മാതൃകാകൃഷിയിടങ്ങള്‍ സ്ഥാപിക്കുന്നതിനായി കൃഷിഭവനുകള്‍ അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.
സജീവമായി കൃഷിയിലുള്ള കര്‍ഷകര്‍ക്ക് ഇതിനു ശ്രമിക്കാവുന്നതാണ്.
കൃഷിയിടത്തിന്റെ നിലവിലുള്ള അവസ്ഥ മനസ്സിലാക്കി കൃഷിയിടത്തില്‍ നിന്നുള്ള വരുമാനം 5 വര്‍ഷം കൊണ്ട് ഇരട്ടിയാക്കുക എന്നതാണ് ഫാംപ്ലാന്വികസന സമീപനത്തിന്റെ ലക്ഷ്യം. വിളകൾക്കുമാത്രം സഹായം നൽകുന്ന സമീപനത്തിൽനിന്നു മാറി, കൃഷിയിടത്തിന്റെ സമഗ്രവികസനത്തിനാണ് ഈ പദ്ധതിയില്‍ കൃഷിവകുപ്പ് ഊന്നല്‍ നല്‍കുന്നത്. ഒരു കൃഷിഭവനു കീഴിൽ 10 കർഷകരെ ഇതിനായി തിരഞ്ഞെടുക്കും. പത്ത് സെന്റുമുതൽ രണ്ട് ഏക്കർവരെ കൃഷിയോഗ്യമായ ഭൂമിയുള്ള പതിവായി കൃഷിചെയ്യുന്ന കർഷകരെയാണ് തിരഞ്ഞെടുക്കുക. വിത്ത് സംഭരണംമുതൽ വിപണനംവരെയുള്ള കാര്യങ്ങളിൽ കൃഷിവകുപ്പ്, കാർഷിക സർവകലാശാല എന്നിവയുടെ വിദഗ്ധോപദേശങ്ങളും സാങ്കേതികസഹായവും ലഭ്യമാക്കും
2022-23 സാമ്പത്തികവര്‍ഷത്തില്‍ ആരംഭിച്ച കൃഷികൂട്ടാധിഷ്ഠിത എഫ് പി ഓകള്‍ക്ക് ഉത്പന്നവികസനം, സമാഹരണം, വിപണനപ്രവര്ത്തനങ്ങള്, അടിസ്ഥാനസൗകര്യവികസനം എന്നിവയ്ക്കായി ഈവര്‍ഷവും സാമ്പത്തികസഹായം നല്‍കുന്നതാണ്. കൂടാതെ ഈ എഫ് പി ഓകള്‍ക്ക് ചെറുകിടയന്ത്രങ്ങള്‍ വാങ്ങുന്നതിനും സബ്സിഡി നല്കുന്നു. കേരളഗ്രോ ബ്രാന്‍ഡ് റീറ്റെയ്ല്‍ ഔട്ട്ലെറ്റ്, ഫാംപ്ലാന്‍ പ്രീമിയം ഔട്ട്ലെറ്റ് തുടങ്ങിയ പദ്ധതികള്‍ക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് അതാത് കൃഷിഭവനുകളുമായി ബന്ധപെടുക.