ഓണക്കാലത്ത് നാടെങ്ങും ശ്രദ്ധേയമായ പൂകൃഷിക്ക് ശേഷം ‘നട്ടുനനച്ച് പച്ചക്കറിയ്ക്കൊപ്പം കാട്ടാക്കട’ എന്ന പേരിൽ സമഗ്ര പച്ചക്കറി കൃഷിയിലേക്ക് ചുവടുറപ്പിക്കുകയാണ് കാട്ടാക്കട മണ്ഡലം.പള്ളിച്ചൽ പഞ്ചായത്തിലെ കൊറണ്ടിവിളയിൽ സംഘടിപ്പിച്ച മണ്ഡല തല പച്ചക്കറി നടീൽ ഉത്സവം കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്തു.കാട്ടാക്കട മണ്ഡലത്തിൽ തുടക്കം കുറിക്കുന്ന ഈ പദ്ധതിയും പൂകൃഷി പോലെ കാർഷിക മേഖലയിലെ ശ്രദ്ധേയമായ മറ്റൊരു മാതൃകയാക്കി മാറ്റണമെന്നും പച്ചക്കറി കൃഷിയിൽ കേരളത്തിന് വളരെയേറെ മുന്നോട്ട് പോകാനുണ്ടെന്നും അതിന് കൂട്ടായ പരിശ്രമം ആവശ്യമാണെന്നും മന്ത്രി പറഞ്ഞു.
മണ്ഡലത്തിൽ 2022-ൽ അഞ്ച് ഏക്കറിൽ ആരംഭിച്ച പൂകൃഷി ഇത്തവണത്തെ ഓണക്കാലത്ത് 64 ഏക്കറോളം വിപുലപ്പെടുത്തിയിരുന്നു.ഈ പൂപ്പാടങ്ങളെല്ലാം അടുത്ത ഓണക്കാലം വരെ എങ്ങനെ ഉപയോഗപ്പെടുത്താമെന്ന ആലോചനയിൽ നിന്നാണ് സമഗ്ര പച്ചക്കറി കൃഷി എന്ന ആശയത്തിലെത്തിയത്.ഇതിന്റെ ഭാഗമായി മണ്ഡലത്തിലെ ഗ്രാമപഞ്ചായത്തുകളായ പള്ളിച്ചൽ,മാറനല്ലൂർ,മലയിൻകീഴ്,വിളപ്പിൽ, വിളവൂർക്കൽ,കാട്ടാക്കട എന്നിവിടങ്ങളിലായി പൂകൃഷി ചെയ്തിരുന്ന കൃഷിയിടങ്ങൾ ഉൾപ്പടെ 170 ഏക്കർ ഭൂമി ഗ്രാമപഞ്ചായത്തുകളുടെയും കൃഷി ഓഫീസർമാരുടെയും നേതൃത്വത്തിൽ പദ്ധതിയ്ക്കായി കണ്ടെത്തുകയായിരുന്നു.അതത് പ്രദേശത്തെ ഭൂപ്രകൃതിയും മണ്ണിന്റെ ഘടനയും മനസിലാക്കി അവയ്ക്കനുയോജ്യമായരീതിയിൽ കൃഷി ചെയ്യുന്നതിനായി തയാറാക്കിയ കാർഷിക കലണ്ടറിന്റെ പ്രകാശനവും മന്ത്രി ചടങ്ങിൽ നിർവഹിച്ചു.
പദ്ധതി നടപ്പിലാക്കുന്നതിനായി വിവിധ വകുപ്പുകളുടെ സഹകരണത്തോടെ വിപുലമായ യോഗങ്ങൾ സംഘടിപ്പിച്ച് ഒരു മാസ്റ്റർ പ്ലാൻ തയ്യാറാക്കിയിട്ടുണ്ടെന്നും ഇതിന്റെ അടിസ്ഥാനത്തിലാകും പച്ചക്കറി കൃഷി നടപ്പാക്കുകയെന്നും ഐ.ബി.സതീഷ് എം.എൽ.എ പറഞ്ഞു.