Menu Close

തരിശുഭൂമിയിൽ മില്ലറ്റ് കൃഷി പദ്ധതി : സംസ്ഥാനതല ഉദ്ഘാടനം വടകരയിൽ

ഹരിത കേരളം മിഷന്‍റെ നെറ്റ് സീറോ കാർബൺ കേരളം ക്യാമ്പയിൻ ഏറ്റെടുത്ത തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ തരിശുഭൂമിയിൽ മില്ലറ്റ് കൃഷി നടപ്പിലാക്കുന്നതിന്‍റെ ഭാഗമായി വടകരയിൽ തരിശു ഭൂമിയിൽ മില്ലറ്റ് കൃഷി പദ്ധതി നടപ്പിലാക്കുന്നു. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം 2023 ഡിസംബർ 15ന് രാവിലെ 9 മണിക്ക് വടകരയിൽ കോഴിക്കോട് ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ് നിർവഹിക്കും. നിലവിലുള്ള കൃഷി ഭൂമിയിൽ മില്ലറ്റ് കൃഷി നടപ്പിലാക്കുന്നതിനോടൊപ്പം തരിശുഭൂമിയെ കൃഷിയോഗ്യമാക്കുക എന്നതുകൂടിയാണ് ലക്ഷ്യം. മില്ലറ്റ് മിഷൻ കൃഷി വകുപ്പ്, തൊഴിലുറപ്പ് പദ്ധതി എന്നിവയുടെ സംയുക്ത സഹകരണത്തോടെയാണ് മില്ലറ്റ് കൃഷി നടത്തുക. 40 സെൻറ് സ്ഥലത്താണ് ഉദ്ഘാടന സമയത്ത് മില്ലറ്റ് വിത്ത് വിതക്കുന്നത്. അതിനുശേഷം വാർഡിലെ മറ്റ് ഇടങ്ങളിലേക്ക് മില്ലറ്റ് വ്യാപിപ്പിക്കും. നഗരസഭയിൽ ആദ്യഘട്ടത്തിൽ ഒന്നര ഹെക്ടർ സ്ഥലത്ത് വിത്ത് വിതയ്ക്കും. ഒൻപതു തരം മില്ലറ്റ് വിഭാഗത്തിൽ റാഗി, ബാജ്റ, ജോവർ എന്നിവയാണ് കൃഷി ചെയ്യാൻ ഉദ്ദേശിക്കുന്നത്.
ഡിസംബർ മുതൽ മാർച്ചു വരെയാണ് ഇതിന്‍റെ കൃഷിക്കാലം. മഴയത്ത് കൃഷി ചെയ്യാൻ പറ്റാത്ത വിളയാണ് ഇത്. കടുത്ത വേനലിനെയും അതിജീവിക്കാൻ മില്ലറ്റിന് കഴിവുണ്ട്. അതിനാൽ വേനൽക്കാല കൃഷിയായി ഇതിനെ പരിഗണിക്കാൻ കഴിയും.