Menu Close

നെല്ല് സംഭരണം ആരംഭിച്ചു, ഇതുവരെ സംഭരിച്ചത് 1791.98 മെട്രിക് ടണ്‍ നെല്ല്

ജില്ലയില്‍ 2023 ഒക്ടോബര്‍ ആദ്യവാരത്തോടെ നെല്ല് സംഭരണം ആരംഭിച്ചതായും ഇതുവരെ 1791.98 മെട്രിക് ടണ്‍ നെല്ല് സംഭരിച്ചതായും പാഡി മാര്‍ക്കറ്റിങ് ഓഫീസര്‍ ജില്ലാ വികസന സമിതി യോഗത്തില്‍ അറിയിച്ചു. 11 മില്ലുകളാണ് നെല്ല് സംഭരിക്കുന്നത്. ജില്ലയില്‍ ആലത്തൂര്‍ താലൂക്കിലാണ് നെല്ല് സംഭരണം ആരംഭിച്ചത്. നെല്ല് സംഭരണത്തിനായി കൃഷി വകുപ്പില്‍ നിന്ന് 18 കൃഷി അസിസ്റ്റന്റുമാരെ പ്രൊക്യുര്‍മെന്റ് അസിസ്റ്റന്റായി നിയമിച്ചിട്ടുണ്ട്. കൂടാതെ സപ്ലൈകോ 20 പേരെ ദിവസവേതനാടിസ്ഥാനത്തിലും നിയമിച്ചിട്ടുണ്ടെന്ന് യോഗത്തില്‍ പാഡി മാര്‍ക്കറ്റിങ് ഓഫീസര്‍ അറിയിച്ചു. ജില്ലയില്‍ 49,730 പേര്‍ നെല്ല് സംഭരണത്തിനായി രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. രജിസ്‌ട്രേഷന്റെ എണ്ണം കൂട്ടാനുള്ള നടപടി സ്വീകരിക്കുന്നതിന് പ്രിന്‍സിപ്പല്‍ അഗ്രികള്‍ച്ചറല്‍ ഓഫീസര്‍ക്ക് എം.എല്‍.എമാരായ കെ.ഡി പ്രസേനന്‍, കെ. ബാബു എന്നിവര്‍ നിര്‍ദേശം നല്‍കി. ആവശ്യമാകുന്ന മുറയ്ക്ക് പ്രൊക്യുര്‍മെന്റ് അസിസ്റ്റന്റുമാരുടെ സേവനം ഉറപ്പാക്കണമെന്ന് കെ. ബാബു എം.എല്‍.എ പറഞ്ഞു.