കൃഷിയെ സംബന്ധിച്ച ധാരണകള്‍ തിരുത്തേണ്ട സമയമായിരിക്കുന്നു. ഉള്ള സ്ഥലത്ത് തമ്മിലിണങ്ങുന്ന വിവിധ കൃഷിരീതികള്‍ പ്രയോഗിച്ച് പരമാവധി ആദായം നേടാനാകുമെന്ന് കേരളത്തില്‍ നിരവധി കര്‍ഷകര്‍ ഇതിനകം തെളിയിച്ചിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ രൂപീകരിച്ച പദ്ധതിയാണ് കൃഷിക്കൂട്ടാധിഷ്ടിത ഫാം പ്ലാൻ പദ്ധതി.
കർഷകരുടെ എല്ലാ വിഭവങ്ങളും( വിളകൾ, മൃഗ പരിപാലനം, തേനീച്ച വളർത്തൽ . മത്സ്യം എന്നിവ) സംയോജിപ്പിച്ച് മികച്ച ആസൂത്രണത്തിലൂടെ ഉയർന്ന വരുമാനം ഉറപ്പാക്കുന്ന പദ്ധതിയാണിത്. അതിനായി നിങ്ങളുടെ അടുത്ത കൃഷിഭവനില്‍ അപേക്ഷ നല്‍കണം. നൂതന സാങ്കേതികവിദ്യകള്‍ കൃഷിഭവന്റെ സാങ്കേതിക സഹായത്തോടെ കൃഷിയിടത്തില്‍ സ്വന്തം നിലയിൽ നടപ്പിലാക്കാന്‍ താല്പര്യമുള്ള ചുരുങ്ങിയത് 10 സെന്റ് എങ്കിലും കൃഷിയിടമുള്ള കര്‍ഷകരാണ് അപേക്ഷിക്കേണ്ടത്. ചെറുകിട നാമ മാത്ര (10 cent മുതൽ 5 acre വരെ കൈവശമുള്ള) കർഷകർ , രജിസ്റ്റേർഡ് കൃഷിക്കൂട്ടങ്ങൾ എന്നിവരെയാണ് പരിഗണിക്കുന്നത്. കൃഷിഭവൻ മുഖേന രജിസ്റ്റർ ചെയ്തവരും കൃഷിക്കൂട്ട’ ത്തിൽ അംഗങ്ങൾ ആയവരുമാകണം അപേക്ഷകര്‍. ഈ വർഷം ഓരോ കൃഷിഭവനുകളിൽ നിന്നും 10 പേരെ വീതമാണ് തിരഞെടുക്കുന്നത്. അപേക്ഷകൾ നിശ്ചിത എണ്ണത്തിലും കൂടുതലാവുകയാണെങ്കിൽ അപേക്ഷകരുടെ കാർഷികവൃത്തിയിലെ പ്രാവീണ്യം, ശാസ്ത്രീയകൃഷിയുടെ അവലംബം, യന്ത്രവൽക്കരണം എന്നിവയുടെ അടിസ്ഥാനത്തിൽ മുൻഗണന നിശ്ചയിച്ച് ബ്ളോക്ക് ലെവൽ കമ്മിറ്റി ചേർന്നാണ് തിരഞ്ഞെടുക്കുക.
തെരഞ്ഞെടുക്കപ്പെടുന്ന കൃഷിയിടത്തിലെ ഉല്പാദനത്തിന്റെയും വിപണനത്തിന്റെയും ഒരു അടിസ്ഥാന ആസൂത്രണരേഖ കൃഷിയോഫീസറും മറ്റു കൃഷിവിദഗ്ധരും ചേർന്ന് തയ്യാറാക്കി കര്‍ഷകനു നല്‍കും. തുടര്‍ന്ന് ഏറ്റവും നിര്‍ണായകമായ ഘടകങ്ങള്‍ക്ക് വിവിധ സേവന ഏജൻസികൾ മുഖേന പിന്തുണയും പൂര്‍ണ്ണമായ സാങ്കേതിക സഹായവും ഉറപ്പാക്കും. ഇതിലൂടെ കർഷകന് തൻ്റെ കൃഷിയിടത്തിലേക്ക് ആവശ്യമായ വിവിധ സംരംഭങ്ങളും വിളകളും സാങ്കേതികത്തികവോടെ കൂട്ടിച്ചേർക്കാൻ കഴിയുന്നു.
അപേക്ഷ കൃഷി ഭവനിൽ ലഭിക്കേണ്ട അവസാന തീയതി നവംബർ 5 ആണ്.
- നടപ്പുവർഷത്തെ ഭൂനികുതി രശീത്, 2 .ആധാർ കാർഡ് പകർപ്പ്, 3 .ബാങ്ക് പാസ് ബുക്ക് പകർപ്പ് എന്നിവയാണ് അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ട രേഖകൾ
പുതിയ കാര്‍ഷികസംസ്കാരത്തിലേക്ക് പ്രവേശിക്കുവാനും കൃഷി ചെയ്ത് അന്തസായി ജീവീക്കാനാവുന്നവിധം ആദായകരമാക്കി മാറ്റുവാനും കൃഷിക്കൂട്ടാധിഷ്ടിത ഫാം പ്ലാൻ പദ്ധതി പ്രയോജനപ്രദമാകുമെന്നാണ് കണക്കുകൂട്ടല്‍.