Menu Close

കാര്‍ഷികവിളകള്‍ക്ക് അശാസ്ത്രീയചികിത്സ അനുവദിക്കരുത്

വീടുകള്‍ കയറിയിറങ്ങി വിവിധ കാര്‍ഷികവിളകള്‍ക്കു ശുശ്രൂഷ നല്‍കുന്നവരുടെ എണ്ണം കൂടിവരുന്നതായി റിപ്പോര്‍ട്ട്. ശാസ്ത്രീയപിന്‍ബലമില്ലാത്ത ചികിത്സാരീതിയുമായാണ് ഇവരെത്തുക. അവരുടെ അവകാശവാദങ്ങള്‍ ഒറ്റനോട്ടത്തില്‍ വളരെ ആധികാരികമെന്നു തോന്നും. പക്ഷേ, കൃഷിശാസ്ത്രജ്‍ഞരുടെ അഭിപ്രായത്തില്‍ ഇവയൊന്നിനും കൃഷിവകുപ്പിന്റെ അംഗീകാരമില്ല. കഴിഞ്ഞ ദിവസം ആലപ്പുഴ ജില്ലയിലെ ചേര്‍ത്തലയില്‍ പ്രചരിച്ച നോട്ടീസില്‍ തെങ്ങിനും ജാതിക്കും വേരില്‍ക്കൂടി ചികിത്സ നല്‍കുന്നതായാണ് കാണുന്നത്. തുരിശ്, ബോറോണ്‍, മഗ്നീഷ്യം, കാല്‍സ്യം കാര്‍ബണേറ്റ്, ഇന്തുപ്പ് എന്നിവയാണ് വേരിലൂടെ നല്‍കുന്നത്. തെങ്ങിന്റെ കൂമ്പുചീയല്‍, കൂമ്പ് കരിച്ചില്‍, മണ്ഡരി, കരിക്കുവീഴ്ച, വെള്ളയ്ക്ക പൊഴിച്ചില്‍, ഓലമഞ്ഞളിപ്പ് എന്നിവയ്ക്കും ജാതിമരത്തിന്റെ കായ കൊഴിച്ചില്‍, ഇവപൊഴിച്ചില്‍ എന്നിവയ്ക്കും ഗുണകരമാണെന്നാണ് അവകാശപ്പെട്ടിരിക്കുന്നത്.
ഇത്തരം ആരെങ്കിലും കര്‍ഷകരെ സമീപിക്കുന്നുവെങ്കില്‍ ആദ്യം തങ്ങളുടെ കൃഷിഭവനില്‍ വിളിച്ച് ഈ ചികിത്സയുടെ ആധികാരികത ഉറപ്പുവരുത്തണമെന്നാണ് കൃഷിവിദഗ്ദ്ധര്‍ നിര്‍ദ്ദേശിക്കുന്നത്. കൃഷിഭവന്‍ പ്രോത്സാഹിപ്പിക്കാത്ത വിളപരിപാലനരീതികള്‍ ഒഴിവാക്കുകയാണ് നല്ലത്.