തെങ്ങിനെ ബാധിക്കുന്ന പ്രധാനരോഗങ്ങളിലൊന്നാണ് ചെന്നീരൊലിപ്പ്. തെലാവിയോപ്സിസ് പാരഡോക്സ് എന്ന ഒരിനം കുമിളാണ് ചെന്നീരൊലിപ്പിനു കാരണം. തെലാവിയോപ്സിസ് ഡിസീസ് എന്നും ഇതിന് പേരുണ്ട്. തെങ്ങിൻ തടിയുടെ മുരടുഭാഗത്ത് കാണപ്പെടുന്ന കടും ചുവപ്പുനിറത്തിലുള്ള വിള്ളലുകളും കുത്തുകളുമാണ് ഇതിന്റെ പ്രാരംഭലക്ഷണം. കുറച്ചുദിവസം കഴിഞ്ഞാൽ അതിലൂടെ ചുവപ്പും തവിട്ടും കലർന്ന ഒരുതരം നീര് ഒലിച്ചിറങ്ങാൻ തുടങ്ങും. ഇങ്ങനെ തുടർന്നാൽ ആ ഭാഗത്തെ തൊലി അടർത്തിനോക്കിയാൽ അവിടം ചീഞ്ഞ് അളിഞ്ഞിരിക്കും. കാലക്രമേണ ഈ അഴുകൽ തെങ്ങിന്റെ മുകൾഭാഗത്തേക്കും ഉള്ളിലേക്കും ബാധിക്കുന്നു. ചെറിയ പാടുകളും വിള്ളലുകളും പിന്നീട് വലുതായി രോഗം കടുക്കുന്നതോടെ ഓലകൾ മഞ്ഞനിറമാവുകയും തെങ്ങിന് പോഷകങ്ങൾ വലിച്ചെടുക്കാനുള്ള കഴിവ് കുറഞ്ഞ് മണ്ടശോഷിച്ച് കായകൾ ചെറുതായി കായ്ഫലം തീരെക്കുറയുകയും ചെയ്യുന്നു.
മാനുഷികമായോ പ്രാകൃതികമായോ തെങ്ങിനുണ്ടാകുന്ന ക്ഷതങ്ങൾ, വിള്ളലുകൾ, ഇപ്പോഴത്തെ കനത്തമഴയും തുടർന്നുള്ള കൊടുംചൂടും കാരണം തെങ്ങിന്റെ തോലിലുണ്ടാകുന്ന വിള്ളലുകൾ, തെങ്ങിൻതടത്തിൽ തീയിടുന്നതുമൂലം ഉണ്ടാകുന്ന പൊള്ളലുകൾ എന്നിവയിലൂടെയാണ് കുമിളുകൾ ബാധിക്കുന്നത്.
പരിഹാരം
1) ട്രൈക്കോഡർമ എന്ന മിത്രകുമിൾ കുഴമ്പുരൂപത്തിലാക്കി ചെന്നീരൊലിപ്പുള്ള ഭാഗങ്ങളിൽ തേച്ചുപിടിപ്പിക്കുക.
90 കിലോ ചാണകപ്പൊടി, 10 കിലോ വേപ്പിൻ പിണ്ണാക്ക്, രണ്ടുകിലോ ട്രൈക്കോഡർമ എന്നിവ ചേർത്ത് നന്നായി ഇളക്കി ചേർത്തതിന് ശേഷം കുറച്ച് ശുദ്ധവെള്ളം കുടഞ്ഞ് ചേർത്തിളക്കിയതിന് ശേഷം ഒരടി ഉയരമുള്ള കൂനകൂട്ടി നനച്ചചാക്കുകൊണ്ട് മൂടിയിടുക. ഒരാഴ്ച കഴിഞ്ഞാൽ ചാക്കു തുറന്നുനോക്കിയാൽ പച്ചനിറത്തിൽ ട്രൈക്കോഡർമ വളർന്നതായിക്കാണാം. ഇവ നേരിട്ട് തെങ്ങിൻചുവട്ടിൽ വളമായും ചേര്‍ക്കാം.
അല്ലെങ്കില്‍
2) രോഗഭാഗങ്ങള് വൃത്തിയാക്കി അഞ്ച് ശതമാനം വീര്യമുള്ള ഹെക്സാകൊണസോള്‍ ലായനി തേച്ചു കൊടുക്കുക. ഒപ്പം 2 എംഎല് ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ ചുവട്ടിലും ഒഴിച്ചുകൊടുക്കുക.