കേരള ഡിജിറ്റൽയൂണിവേഴ്സിറ്റിയുടെ അംഗീകൃത ഗവേഷണകേന്ദ്രമായി തിരുവനന്തപുരത്തുള്ള കേന്ദ്രകിഴങ്ങുവിളഗവേഷണസ്ഥാപനത്തെ (സി.ടി.സി.ആർ.ഐ) അംഗീകരിച്ചു. യൂണിവേഴ്സിറ്റിയുടെ ബോർഡ് ഓഫ് ഗവർണേഴ്സ് മീറ്റിങ്ങിലാണ് സി.ടി.സി.ആർ.ഐക്ക് അംഗീകാരം നൽകിയത്. സ്ഥാപനത്തിലെ ആറ് ശാസ്ത്രജ്ഞരെ ഡിജിറ്റൽ യൂണിവേഴ്സിറ്റിയുടെ പി.എച്ച്.ഡി.ഗവേഷണ ഗൈഡുമാരായും അംഗീകരിക്കാൻ യൂണിവേഴ്സിറ്റി തീരുമാനിച്ചു. സി.ടി.സി.ആർ.ഐ ഡയറക്ടർ ഡോ. ജി. ബൈജു, ശാസ്ത്രജ്ഞരായ ഡോ. ടി. മകേഷ്കുമാർ, ഡോ. ജെ. ശ്രീകുമാർ, ഡോ. വി. എസ്. സന്തോഷ് മിത്ര, ഡോ. പി. എസ്. ശിവകുമാർ, ഡോ. എം. സെന്തിൽകുമാർ എന്നിവർക്കാണീ അംഗീകാരം.
കംപ്യൂട്ടർ മോഡലിംഗ്, ബയോഇൻഫൊർമാറ്റിക്സ്, ജീനോമിക് സ്റ്റഡീസ്, ക്ലൈമറ്റ് മോഡലിംഗ് തുടങ്ങി കാര്ഷികഗവേഷണത്തിലുപയോഗിക്കുന്ന വിവിധ ഡിജിറ്റൽ സാങ്കേതികവിദ്യകളിൽ യൂണിവേഴ്സിറ്റിയിലെ പി. എച്ച്. ഡി. വിദ്യാത്ഥികൾക്ക് സി.ടി.സി.ആർ.ഐ യിൽ ഗവേഷണം നടത്തുന്നതിനും സൗകര്യമൊരുക്കുമെന്ന് ഡോ. ജി. ബൈജു പറഞ്ഞു.