മഴ നമുക്ക് വരമാണെങ്കിലും മഴക്കാലത്ത് പലകാര്യങ്ങളില്‍ നമ്മുടെ കരുതല്‍ വേണം. അതിലൊന്നാണ് പാമ്പുകളെക്കുറിച്ചുള്ള ജാഗ്രത. കഴിഞ്ഞ അഞ്ചുവര്‍ഷം കൊണ്ട് അഞ്ഞൂറോളം ആളുകള്‍ പാമ്പ് കടിയേറ്റ് മരിച്ചു എന്നാണ് കണക്കുകള്‍ പറയുന്നത്. മഴക്കാലത്തും പറമ്പിലും വീട്ടിലുമായി കയറിയിറങ്ങേണ്ടിവരുന്ന കര്‍ഷകര്‍ നല്ലപോലെ സൂക്ഷിക്കേണ്ടതുണ്ട്.
മഴക്കാലത്ത് വെള്ളക്കെട്ടുകളും നീര്‍ച്ചാലുകളും രൂപപ്പെടുന്നതോടെ പാമ്പുകളുടെ മാളങ്ങളില്‍ വെള്ളം കയറും. അതോടെ അവ മനുഷ്യ വാസമുള്ളയിടങ്ങളിലേക്ക് വരാനുള്ള സാധ്യത കൂടുതലാണ്. പാമ്പുകള്‍ വന്നിരിക്കാന്‍ സാധ്യതയുള്ള സ്ഥലങ്ങള്‍ പ്രത്യേക ശ്രദ്ധയോടെ നീരീക്ഷിക്കണം.
പണിയായുധങ്ങള്‍, കാര്ഷികോല്പന്നങ്ങള്, വളം. വിറക് തുടങ്ങിയവ സൂക്ഷിക്കുന്ന ചെറിയ ഷെഡുകളിലും വീടിനകത്തും ഇവ എത്തിപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ അവിടെയും ശ്രദ്ധിക്കണം.
മഴവെള്ളം നിറയുമ്പോള്‍ കല്ക്കെട്ടുകളുടെ വിടവുകളിലേക്ക് പാമ്പുകള്‍ എത്താനുള്ള സാധ്യത വളരെക്കൂടുതലാണ്. കല്‍ക്കെട്ടുകള്‍, പടികള്‍ തുടങ്ങിയ ഇടങ്ങളില്‍ നല്ല ജാഗ്രത വേണം.
ഷൂസ് പോലുള്ള ചെരിപ്പുകള്‍ക്കുള്ളില്‍ തണുപ്പുതേടിയെത്തുന്ന പാമ്പുകള്‍ ചുരുണ്ടുകൂടി കിടക്കാറുണ്ട്. ശ്രദ്ധിച്ചില്ലെങ്കില്‍ ഇതു വലിയ അപകടത്തിനു കാരണമാവും. ഇഴജന്തുക്കള്‍ ഇല്ലെന്ന് ഉറപ്പാക്കിയതിന് ശേഷം മാത്രം അവ ധരിക്കുക.
നിര്‍ത്തിയിട്ടിരിക്കുന്ന വാഹനങ്ങളുടെ പലഭാഗങ്ങളിലും ഇവ കയറിപ്പറ്റാറുണ്ട്. അതിനാല്‍ അടിഭാഗമടക്കം പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷം വാഹനങ്ങള്‍ സ്റ്റാര്ട്ട്ചെയ്യുക. പ്രത്യേകിച്ച് രാവിലെ വണ്ടിയെടുക്കുമ്പോള്‍ നല്ല ശ്രദ്ധവേണം.
പലപ്പോഴും കൂട്ടിയിട്ട വസ്ത്രങ്ങളുടെ ഇടയില്‍ പാമ്പുകൾ ചുരുണ്ടുകൂടിക്കിടക്കാം. അതിനാല്‍ പാമ്പുവരാന് ഇടയുള്ള സ്ഥലങ്ങളില്‍ വസ്ത്രങ്ങള്‍ കുന്നുകൂട്ടിയിടുന്ന ശീലം ഒഴിവാക്കുക.
പൊഴിഞ്ഞുകിടക്കുന്ന ഇലകള്ക്കടിയിലും മറ്റും തണുപ്പുപറ്റി പാമ്പുകള്‍ കിടക്കാറുണ്ട്. അതിനാല്‍ സൂക്ഷിച്ച് മാത്രം നടക്കുക. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക.
മഴക്കാലത്ത് വീട്ടിനകത്തേക്ക് പാമ്പുകള്‍ പലവിധേനയും ഇഴഞ്ഞെത്താന്‍ സാധ്യതയുണ്ട്. അതിനാല്‍ വീട്ടുപകരണങ്ങള്‍ ഉയര്‍ത്തുമ്പോഴും മറ്റും സൂക്ഷ്മത പാലിക്കുക.
പൊട്ടിയ പ്ലാസ്റ്റിക്ഉത്പന്നങ്ങള്‍, വൈക്കോല്‍ തുടങ്ങി പാമ്പിന് കയറിയിരിക്കാന്‍ കഴിയുന്ന വസ്തുക്കളെല്ലാം നീക്കം ചെയ്യുക.
പാമ്പുകടിയേറ്റയാളെ പരിഭ്രമിക്കാന്‍ ഇടയാക്കാതെ സമാധാനപ്പെടുത്തണം. ശരീരം അനക്കരുത്, സൗകര്യപ്രദമായി ഇരുത്തണം. ബോധം നഷ്ടപ്പെടുന്ന സാഹചര്യത്തില്‍ തറയില്‍ ചരിച്ചുകിടത്തുക. എത്രയും വേഗം ആന്റിവെനം ലഭ്യമായ ആശുപത്രിയില്‍ എത്തിക്കുക. ബ്ലേയ്ഡോ കത്തിയോ ഉപയോഗിച്ച് മുറിവ് വലുതാക്കാൻ ശ്രമിക്കരുത്. മുറിവേറ്റ ഭാഗം മുറുക്കി കെട്ടാനും പാടില്ല. പാമ്പുകടിയേറ്റാല്‍ ഉടനടി ശാസ്ത്രീയചികിത്സ തേടേണ്ടതാണ്.