വേനൽപരിചരണമായി തെങ്ങിൻതടത്തിലും തോട്ടത്തിൽ മുഴുവനായും ലഭ്യമായ ജൈവവസ്തുക്കളുപയോഗിച്ച് പുതയിടുക. തെങ്ങോലകൾ കത്തിച്ചുകളയാതെ ചെറിയ കഷണങ്ങളാക്കി നെടുകയും കുറുകെയും മൂന്നുനാലുനിരകളായി ഇടുകയോ അഴുകിയ ചകിരിച്ചോർ 7-8 സെ. മീറ്റർ കനത്തിൽ വിരിക്കുകയോ ചെയ്യുക.
തെങ്ങിൻചുവട്ടിൽനിന്ന് 1.5-2 മീറ്റർ ചുറ്റളവിൽ വൃത്താകൃതിയിൽ 30 സെ.മീ ആഴത്തിൽ ചാലെടുത്ത് മൂന്നോനാലോ അട്ടിയായി തൊണ്ട് ചേർത്ത് അടുക്കിയിട്ട് അതിനുമീതെ ചെറുകനത്തിൽ മണ്ണിട്ടുമൂടിയാൽ ഈർപ്പസംരക്ഷണം ഉറപ്പാക്കാം.
ഏറ്റവുമടിയിൽ രണ്ടോമൂന്നോ നിരയായി ഉൾഭാഗം മുകളിൽവരുംവിധം മലർത്തിയും ഏറ്റവും മുകളിലുള്ള നിര കമഴ്ത്തിയുമാണ് തൊണ്ട് അടുക്കേണ്ടത്. തൊണ്ട് കിട്ടാൻ ബുദ്ധിമുട്ടാണെങ്കിൽ ഒരു നിര മാത്രം കമഴ്ത്തി അടുക്കിയാലും മതിയാകും.
മെടഞ്ഞ ഓലകൾ തെക്കുപടിഞ്ഞാറുഭാഗത്തായി നാട്ടി ഉച്ചയ്ക്കു ശേഷമുള്ള വെയിലടിക്കുന്നതിൽനിന്ന് തൈത്തെങ്ങുകളെ സംരക്ഷിക്കണം. വലിയ തെങ്ങിന്റെ മണ്ടയിലെ ഏറ്റവും താഴെയുള്ള ഉണങ്ങിയ രണ്ടുമൂന്നോലകൾ വേനൽക്കാലത്ത് വെട്ടിനീക്കാം.
തെങ്ങിന്റെ തടിയിൽ തറയിൽനിന്ന് 5 മീറ്റർ വരെ ഉയരത്തിൽ കുമ്മായം പുരട്ടിയാല്‍ കഠിനമായ ചൂടില്‍നിന്നുള്ള രക്ഷയാകും.
കീടനിയന്ത്രണം
വെള്ളീച്ച
തെങ്ങിൽ വെള്ളീച്ച വ്യാപകമായി കാണപ്പെടുന്നുണ്ട്. തൈത്തെങ്ങാണെങ്കിൽ 2% വേപ്പെണ്ണ ഇമൽഷൻ തളിക്കാം.
തെങ്ങോലപ്പുഴു
കടലോരമേഖലകളിൽ തെങ്ങോലപ്പുഴുവിന്റെ ആക്രമണം കാണുകയാണെങ്കിൽ ഗോണിയോസസ് എന്ന പരാദത്തെ 10 എണ്ണം 1 തെങ്ങിന് എന്ന തോതിൽ പുറത്തുവിടുക.