Menu Close

കുഞ്ഞുകര്‍ഷകര്‍ക്കായി സഹായം പ്രവഹിക്കുന്നു

ഇടുക്കി ജില്ലയിലെ തൊടുപുഴ വെളിയാമറ്റത്തെ ഫാമില്‍ കപ്പയില കഴിച്ച് പതിമൂന്നു പശുക്കള്‍ കൂട്ടത്തോടെ ചത്ത സംഭവത്തില്‍ കേരളത്തിന്റെ കരുതലും തലോടലും. സംസ്ഥാനസർക്കാരിന്റെ മികച്ച കുട്ടി ക്ഷീരകർഷകർക്കുള്ള അവാർഡ് ലഭിച്ച ജോർജിന്റെയും മാത്യുവിന്റെയും പശുഫാമിലേക്ക് സഹായങ്ങള്‍ പ്രവഹിക്കുകയാണ്. മന്ത്രിമാര്‍, രാഷ്ട്രീയനേതാക്കള്‍, സിനിമാപ്രവര്‍ത്തകര്‍, ബിസിനസുകാര്‍ തുടങ്ങി നാടിന്റെ വിവിധ മേഖലകളില്‍നിന്ന് ആളുകള്‍ പിന്തുണയുമായി മുന്നോട്ടുവന്നുകൊണ്ടിരിക്കുന്നു.
സംസ്ഥാനസര്‍ക്കാറിന്റെ വകയായി ഏറ്റവും മികച്ച അഞ്ചു പശുക്കളെ ഇന്‍ഷുറന്‍സ് സഹിതം ജോർജിനും മാത്യുവിനും കൈമാറും. മന്ത്രിമാരായ ജെ. ചിഞ്ചുറാണിയും റോഷി അഗസ്റ്റിനും കുട്ടികളുടെ വീട്ടിലെത്തി അവരെ സാന്ത്വനിപ്പിച്ചശേഷമാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. പശുക്കൾ ചത്തതിനെ ദുരന്തമായിക്കണ്ട് പ്രശ്നം മന്ത്രിസഭയിൽ അവതരിപ്പിക്കുമെന്നും കൂടുതൽ സഹായം നൽകാൻ ശ്രമിക്കുമെന്നും ചിഞ്ചുറാണി പറഞ്ഞു. മിൽമ 45,000 രൂപ കൈമാറി. ഒരു മാസത്തേക്കുള്ള കാലിത്തീറ്റയും നല്‍കും.
മികച്ച കര്‍ഷകന്‍ കൂടിയായ തൊടുപുഴ എംഎല്‍എ പി ജെ ജോസഫ് ഗിര്‍ ഇനത്തില്‍പ്പെട്ട ഒരു പശുവിനെ നല്‍കി.
സിനിമാനടൻ ജയറാമും വീട്ടിലെത്തി അഞ്ചുലക്ഷത്തിന്റെ ചെക്ക് കൈമാറി. പൃഥ്വിരാജ് രണ്ടുലക്ഷം രൂപയും മമ്മൂട്ടി ഒരുലക്ഷം രൂപയും നൽകുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഡീൻ കുര്യാക്കോസ് എം.പി. 20000 രൂപയുടെ ചെക്ക് കൈമാറി.
ലുലുഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി അഞ്ചുലക്ഷം രൂപയുടെ സഹായം നൽകി. ഫെഡറൽ ബാങ്കും സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. കോഴിക്കോട് സാമൂതിരി ഗുരുവായൂരപ്പൻ കോളേജ് എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ ജിബിൻ ബേബി അഞ്ചുപശുക്കളെ വാങ്ങിനൽകുമെന്ന് അറിയിച്ചു. കേരള കർഷകസംഘവും സിപിഐ (എം) ഉം രണ്ടു പശുക്കളെ വാങ്ങിനല്‍കും.
പിതാവിന്റെ മരണത്തോടെയാണ് കുടുംബം പുലർത്താൻ മാത്യു ബെന്നി പതിമൂന്നാം വയസ്സിൽ അമ്മയ്ക്കൊപ്പം പശു ഫാം ആരംഭിച്ചത്. പഠനത്തോടൊപ്പമാണ് മാത്യു പശുക്കളേയും വളർത്തിയത്. 2021 ലെ മികച്ച കുട്ടിക്ഷീര കർഷകനുള്ള അവാർഡ് അടക്കം നിരവധി പുരസ്കാരങ്ങൾ കുറഞ്ഞ സമയത്തിനുള്ളിൽ മാത്യുവിനെ തേടിയെത്തി. 22 പശുക്കളാണ് ഫാമിലുണ്ടായിരുന്നത്. എല്ലാ പശുക്കൾക്കും വിഷബാധ ഉണ്ടായെങ്കിലും സമയോചിതമായ ഡോക്ടർമാരുടെ ഇടപെടൽ കാരണം 9 ഉരുക്കളെ രക്ഷപ്പെടുത്താനായി.
മാത്യുവിന്റെ ഈ മേഖലയോടുള്ള താൽപ്പര്യം മനസ്സിലാക്കി മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പിന്റെ വിവിധ പദ്ധതികളിൽ ഉൾപ്പെടുത്തി പശുവളർത്തലിന് ആവശ്യമായ സഹായങ്ങൾ മുൻകാലങ്ങളിലും ലഭ്യമാക്കിയിട്ടുണ്ടെന്ന് മന്ത്രി ചിഞ്ചുറാണി ഓര്‍ത്തു.
നമ്മുടെ നാട്ടില്‍ കന്നുകാലികളെ ബാധിക്കുന്ന സസ്യജന്യവിഷബാധയില്‍ മുഖ്യമാണ് സയനൈഡ് വിഷബാധ. വിഷസാന്നിധ്യമുള്ള ചെടികള്‍ ആകസ്മികമായി ആഹാരമാക്കുന്നത് വഴിയാണ് പശു, ആട്, എരുമ തുടങ്ങിയ വളര്‍ത്തുമൃഗങ്ങള്‍ക്ക് സയനൈഡ് വിഷമേല്‍ക്കുന്നത്. ഇലകളിലും തണ്ടുകളിലും സയനൈഡ് വിഷം സംഭരിച്ച് വെക്കുന്ന സസ്യങ്ങളില്‍ പ്രധാനിയാണ് മരച്ചീനി.
വളര്‍ത്തുമൃഗങ്ങള്‍ വിഷസസ്യങ്ങള്‍ ധാരാളമായി കഴിക്കുകയോ, വിഷബാധയേറ്റതായി സംശയം തോന്നുകയോ ചെയ്താല്‍ അടിയന്തിര വെറ്ററിനറി സേവനം തേടണം. പറമ്പില്‍ മേയാന്‍ വിടുമ്പോൾ സയനൈഡ് പോലുള്ള വിഷപദാര്‍ത്ഥങ്ങള്‍ അടങ്ങിയ സസ്യങ്ങള്‍ പശുക്കള്‍ കഴിക്കുന്നത് തടയാന്‍ കര്‍ഷകര്‍ ജാഗ്രത പുലര്‍ത്തണം. മരച്ചീനിയില, തണ്ട്, കപ്പ അവശിഷ്ടങ്ങൾ, കപ്പ വാട്ടിയ ബാക്കി വരുന്ന വെള്ളം തുടങ്ങിയവ പശുക്കൾക്ക് തീറ്റയായി നൽകുന്നത് ഒഴിവാക്കണം. ശാസ്ത്രീയമായ തീറ്റരീതികൾ നടപ്പാക്കുന്നതിൽ മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ് ഉദ്യോഗസ്ഥർ നൽകുന്ന നിർദ്ദേശങ്ങൾ കർഷകർ കൃത്യമായി പാലിക്കണമെന്നും മന്ത്രി പറഞ്ഞു.
ചത്തുപോയ പശുക്കൾക്കുപകരം എത്തുന്ന ഓരോ പശുവിനെയും പൊന്നുപോലെ നോക്കുമെന്ന് കുട്ടിക്കർഷകൻ മാത്യു ബെന്നി പറഞ്ഞു. ഇനിമുതൽ ഫാം കൂടുതൽ ലാഭകരമാക്കാനും നല്ലരീതിയിൽ പശുക്കളെ വളർത്താനും മൃഗസംരക്ഷണവകുപ്പിന്റെ നിർദേശങ്ങൾ പാലിക്കുമെന്നും മാത്യു പറഞ്ഞു.