Menu Close

വരൾച്ചയെ പ്രതിരോധിക്കുവാനുള്ള കൃഷിപരിപാലനമുറകൾ

കേരളത്തിൽ അപൂർവ്വമായി സംഭവിക്കുന്ന ഉഷ്ണതരംഗം പാലക്കാട് ജില്ലയിലും തൃശ്ശൂർ ജില്ലയിലും റിപ്പോർട്ട് ചെയ്തുകഴിഞ്ഞു. ഉയർന്ന താപനില ശരാശരിദിന താപനിലയേക്കാൾ 4.50C നു മുകളിൽ രണ്ടുദിവസത്തോളം തുടർച്ചയായി രണ്ടിൽക്കൂടുതൽ സ്ഥലങ്ങളിലുണ്ടാകുമ്പോഴാണ് ഭാരതീയ കാലാവസ്ഥാവകുപ്പ് ഉഷ്ണതരംഗം സ്ഥിരീകരിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ മെയ് ആദ്യവാരംവരെ ചൂടും ആർദ്രതയും കൂടിനിൽക്കുന്ന അന്തരീക്ഷാവസ്ഥ തുടരാനാണ് സാധ്യത. വ്യാപകമായ വേനൽമഴ മെയ് പകുതിയോടുകൂടി മാത്രമേ ലഭിക്കാനുള്ള സാധ്യതയുള്ളൂ.
കാലാവസ്ഥാവ്യതിയാനവും അതികാഠിന്യമേറിയ വേനലും കൃഷിയെ സാരമായി ബാധിച്ചിരിക്കുകയാണ്. ഉയർന്ന താപനില, രൂക്ഷമായ ജലദൗർലഭ്യം, മലിനമായ ജലം എന്നിവ കാരണം കാർഷിക പരിപാലനമുറകൾ അനുവർത്തിക്കാൻ സാധ്യമാകാതെ പോകുന്നു. നട്ട വിളകളെയും ചിരസ്ഥായിയായ വിളകളെയും സംരക്ഷിക്കുന്നതിന് അടിയന്തിരനടപടികൾ കൈകൊള്ളുകയല്ലാതെ മാർഗ്ഗമില്ല.
വിളകളെ വരൾച്ചയിൽനിന്നു സംരക്ഷിക്കാനുള്ള പൊതുവായ നിർദ്ദേശങ്ങൾ
• ചെടികൾ നനയ്ക്കുന്നത് അതിരാവിലെയും വൈകുന്നേരവുമായി ക്രമീകരിച്ചാല്‍ ബാഷ്പീകരണം മൂലമുള്ള ജലനഷ്ടം തടയാനാകും.
• ചെടികളുടെ ചുവട്ടിൽ പുതയിടുക.
• മണ്ണിൽനിന്നുള്ള ജലനഷ്ടം (ബാഷ്പീകരണം) കുറയ്ക്കാൻ ഇടയകലങ്ങളിൽ പുതയിടുക.
• വരൾച്ചയെ അതിജീവിക്കാൻ കഴിവുള്ള ഇനങ്ങൾ ഉപയോഗിക്കുക.
• വെള്ളം കുറച്ചുമാത്രം ആവശ്യമായ തുള്ളിനന പോലുള്ള സംവിധാനങ്ങള്‍ ഉപയോഗിക്കുക.
• ജലലഭ്യതയുള്ളപ്പോൾ വിളയുടെ (short statured) മുകളിലൂടെ വെള്ളം തളിച്ചുകൊടുക്കുക.
• മണ്ണിലെ ജൈവാംശം, സൂക്ഷ്മജീവികളുടെ പ്രവർത്തനം, ജലനിർഗ്ഗമന ശേഷി എന്നിവ വർദ്ധിപ്പിക്കുവാനായി ധാരാളം ജൈവവളങ്ങൾ ചേർത്തുകൊടുക്കുക.
• വരൾച്ചയും ജലക്ഷാമവും രൂക്ഷമാകുന്ന അവസരങ്ങളിൽ വിളകളുടെ സാന്ദ്രത കുറയ്ക്കുക. ഇതിന് ശുപാർശ ചെയ്ത അകലങ്ങളിൽ നട്ട ചെടികളിൽ ഇടയ്ക്കുള്ളവ പറിച്ചുമാറ്റേണ്ടിവരും.
• ഇലകളിൽനിന്നുള്ള ബാഷ്പീകരണനഷ്ടം കുറയ്ക്കുവാൻ താഴെയുള്ള ഇലകൾ നീക്കം ചെയ്യുക.
• പൊട്ടാഷ് വളങ്ങൾ ശുപാർശയുടെ 25% അധികം നല്കുന്നത് നല്ലതാണ്.
• വരൾച്ചയെ ചെറുക്കാൻ ബോറോൺ സഹായകമാകുന്നതിനാൽ ബോറോൺ അടങ്ങിയ വളങ്ങൾ / ദ്വിതീയ / സൂക്ഷ്മ മൂലക മിശ്രിതം (Ca, Mg, B, Zn ) എന്നിവ ഉപയോഗിക്കുന്നത് വരൾച്ചയെ അതിജീവിക്കുവാൻ ഉപകരിക്കും.
• പിരിഫോമസ്പോറ ഇൻഡിക്ക, PPFM, AMF എന്നീ സൂക്ഷ്മജീവികൾ വിളകളിൽ ഉപയോഗിക്കുന്നത് വിളകളെ ഒരു പരിധിവരെ സംരക്ഷിക്കുന്നു.
• കാർഷിക പ്രവർത്തനങ്ങൾ പകൽ 11 മുതൽ 3 വരെയുള്ള സമയത്ത് ഒഴിവാക്കേണ്ടതാണ്. രാസകീടനാശിനികൾ ഒരു കാരണവശാലും ഈ സമയത്ത് പ്രയോഗിക്കാൻ പാടുള്ളതല്ല.
• മേൽമണ്ണ് ചെറുതായി ഇളക്കിയിടുന്നത് വേനൽമഴയിൽ നിന്ന് ലഭിക്കുന്ന ജലം മണ്ണിൽ തന്നെ സംഭരിച്ച് നിർത്താനുള്ള നല്ലൊരു മാർഗ്ഗമാണ്.