Menu Close

ഒറ്റ സോഫ്‌റ്റ്‌വെയർ കേരളത്തിലെ പ്രാഥമിക സഹകരണ ബാങ്കുകളെ ശക്തമാക്കും

കേരളത്തിലെ പ്രാഥമിക കാർഷിക വായ്പാസംഘങ്ങളിൽ ഇനി ഒരേതരം സോഫ്‌റ്റ്‌വെയർ ആകും ഉപയോഗിക്കുക. ഇത് ഇടപാടുകള്‍ ലളിതമാക്കാന്‍ സഹായിക്കും. കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭായോഗമാണ് പുതിയ പരിഷ്കരണത്തിന് അംഗീകാരം നൽകിയത്.
ഇതിലൂടെ കേരളബാങ്കിന്റെ കോർബാങ്കിങ്‌ സംവിധാനത്തില്‍ പ്രാഥമിക കാർഷികവായ്പാസംഘങ്ങളും കണ്ണിയാകും. അതോടെ ദേശസാല്‍കൃതബാങ്കുകളിലേതു പോലെ സൗകര്യപ്രദമായി ബാങ്കിങ് നടത്താന്‍ സംഹകരണബാങ്കുകളിലെ ഇടപാടുകാര്‍ക്കും അവസരമൊരുങ്ങും. പ്രാഥമിക സഹകരണസംഘങ്ങളുടെ അപ്പക്‌സ്‌ ബാങ്കായ കേരളബാങ്കുമായി ഓൺലൈൻ ഇടപാട്‌ നടത്തുന്നതിനും സാങ്കേതികസഹായം നൽകുന്നതിനുമുള്ള മാനദണ്ഡങ്ങൾ ഏകീകൃത സോഫ്‌റ്റ്‌വെയറിലുണ്ടാകും.
സംസ്ഥാനത്തെ പ്രാഥമിക കാർഷിക സഹകരണ സംഘങ്ങൾ മറ്റു സംസ്ഥാനങ്ങളിലെ സംഘങ്ങളേക്കാൾ വ്യത്യസ്‌തമായ പ്രവർത്തനങ്ങള്‍ ഏറ്റെടുക്കുന്നവയാണ്. വായ്‌പ നൽകുന്നതിനു പുറമെ, വ്യാപാരം, കാർഷിക അനുബന്ധമേഖലകള്‍, സേവനം എന്നിവയിലും നമ്മുടെ നാട്ടിലെ സംഘങ്ങള്‍ ഇടപെടുന്നുണ്ട്‌. ഡയാലിസിസ്‌സെന്ററുകൾ, ക്ലിനിക്കൽലബോറട്ടറികൾ, മെഡിക്കൽസ്‌റ്റോറുകൾ, നീതിസ്‌റ്റോറുകൾ, ഗ്രാമീണച്ചന്തകൾ, ടൂറിസ്റ്റുറിസോർട്ടുകൾ തുടങ്ങിയവ ഉദാഹരണം. അതുകൊണ്ടാണ്‌ സ്വന്തം സംവിധാനത്തിലൂടെ നീങ്ങാൻ സർക്കാർ തീരുമാനിച്ചത്‌.
ടാറ്റ കൺസൾട്ടൻസി സർവീസസിനെ (ടിസിഎസ്‌) ഇതിന്റെ നിർവഹണ ഏജൻസിയായി തീരുമാനിച്ചു. ടെൻഡർ നടപടികൾക്കും പരിശോധനയ്‌ക്കും ശേഷമാണ്‌ ടിസിഎസിനെ തെരഞ്ഞെടുത്തത്‌.