Menu Close

ഓരോ വീട്ടുമുറ്റത്തും മൃഗസംരക്ഷണ വകുപ്പിന്റെ സേവനം ഉറപ്പാക്കും – മന്ത്രി

എല്ലാവരുടെയും വീട്ടുമുറ്റത്തേക്ക് മൃഗ ഡോക്ടർമാർ ഉൾപ്പെടെയുള്ള മൃഗസംരക്ഷണ വകുപ്പിന്റെ സേവനങ്ങൾ ഉറപ്പാക്കുമെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചു റാണി പറഞ്ഞു. ചെങ്ങന്നൂര്‍ സെന്‍ട്രല്‍ ഹാച്ചറിയുടെ പുലിയൂര്‍ ക്യാംപസില്‍ നിര്‍മിച്ച സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സുകള്‍ ഉള്‍പ്പെടുന്ന ഫ്‌ളാറ്റ് സമുച്ചയത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. വകുപ്പിന്റെ സേവനങ്ങൾ വീടുകളിലേക്ക് കൂടി എത്തിക്കാനായി കേന്ദ്രത്തിൽ നിന്നും അനുവദിച്ച 4.5 കോടി രൂപ വിനിയോഗിച്ച് 29 വാഹനങ്ങൾ 29 ബ്ലോക്കുകളിലായി നൽകിയെന്നും ബാക്കി 129 ബ്ലോക്കുകളിൽ ടെൻഡർ നടപടികൾ പൂർത്തീകരിച്ചതായും മന്ത്രി പറഞ്ഞു. കേരളത്തിൽ ഏറ്റവും കൂടുതൽ കാടക്കുഞ്ഞുങ്ങൾ ഉത്പാദിപ്പിക്കുന്ന ഹാച്ചറിയായി ചെങ്ങന്നൂർ സെൻട്രൽ ഹാച്ചറിയെ ഉയർത്തിക്കൊണ്ടു വരുക എന്ന ലക്ഷ്യമാണ് വകുപ്പിനുള്ളത്. ഹാച്ചറി നവീകരിച്ച് പുതിയ പേരന്റ് സ്റ്റോക്കിനെ കൊണ്ടുവന്ന് കോഴിയുടെയും മുട്ടയുടെയും ഉത്പാദനം കൂട്ടി കോഴികളെ വിരിയിച്ച് കർഷകർക്ക് വളർത്താനായി നൽകണമെന്നും കാര്യക്ഷമമായി തന്നെ ഫാമിന്റെ പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകണമെന്നും നൂറോളം വരുന്ന ഹാച്ചറിയിലെ താൽക്കാലിക ജീവനക്കാരെ സ്ഥിരപെടുത്താനുള്ള നടപടികൾ പൂർത്തീകരണ ഘട്ടത്തിലാണെന്നും മന്ത്രി പറഞ്ഞു.