Menu Close

കശുമാങ്ങയ്ക്ക് ശാപമോക്ഷം: ഇനി ഫെനിയുടെ നാളുകള്‍

കശുമാവുകര്‍ഷകരുടെ വര്‍ഷങ്ങളുടെ കാത്തിരിപ്പ് സഫലമാകുന്നു. വെറുതേ കളയുന്ന കശുമാങ്ങയില്‍നിന്ന് വീര്യം കുറഞ്ഞ മദ്യം നിര്‍മ്മിക്കുവാനുള്ള പദ്ധതി ഒടുവില്‍ യാഥാര്‍ത്ഥ്യമാവുകയാണ്. കണ്ണൂർ ഫെനിയെന്നാണ് മദ്യത്തിന്റെ പേര്. കണ്ണൂരിലെ പയ്യാവൂർ സർവീസ് സഹകരണ ബാങ്കാണ് ഉല്പാദകര്‍. നശിച്ചുപോകുന്ന കശുമാങ്ങയ്ക്ക് ഇനി നല്ല വില കിട്ടും. തുടക്കത്തില്‍ കണ്ണൂരിലെ കശുമാവുകര്‍ഷകര്‍ക്കാണ് ഗുണമെങ്കിലും വൈകാതെ കേരളത്തിന്റെ പല ഭാഗങ്ങളിലും ഇതിനു സാധ്യത തെളിയുന്നുണ്ട്. ഒരു കിലോ കശുമാങ്ങയ്ക്ക് ഏതാണ്ട് 100 രൂപയെങ്കിലും കര്‍ഷകര്‍ക്ക് ലഭിക്കുമെന്നാണ് കണക്കുകൂട്ടുന്നത്. അതായത് കശുവണ്ടിക്കര്‍ഷകരുടെ വരുമാനം ഇരട്ടിയാകാന്‍ പോവുകയാണ്.
കശുമാങ്ങയില്‍നിന്ന് ഫെനി എന്ന മദ്യം ഗോവയില്‍നിന്ന് കഴിഞ്ഞ നാല്പതുവര്‍ഷമായി പുറത്തുവരുന്നുണ്ട്. ഈ സാധ്യത പ്രയോജനപ്പെടുത്തിയാല്‍ കേരളത്തിലെ കശുവണ്ടിക്കര്‍ഷകരും രക്ഷപെടുമെന്ന ചിന്തയുമായി ഇറങ്ങിത്തിരിച്ചത് അന്ന് പയ്യാവൂര്‍ പഞ്ചായത്ത് പ്രസിഡന്റും സിപിഐ(എം) നേതാവുമായിരുന്ന വിഎം ജോഷിയാണ്. ഈ പ്രോജക്ടുമായി അദ്ദേഹം അന്നത്തെ മുഖ്യമന്ത്രി ഇ കെ നായനാരെ സമീപിച്ചു. കര്‍ഷകര്‍ക്ക് പ്രയോജനം ചെയ്യുന്ന പരിപാടിയെന്ന നിലയില്‍ മുമ്പോട്ടുപോകാന്‍ നായനാര്‍ പ്രോത്സാഹിപ്പിച്ചു. പിന്നെ അതിനുള്ള പഠനങ്ങളും മറ്റുമായി ജോഷി മുന്നോട്ടുപോയി. പിന്നീട്, അദ്ദേഹം പയ്യാവൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ പ്രസിഡന്റായതോടെ തന്റെ സ്വപ്നം യാഥാര്‍ത്ഥ്യമാക്കാനുള്ള ശ്രമങ്ങള്‍ക്ക് ആക്കംകൂടി. പക്ഷേ, കേരളത്തില്‍ ഇതു ഫലപ്രദമാക്കാനാവാത്തവിധം നിയമക്കുരുക്കുകള്‍ ഏറെയായിരുന്നു. 2016 ല്‍ ബാങ്ക് ഭരണസമിതി ഇത് സംബന്ധിച്ച വിശദമായ പദ്ധതിരേഖ പുതുതായി ഭരണമേറ്റ മുഖ്യമന്ത്രി പിണറായി വിജയനു സമർപ്പിച്ചു. അദ്ദേഹം പ്രത്യേകതാല്‍പര്യം ഇതിലെടുത്തു. പഴങ്ങൾ ഉപയോഗിച്ച് മൂല്യവർദ്ധിതോത്പന്നങ്ങൾ നിർമ്മിക്കുന്നതിനുള്ള നിർദ്ദേശം 2022ലെ സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്തിയതോടെ കണ്ണൂര്‍ ഫെനിയുടെ സാധ്യത വര്‍ദ്ധിച്ചു. ഇതിന്റെ പിന്‍ബലത്തിലാണ് കശുമാങ്ങായിൽനിന്നു മദ്യം ഉത്പാദിപ്പിക്കാൻ പയ്യാവൂർ സർവീസ് സഹകരണ ബാങ്കിന് സർക്കാർ അനുമതി നൽകിയത്. തുടര്‍ന്ന് എക്സൈസ് വകുപ്പിന്റെ അന്തിമാനുമതിയും ലഭിച്ചു. ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സബ്ജക്ട് കമ്മറ്റി കഴിഞ്ഞമാസം അവസാനം ഇതുമായി ബന്ധപ്പെട്ട ചട്ടങ്ങൾ അംഗീകരിച്ചതോടെയാണ് ഫെനി നിര്‍മ്മിക്കാനുള്ള ഒടുവിലത്തെ സാങ്കേതിക കുരുക്കുകളുമഴിഞ്ഞത്.

     200 രൂപയാണ് ഒരു ലിറ്റർ ഫെനിയുടെ ഉത്പാദന ചെലവ് പ്രതീക്ഷിക്കുന്നത്. ബീവറേജ് കോർപറേഷൻ വഴി 500 രൂപ നിരക്കിൽ വില്പന നടത്തിയാൽ കണ്ണൂര്‍ ഫെനി ലാഭകരമാകുമെന്നാണ് കണക്കുകൂട്ടല്‍. പയ്യാവൂരിൽ ബാങ്കിന്റെ ഉടമസ്ഥതയിലുള്ള രണ്ടര ഏക്കർ സ്ഥലത്താണ് ഫെനി ഉത്പാദിപ്പിക്കുക. ഗോവയിൽ നിന്നുമാണ് ഇതിനുള്ള നിർമ്മാണ സാമഗ്രികളും ഇവിടെ എത്തിച്ചിരിക്കുന്നത്. ഗോവയിൽ തോട്ടമുള്ളവർക്ക് 500 രൂപ നൽകിയാൽ ഫെനി ഉത്പാദിപ്പിക്കാനുള്ള ലൈസൻസ് ലഭിക്കും. അവിടെ അത്രയും സിംപിളാണ് കാര്യങ്ങൾ. നിയമതടസ്സങ്ങളുടെ പേരിലാണ് ഇവിടെ തീരുമാനം അനിശ്ചിതമായി നീണ്ടുപോയത്.  എന്തായാലും കണ്ണൂര്‍ ഫെനി  യാഥാര്‍ത്ഥ്യമാകുന്നതോടെ കാര്‍ഷികമേഖല പുത്തനുണര്‍വ്വിലേക്കു കടക്കും.