാല്‍, വന്‍തോതിലുള്ള കൃഷിയില്‍ ഇതു പ്രായോഗികമല്ല. അവിടെ കെണി തന്നെ വേണ്ടിവരും. പാവല്‍ , പടവലം , വെള്ളരി തുടങ്ങിയവയുടെ കായകള്‍ പൂ വിരിഞ്ഞതിന്റെ അടുത്ത ദിവസം പൊതിയണം. കായയുടെ വളര്‍ച്ചയ്ക്കനുസരിച്ച് പൊതി വലുതാക്കണം. കായകള്‍ പൊതിയുമ്പോള്‍ ശ്രദ്ധിക്കണം. കായ തണ്ടില്‍നിന്ന് ഒടിഞ്ഞുപോകാന്‍ സാധ്യതയുണ്ട്.
പലതരം കെണികളിലൂടെയൊന്നും നിയന്ത്രിക്കാനാവാത്ത സാഹചര്യം വന്നാല്‍മാത്രം കീടനാശിനി ഉപയോഗിക്കുക. രണ്ടു മില്ലി സായാന്‍ഡ്രനിലിപ്രോള്‍ ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിക്കുക.