Menu Close

പത്താമുദയം. നമ്മുടെ നടീലുത്സവം. അതിനുപിന്നിലെ രഹസ്യമെന്ത്?

ഈ വര്‍ഷം നാളെയാണ് (ഏപ്രില്‍ 23) പത്താമുദയം. പരമ്പരാഗത കാര്‍ഷികകലണ്ടറിലെ നടീല്‍ദിവസമാണിത്. മേടപ്പത്ത് (മേടം പത്ത്) എന്നും ഇതിനു ചിലസ്ഥലത്തു വിളിപ്പേരുണ്ട്. വിത്തുവിതയ്ക്കുന്നതിനും തൈകള്‍ നടുന്നതിനും അനുയോജ്യമായ നേരമായി ഈ ദിവസത്തെ പഴമക്കാര്‍ കരുതിപ്പോന്നു.
എന്താണ് പത്താമുദയത്തിനു പിന്നിലെ അടിസ്ഥാനം?
ദക്ഷിണായനരേഖയിൽനിന്ന് വടക്കോട്ടുയാത്രചെയ്യുന്ന ഉത്തരായണസമയത്ത് സൂര്യന്‍ ഭൂമദ്ധ്യരേഖക്കു നേരേമുകളിൽ വരുന്ന ദിവസമാണ് വസന്തവിഷു. രാവും പകലും തുല്യമായി വരുന്ന ദിവസം. തുടർന്നു വരുന്ന മേട വിഷുസംക്രമമാണ് പത്താമുദയം. അതായത് വിഷു തൊട്ടുള്ള പത്താംദിവസം. ഉത്തരാർദ്ധഗോളത്തിൽ കഴിയുന്ന നമ്മെ സംബന്ധിച്ചിടത്തോളം ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടുന്ന ദിവസങ്ങളിലൊന്നാണിത്. ഭാരതീയജ്യോതിശാസ്ത്രത്തില്‍ മേടം സൂര്യന്റെ ഉച്ചരാശിയാണ്. മേടം 10 അതിന്റെ അത്യുച്ചവും. അതുകഴിഞ്ഞുള്ള ദിവസങ്ങള്‍ ഉച്ചയില്‍ നിന്നുള്ള ഇറക്കമാണ്. ഉഷ്ണകാലത്തിന്റെ പരമദശയായ മേടം പത്തിന് തൈകൾ നട്ടാൽ തുടർന്നുള്ള ദിവസങ്ങളിൽ ചൂട് കുറഞ്ഞ്, ക്രമേണ മഴക്കാലത്തിലേക്കു പ്രവേശിക്കും. പിന്നെ ഇടവപ്പാതിയുടെ കാലമാണ്. അതായത്, പത്താമുദയത്തിനു തൈ നട്ട് ആദ്യദിവസങ്ങളിൽ ചെറുതായി നനച്ചുകൊടുത്താൽ അതു മണ്ണിൽ പിടിക്കുമ്പോഴേക്ക് മഴ വരും. ഇത് നമ്മുടെ കാരണവര്‍മാര്‍ കൃത്യമായി മനസ്സിലാക്കിയിരുന്നു. അതുകൊണ്ടാണ് പത്താമുദയത്തിന് പത്തുതൈയെങ്കിലും നടണമെന്ന പഴഞ്ചൊല്ലുണ്ടായത്. തെങ്ങിന്‍തൈയും വാഴക്കന്നും നട്ട് വെള്ളം കോരണമെന്ന പരമ്പരാഗത കൃഷിയറിവിനു പിന്നിലും ഈ പ്രകൃതിനീരീക്ഷണമായിരുന്നു.
ഇന്ന് നമ്മുടെ കാലാവസ്ഥയില്‍ ഗണ്യമായ മാറ്റം വന്നിട്ടുണ്ട്. ആഗോളതലത്തിലുണ്ടായ കാലാവസ്ഥാവ്യതിയാനം നമ്മുടെ കാര്‍ഷികകലണ്ടറിനെയും തകിടം മറിച്ചിട്ടുണ്ട്. എന്നിരുന്നാലും യുക്തിബോധത്തോടെ ചിന്തിച്ച് ചില ക്രമീകരണങ്ങള്‍ ചെയ്തുകൊണ്ട് പത്താമുദയത്തെയും നമുക്ക് കൃഷിയുടെ ഉത്സവമാക്കിമാറ്റാനാകും. പത്താമുദയസമയത്ത് നടേണ്ട ചില വിളകളും അതിന്റെ പരിപാലനവും:

തെങ്ങ് – നല്ല സൂര്യപ്രകാശം ലഭിക്കുന്ന നീര്‍വാര്‍ച്ചയുള്ള സ്ഥലമാണ് തെങ്ങിന്‍ തൈ നടാന്‍ തിരഞ്ഞെടുക്കേണ്ടത്. ചാണകപ്പൊടിയും ചാരവും വളമായി ഉപയോഗിക്കാം. ഉറച്ച മണ്ണുള്ള പ്രദേശങ്ങളില്‍ ഉപ്പിടുന്നത് മണ്ണിനയവുവരാനും വേരോട്ടം സുഗമമാക്കാനും സഹായിക്കും.
വാഴ – 50 സെന്‍റീമീറ്റര്‍ നീളവും ആഴവും വീതിയും ഉള്ള കുഴിയിലാണ് കന്നുകള്‍ നടേണ്ടത്.
ഇഞ്ചി- കിളച്ച് 25 സെന്‍റീമീറ്റര്‍ ഉയരത്തില്‍ തടം എടുക്കണം. തടത്തില്‍ ചെറിയ കുഴികള്‍ എടുത്ത് ഇഞ്ചി നടണം. ചാണകപ്പൊടിയുടെ കൂടെ വേപ്പിന്‍ പിണ്ണാക്ക് മിശ്രിതം ഇട്ടാല്‍ കീടങ്ങളെ അകറ്റാം.
ചേന- 90 സെന്‍റീമീറ്റര്‍ അകലത്തില്‍ കുഴിയെടുത്താണ് ചേന നടേണ്ടത്. കമ്പോസ്റ്റോ ചാണകപ്പൊടിയോ വളമായി ഉപയോഗിക്കാവുന്നതാണ്.
ചേമ്പ്- 40 സെന്‍റീമീറ്റര്‍ ചതുരത്തില്‍ 20 സെന്‍റീമീറ്റര്‍ ആഴത്തില്‍ കുഴിയെടുത്ത് കരിയിലയും ചാണകപ്പൊടിയും നിറച്ച് ചേമ്പുനടാവുന്നതാണ്.
കാച്ചില്‍ – കുഴിയുടെ നടുക്കായി വാഴപ്പിണ്ടിനാട്ടി എല്ലുപൊടിയും ചാണകവും വേപ്പിന്‍പിണ്ണാക്കും ചേര്‍ന്ന മിശ്രിതമിട്ട് കുഴിനിറച്ച് കാച്ചില്‍ നല്ല രൂപത്തില്‍ വളരുന്നതാണ്. മഞ്ഞള്‍ – വിത്ത് നട്ടശേഷം ഓരോ കുഴിയിലും ഉണങ്ങിയ ചാണകപ്പൊടി ഇട്ടുകൊടുക്കണം.
മരച്ചീനി, കൂര്‍ക്ക, മധുരക്കിഴങ്ങ് എന്നിവ ചാലുകീറി അതില്‍ ചവറുനിറച്ചു മൂടിയതിനു ശേഷം തണ്ടു മുറിച്ചുനടുന്നത് നല്ലതാണ്.