Menu Close

കനത്ത വേനല്‍ കഴിഞ്ഞുള്ള മഴ: കൃഷിയില്‍ കരുതല്‍വേണം

കടുത്തവരള്‍ച്ചയ്ക്കുശേഷം അപ്രതീക്ഷിതമായുണ്ടാകുന്ന കനത്ത മഴ വലിയ നാശനഷ്ടമാങ്ങള്‍ കൃഷിയിലുണ്ടാക്കാം. അവിടെ കരുതല്‍വേണം. പല കൃഷിയിടങ്ങളിലും ദിവസങ്ങളോളം വിളകള്‍ വെളളത്തിലും ചെളിയിലും മുങ്ങിനില്‍ക്കുന്ന അവസ്ഥയുണ്ടാകും. വിവിധവിളകളില്‍ അനുവര്‍ത്തിക്കേണ്ട സസ്യസംരക്ഷണ മാര്‍ഗ്ഗങ്ങള്‍ ചുവടെ.

തെങ്ങ്
തെങ്ങിന് കൂമ്പുചീയല്‍ രോഗം പടര്‍ന്നു പിടിപെടാതെ ശ്രദ്ധിക്കേണ്ടതുണ്ട്. ലക്ഷണങ്ങള്‍ കണ്ടുകഴിഞ്ഞാല്‍ രോഗം ബാധിച്ച ഭാഗങ്ങള്‍ വൃത്തിയാക്കി 10 ശതമാനം വീര്യമുളള ബോര്‍ഡോമിശ്രിതം പുരട്ടണം. ഓലകരിച്ചില്‍, മച്ചിങ്ങപൊഴിച്ചില്‍ തുടങ്ങിയ കുമിള്‍ രോഗങ്ങള്‍ക്കെതിരെ 1% വീര്യത്തില്‍ ബോര്‍ഡോമിശ്രിതം തളിക്കാവുന്നതാണ്.

പച്ചക്കറിവിളകള്‍
വെളളക്കെട്ടില്‍പ്പെട്ട ചെടികളില്‍ കീടരോഗബാധ പടര്‍ന്നുപിടിക്കാതെയുളള മുന്‍കരുതലുകള്‍ സ്വീകരിക്കണം. 0.3 % വീര്യത്തില്‍ മാങ്കോസെബ് എന്ന കുമിള്‍ നാശിനി തളിച്ചാല്‍ വഴുതനയുടെ കായ്ചീയല്‍, വെണ്ടയുടെ ഇലപ്പുളളി രോഗം എന്നിവ നിയന്ത്രിക്കാം. ഈര്‍പ്പം അധികമാകുമ്പോള്‍ ആഫ്രിക്കന്‍ ഒച്ച് പോലുളള ജീവികളുടെ ശല്യം രൂക്ഷമാകുകയാണെങ്കില്‍ 60 ഗ്രാം തുരിശ് ഒരു ലിറ്റര്‍ വെളളത്തില്‍ കലക്കി നന്നായി കൃഷിയിടത്തില്‍ തളിച്ച് ഇവയെ നിയന്ത്രിക്കാം. ഇലതീനി പുഴുക്കളുടെ ആക്രമണം ശ്രദ്ധയില്‍പ്പെട്ടാല്‍ ഫ്ളുബെന്‍ഡൈയാമിഡ് 2 മി.ലി 10 ലിറ്റര്‍ വെളളത്തില്‍ കലക്കി തളിയ്ക്കാവുന്നതാണ്.

ജാതി
ഇലപ്പുളളി രോഗം/ഇലകൊഴിച്ചില്‍ എന്നിവ ഉണ്ടാകാന്‍ സാധ്യതയുളളതിനാല്‍ രോഗം ശ്രദ്ധയില്‍പ്പെട്ടാല്‍ 0.2% വീര്യത്തില്‍ കോപ്പര്‍ ഹൈഡ്രോക്സൈഡ് തളിച്ചുകൊടുക്കണം.

വാഴ

മാണം അഴുകല്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ 5 ഗ്രാം ബ്ലീച്ചിംഗ് പൗഡര്‍ ഒരു ലിറ്റര്‍ വെളളത്തില്‍ കലക്കി ഒഴിക്കണം. അടഞ്ഞ മഴകഴിഞ്ഞുളള കാലാവസ്ഥയില്‍ പനാമാവാട്ടം രൂക്ഷമായേക്കാം. മൂത്ത ഇലകള്‍ മഞ്ഞളിച്ച് വാടിപ്പോകുന്നതാണ് അതിന്റെ ആദ്യത്തെ ലക്ഷണം. ഒപ്പം വാഴത്തടയുടെ കടഭാഗത്ത് വിണ്ടുകീറല്‍ ഉണ്ടാകുന്നതും ഇതിന്‍റെ ലക്ഷണമാണ്. രോഗം ശ്രദ്ധിയില്‍പ്പെട്ടാല്‍ 0.2 % വീര്യത്തില്‍ കാര്‍ബണ്‍ഡാസിം അല്ലെങ്കില്‍ 0.1 % വീര്യത്തില്‍ പ്രൊപ്പികൊനാസോള്‍ കുമിള്‍ നാശിനി കടഭാഗത്ത് ഒഴിക്കണം. കേടുവന്ന ഇലകള്‍ മുറിച്ചു മാറ്റണം. 13:0:45 എന്ന വളം 5 ഗ്രാം ഒരു ലിറ്റര്‍ വെളളത്തില്‍ എന്ന തോതില്‍ പശചേര്‍ത്ത് ഇലകളില്‍ സ്പ്രേ ചെയ്യണം. ഇലപ്പുളളി രോഗം വരികയാണെങ്കില്‍ 0.4% വീര്യത്തില്‍ മാങ്കോസെബ് എന്ന കുമിള്‍നാശിനി പശചേര്‍ത്ത് ഇലകളില്‍ തളിയ്ക്കാം. രോഗം നിയന്ത്രണ വിധേയമല്ലെങ്കില്‍ പ്രൊപ്പികൊനാസോള്‍ 0.1% വീര്യത്തില്‍ തുടര്‍ന്നു തളിക്കാവുന്നതാണ്.

 

കുരുമുളക്

കടഭാഗത്ത് വെളളമോ ചെളിയോ കെട്ടി നില്‍ക്കുകയാണെങ്കില്‍ വാര്‍ത്ത് കളഞ്ഞ് ചെടി ഒന്നിന് രകിലോഗ്രാം വീതം കുമ്മായം ചേര്‍ത്തുകൊടുക്കുക. രണ്ടാഴ്ചക്കുശേഷം 10 കി.ഗ്രാം ജൈവവളം നല്‍കുക. 1 % വീര്യത്തില്‍ ബോര്‍ഡോമിശ്രിതം ചെടികളില്‍ സ്പ്രേ ചെയ്യണം. കൂടാതെ കോപ്പര്‍ ഓക്സിക്ലോറൈഡ് (0.3%) കടഭാഗത്ത് ഒഴിച്ചുകൊടുക്കുകയും വേണം.

 

കൂടാതെ എല്ലാ ചെടികൾക്കും പൊട്ടാഷ് വളങ്ങള്‍ പ്രത്യേകം നല്‍കുവാന്‍ ശ്രദ്ധിക്കണം