നാഫെഡ് വഴിയുള്ള പച്ചത്തേങ്ങസംഭരണം ഇന്നുമുതല്‍. വിലയിടിവുകൊണ്ട് പ്രയാസത്തിലായ നാളികേരകർഷകര്‍ക്ക് ഇത് ആശ്വാസമാകും. വെജിറ്റബിൾസ് ആൻഡ് ഫ്രൂട്ട് പ്രൊമോഷൻ കൗൺസിലിന്റെ കേന്ദ്രങ്ങൾ വഴിയാണ് പച്ചത്തേങ്ങ സംഭരിക്കുന്നത്. കിലോയ്ക്ക് 34 രൂപയാണ് കർഷകന് ലഭിക്കുക. കഴിഞ്ഞ ദിവസം കോഴിക്കോട്ട് സംഭരണം ആരംഭിച്ചു. 7 കേന്ദ്രങ്ങളില്‍ 42 കർഷകരിൽ നിന്നായി 21.88 ടൺ പച്ചത്തേങ്ങ ഇതിനകം സംഭരിച്ചു. പുതിയ 4 കേന്ദ്രങ്ങൾ കൂടി തുറക്കും.
നാളികേരത്തിന്റെ വിലത്തകർച്ചയെ നേരിടാന്‍ വിവിധ സർക്കാർ ഏജൻസികൾ വഴി കൃഷിവകുപ്പ് നടത്തി വരുന്ന പച്ചത്തേങ്ങസംഭരണം തുടര്‍ന്നും നടത്തുമെന്ന് കൃഷിവകുപ്പ് മന്ത്രി പി. പ്രസാദ് പറഞ്ഞു. ഒപ്പം കൊപ്ര സംഭരണവും വിപുലീകരിക്കും. കേന്ദ്രം നൽകുന്ന താങ്ങുവിലയ്ക്കു പുറമേ സംസ്ഥാനം കിലോയ്ക്ക് 4.70 രൂപ അധികം നൽകിയാണ് കർഷകർക്ക് അടിസ്ഥാന വിലയായ 34 രൂപ സർക്കാർ ഉറപ്പാക്കുന്നത്. വിപണി ഇടപെടലിനായി മാറ്റിവച്ചിട്ടുള്ള തുകയിൽ നിന്നു സംഭരണ പ്രവർത്തനങ്ങൾ നടത്തുന്നതിനായി 50 ലക്ഷം രൂപ അനുവദിച്ചുവെന്നും മന്ത്രി പറഞ്ഞു.
നാഫെഡിന്റെ ‘ഇ–-സമൃദ്ധി’ പോർട്ടലിൽ രജിസ്റ്റർ ചെയ്ത കർഷകരിൽനിന്നാണ് പച്ചത്തേങ്ങ സംഭരിക്കുക. ഇതില്‍ കർഷകർക്ക് ഇനിയും റജിസ്റ്റർ ചെയ്യാം. ഇന്നോടെ കൂടുതൽ കർഷകർ എത്തുമെന്നും സംഭരണം ഊർജിതമാകുമെന്നുമാണ് പ്രതീക്ഷ.
വിഎഫ്പിസികെയ്ക്കുവേണ്ടി കേരകർഷകഫെഡറേഷന് പച്ചത്തേങ്ങ ഉണക്കി കൊപ്രയാക്കും. അത് (കോ–-ഓപറേറ്റീവ് മാർക്കറ്റിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ) നാഫെഡിനു കൈമാറും. കൊപ്ര കിലോയ്ക്ക് 108.60 രൂപയാണ് നൽകുന്നത്. കിലോയ്ക്ക് 86 രൂപയാണ് പൊതുവിപണി വില. കേരളത്തിലെ കൊപ്ര സംഭരണത്തിനായി മാർക്കറ്റ്ഫെഡിനും വെജിറ്റബിൾ ആൻഡ് ടൂറിസം പ്രൊമോഷൻ കൗൺസിലിനുമാണ് നാഫെഡ് അനുമതി നൽകിയത്. ഡിസംബർവരെയാണ് സംഭരണം.