ഓരോതവണ മഴ വരുമ്പോഴും മലയാളികള്‍ അടുത്തനാളായി കേള്‍ക്കുന്ന മുന്നറിയിപ്പുകളില്‍ നിരന്തരം കടന്നുവരുന്നവയാണ് അലര്‍ട്ടുകള്‍. എന്താണ് അവയെന്ന് പലര്‍ക്കും നിശ്ചയമില്ല. ജനങ്ങള്‍ പൊതുവെയും കര്‍ഷകര്‍ പ്രത്യേകിച്ചും അറിഞ്ഞിരിക്കേണ്ടതാണിത്.
കാലാവസ്ഥ, മറ്റു കരുതിയിരിക്കേണ്ട കാര്യങ്ങള്‍ എന്നിവയ്ക്കുമുന്‍പ് അതു ബാധിക്കാന്‍ സാധ്യതയുള്ള പ്രദേശത്തിന് മൂന്നുതരത്തിലുള്ള അലര്‍ട്ടുകളാണ് നല്‍കുന്നത്. യെല്ലോ, ഓറഞ്ച്, റെഡ് എന്നിവയാണ് ഇവ.
യെല്ലോ അലർട്ട്
മുന്നറിയിപ്പുകളില്‍ ഏറ്റവും ആദ്യത്തേതാണ് യെല്ലോ അലര്‍ട്ട്. ‘കാലാവസ്ഥ പ്രതികൂലമായിരിക്കുന്നു തയാറായിരിക്കണം’ എന്നാണ് യെല്ലോ അലര്‍ട്ട് നല്കുന്ന സന്ദേശം. മഴയുടെ ശക്തി കൂടിവരുന്നതായി മനസ്സിലാകുമ്പോള്‍ ഈ ജാഗ്രതാനിർദ്ദേശം നല്കുന്നു. മഴയുടെ അളവ് 64.4 മുതൽ 124.4 മില്ലി മീറ്റർ വരെയാകുമ്പോഴാണ് ഇതുചെയ്യുക. യെല്ലോഅലര്‍ട്ട് കേട്ടതുകൊണ്ട് ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ല. പക്ഷേ, ജാഗ്രത പാലിക്കണം. നിര്‍ദേശങ്ങള്‍ക്കനുസരിച്ചാകണം പിന്നുള്ള ഓരോനീക്കവും.
ഓറഞ്ച് അലർട്ട്
അവസ്ഥ വളരെ മോശമാണ് ഏതുസമയത്തും പ്രതികൂല സാഹചര്യങ്ങള്‍ ഉണ്ടാകാമെന്ന മുന്നറിയിപ്പാണ് ഓറഞ്ച്അലര്‍ട്ട്. ദുരിതബാധിതമേഖലകളിലെ ആളുകള്‍ക്കു സ്വയം തയാറായിരിക്കാനായി പുറപ്പെടുവിക്കുന്ന രണ്ടാംഘട്ട മുന്നറിയിപ്പാണിത്. ഓറഞ്ച്അലര്‍ട്ട് പ്രഖ്യാപിച്ചാല്‍ ഏതു സമയവും പ്രദേശം വിട്ടുപോകാന്‍ ആളുകള്‍ തയാറായിരിക്കണം. 124.5 മുതൽ 244.4 മില്ലീമീറ്റർ വരെ മഴ ലഭിക്കുമ്പോഴാണ് ഓറഞ്ച്അലർട്ട് നല്‍കുന്നത്. ഈ മേഖലകളിൽ മണ്ണിടിച്ചിലിനും ഉരുൾപ്പൊട്ടലിനും സാധ്യതയുള്ളതിനാൽ വഴിയോരങ്ങളിലെ ജലാശയങ്ങളിൽ ഇറങ്ങുന്നതും കുളിക്കുന്നതും അധികൃതര്‍ വിലക്കാറുണ്ട്. ഉരുൾപൊട്ടൽ സാധ്യതയുള്ളതിനാൽ കഴിവതും മലയോരമേഖലകളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നും നിർദ്ദേശിക്കും.
റെഡ് അലര്‍ട്ട്
കാലാവസ്ഥ പ്രതികൂലമായിരിക്കുമ്പോള്‍ നല്കുന്ന മുന്നറിയിപ്പുകളില്‍ ഏറ്റവും ഒടുവിലത്തേതാണ് റെഡ്അലര്‍ട്ട്. ഇതു ലഭിച്ചാലുടന്‍ ദുരിതബാധിതമേഖലയില്നിന്ന് നിര്‍ദ്ദേശിക്കപ്പെട്ട സുരക്ഷിത സ്ഥാനങ്ങളിലേക്ക് ആളുകള്‍ മാറേണ്ടതാണ്. 24 മണിക്കൂർ തുറന്നുപ്രവർത്തിക്കുന്ന കൺട്രോൾറൂമുകൾ ഈ മേഖലകളിൽ ഉണ്ടാകും. 244.4 മില്ലിമീറ്ററിനു മുകളിൽ മഴ ലഭിക്കുന്ന മേഖലകളിലാണ് റെഡ്അലർട്ട് പ്രഖ്യാപിക്കുന്നത്. മണ്ണിടിച്ചിലും ഉരുൾപൊട്ടലും ഉണ്ടാകാനിടയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ ഏതു സമയത്തായാലും അധികൃതർ നൽകുന്ന നിർദേശങ്ങൾക്കനുസരിച്ച് സുരക്ഷിതസ്ഥാനങ്ങളിലേക്കു മാറിത്താമസിക്കണം.
ഈ സമയം മലയോരമേഖലകളിലേക്കുള്ള യാത്രകള്‍ക്ക് പൂർണമായും നിരോധനമേര്‍പ്പെടുത്തും. റെഡ്അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന മേഖലകളിൽ ടൂറിസ്റ്റുകളെ പ്രവേശിപ്പിക്കില്ല. വഴിയരികിലുള്ള അരുവികളിലോ പുഴകളിലോ ഇറങ്ങരുത്. സഞ്ചാരികളെ ഒഴിവാക്കി ഹിൽസ്റ്റേഷനുകളും റിസോർട്ടുകളും അടക്കണം. തീരപ്രദേശങ്ങളിലെയും താഴ്ന്ന പ്രദേശങ്ങളിലെയും ജനങ്ങള്‍ ഏതുനിമിഷവും മാറിത്താമസിക്കാന്‍ സന്നദ്ധരായിരിക്കണം.
2018 ആഗസ്റ്റിലെ വെള്ളപ്പൊക്കക്കാലത്തെ അലര്‍ട്ട് നിര്‍ദ്ദേശങ്ങള്‍ പരിചയപ്പെടുന്നത് ഈ ജാഗ്രതാനിര്‍ദ്ദേശങ്ങള്‍ വ്യക്തമായി മനസ്സിലാകാന്‍ സഹായിക്കും. അന്ന് ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2395 അടി കടന്നപ്പോഴാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. അത് ഒരു ജാഗ്രതാ മുന്നറിയിപ്പ് മാത്രമായിരുന്നു. 2399 അടിയില്‍ വെള്ളമെത്തിയ സമയത്ത് റെഡ്അലർട്ട് പ്രഖ്യാപിച്ചു. സാധാരണ 2340 അടിയിലെത്തുമ്പോഴാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിക്കുക. എന്നാല്‍ മുല്ലപ്പെരിയാര്‍ ഡാം നിറഞ്ഞു നില്ക്കുന്ന സാഹചര്യത്തില്‍ സുരക്ഷ മുന്‍നിര്‍ത്തി അന്ന് റെഡ് അലര്‍ട്ട് നേരത്തേ പ്രഖ്യാപിക്കാന്‍ തീരുമാനിച്ചു. ഇത്തരത്തില്‍ അപകടസാധ്യത തീവ്രമാകുന്ന സമയത്ത് വിവേചനബുദ്ധിയോടെ അലര്ട്ട്ക്രമങ്ങളില് മാറ്റംവരുത്തുവാന്‍ കാലാവസ്ഥാവിഭാഗം നിര്‍ബന്ധിതരാകും. ജനങ്ങള്‍ അച്ചടക്കത്തോടെ അതുപാലിക്കേണ്ടത് ദുരന്തങ്ങള്‍ ഒഴിവാക്കാന്‍ അത്യാവശ്യമാണ്.