Menu Close

കവുങ്ങ് ഉണങ്ങാതെ നോക്കാം

കവുങ്ങിൻതടിയിൽ ദീർഘനാൾ സൂര്യപ്രകാശം നേരിട്ടടിച്ചാൽ പൊള്ളി പലഭാഗത്തും നീളത്തിൽ പാടുവീഴുന്നതു കാണാം. തെക്കുപടിഞ്ഞാറൻ ദിശയിൽ നിന്നാണ് വെയിലടിക്കുന്നതെങ്കിൽ പ്രശ്നം രൂക്ഷമാകും.
സ്വർണ്ണമഞ്ഞനിറത്തിൽ ആദ്യമുണ്ടാകുന്ന പാടുകൾ ക്രമേണ കടും തവിട്ടുനിറമാവുകയും തുടർന്ന് നെടുനീളത്തിൽ ചെറിയ വിള്ളലുകൾ ഉണ്ടാവുകയുംചെയ്യും. ഇതിലൂടെ രോഗകാരികളായ കുമിളുകൾ പ്രവേശിച്ച് തടി ദുർബലപ്പെടുത്തും. ചിലപ്പോൾ തടി ഒടിയാനും സാധ്യതയുണ്ട്. ഇങ്ങനെ വിള്ളലുകൾ ഉണ്ടായാൽ കവുങ്ങിന്റെ കഷണങ്ങൾ നീളത്തിൽ വച്ചുകെട്ടി തടി ബലപ്പെടുത്തണം.
വേഗം വളരുന്ന തണൽമരങ്ങൾ തോട്ടത്തിന്റെ തെക്കുപടിഞ്ഞാറൻ അതിർത്തിയിൽ വളർത്തുക, കവുങ്ങുമരങ്ങളെ അതിന്റെ പാള/തണുങ് തന്നെ ഉപയോഗിച്ച് പൊതിഞ്ഞു കെട്ടുക, കവുങ്ങിൽ കുരുമുളക് പടർത്തുക മുതലായവ സൂര്യാഘാതം കുറയ്ക്കാൻ സഹായകരമാണ്. വേനൽക്കാലം തുടങ്ങുന്നതോടെ തടിയിൽ കുമ്മായം പൂശുകയുമാവാം.
വെയിലത്തുണക്കിയ ആഫ്രിക്കൻ പായൽ ഒരു ചതുരശ്രമീറ്ററിന് 5 കി ഗ്രാം തോതിൽ പുതയിടാനുപയോഗിക്കാം.
സിലിക്കൺ എന്ന മൂലകത്തിനും ഈ കഴിവുണ്ട്. ഉമിയിൽ 47% സിലിക്കൺ അടങ്ങിയിട്ടുണ്ട്. തൈകളുടെ ചുവട്ടിൽ ഉമിയിടുന്നതും സാധാരണ ശുപാർശ ചെയ്തിട്ടുള്ള പൊട്ടാസ്യത്തിന്റെ അളവിന്റെ ഒന്നര രണ്ടിരട്ടി നൽകുന്നതും വേനൽക്കാലവരൾച്ചയെ മറികടക്കാൻ സഹായിക്കും.