സോഷ്യൽമീഡിയയിൽ ഒരുപക്ഷേ, ഏറ്റവുമധികംപേർക്കു പരിചയമുള്ള ഒരു ഇന്‍ഫ്ലുവന്‍സറാണ് കുമിളിയിലെ ബിൻസി. കഠിനജീവിതത്തിന്റെ മുൾപ്പാതകളിലൂടെ സഞ്ചരിച്ച ബിന്‍സിയുടെ ഫേസ്ബുക്കെഴുത്തുകള്‍ക്ക് എന്നും വായനക്കാരുണ്ട്. ബിന്‍സി മൂന്നുവര്‍ഷം മുമ്പെഴുതിയ ഒരു പോസ്റ്റ് ഇന്ന് ശ്രദ്ധയില്‍പ്പെട്ടു. അതിനെക്കുറിച്ചാണ് ഈ കുറിപ്പ്.
കൃഷിയെക്കുറിച്ച് നമുക്കിടയിലുള്ള പല തെറ്റുധാരണകള്‍ക്കും കൃഷിയോടുള്ള നമ്മുടെ സമീപനത്തിനും മറുപടിയാണ് അവരുടെ ഈ പോസ്റ്റ് എന്നെനിക്കു തോന്നുന്നു. ഒരുതുണ്ട് കൃഷിഭൂമിപോലും സ്വന്തമായില്ലാതെ, പാട്ടത്തിനു കൃഷിചെയ്തും തൊഴിലുറപ്പുപണിയില് ഏര്‍പ്പെട്ടും ബിൻസിയും ഭർത്താവും മൂന്നു മക്കളുമടങ്ങിയ കുടുംബം തുടങ്ങിയ യാത്ര ഇന്ന് കൃഷിയിൽനിന്ന് ഭേദപ്പെട്ട ഒരു ജീവിതം സാധ്യമാണെന്ന ജീവിക്കുന്ന തെളിവായി മാറിയിരിക്കുകയാണ്. കൃഷിയെന്നാൽ ഏകവിളാധിഷ്ഠിതമല്ലെന്നും അതു വിജയിക്കാൻ മൃഗസംരക്ഷണവുംകൂടി സംയോജിപ്പിക്കണമെന്നും ബിസിന്യെന്ന കര്‍ഷകയുടെ കന്നുകാലിപരിപാലനം നമ്മോടുപറയുന്നു. ഉത്പന്നങ്ങൾ മധ്യവർത്തികളില്ലാതെ വിൽക്കണമെന്നും അധികംവരാൻ സാധ്യതയുള്ളവ മൂല്യവർധിതോത്പന്നങ്ങളാക്കി മാറ്റണമെന്നും കൃഷിയിടംതന്നെ വിപണിയാക്കണമെന്നും ഒക്കെയുള്ള പാഠങ്ങൾ കൃഷിയിലേക്ക് വരുന്ന തുടക്കക്കാർക്ക് ബിൻസിയിൽനിന്നു പഠിക്കാവുന്നതാണ്. സർക്കാർപദ്ധതികളുടെ നടത്തിപ്പില്‍ ഗുണഭോക്തൃ തെരഞ്ഞെടുപ്പില്‍ സാധാരണയുണ്ടാകുന്ന പാളിച്ചകളും ഈ എഴുത്തിൽ വായിക്കാം. എല്ലാറ്റിനുമുപരി, ‘എല്ലാം നല്ലതിനാണ്’ എന്ന ശുഭചിന്ത ഈ പോസ്റ്റ് മുന്നോട്ടുവയ്ക്കുന്നു. ഒപ്പം, ”വച്ചകാൽ പിന്നോട്ടില്ല’ എന്ന നിശ്ചയദാര്‍ഢ്യവും. സാമ്പത്തികവെല്ലുവിളികൾ നേരിടുന്ന കുടുംബങ്ങൾക്ക് വെറും 15000 രൂപപോലും എത്ര വലിയ തുകയാണെന്നതും ഈ എഴുത്ത് നമ്മെ ഒരുവേള ചിന്തിപ്പിക്കും.
ബിൻസിയെക്കാൾ സാമ്പത്തികസ്രോതസ്സ് ഉണ്ടായിട്ടും ആയിരക്കണക്കിന് കർഷകർക്ക് കൃഷിയിൽ വിജയിക്കാൻ കഴിയാതെ പോകുന്നതെന്തുകൊണ്ടാണ് എന്നു വിലയിരുത്താന്‍ നാം ബിൻസിയുടെ ഈകുറിപ്പ് വായിക്കണം. ദീർഘവീക്ഷണം, ആസൂത്രണം, കുടുംബാധ്വാനം, അവസരങ്ങൾ പ്രയോജനപ്പെടുത്താനുള്ള കഴിവ്, മനോഭാവവും ഇതൊക്കെയാണ് ഒരാളെ കൃഷിയിൽ വിജയിയാക്കുന്നത്. മറ്റുള്ളവർക്ക് സുരക്ഷിതഭക്ഷണം നൽകാൻ കഴിയുന്നത് ഒരു ചെറിയ കാര്യമല്ല. ബിൻസിയ്ക്കും കുടുംബത്തിനും ഭാവുകങ്ങൾ നേര്‍ന്നുകൊണ്ട് ആ കുറിപ്പ് ഞാനിവിടെ പങ്കുവയ്ക്കുന്നു.
ബിൻസി എഴുതുന്നു…….
” സന്തോഷമുണ്ടാകുമ്പോൾ അതു വന്നവഴിയെക്കുറിച്ച് ഞാൻ പുറകോട്ടു ചിന്തിക്കും. ജീവിതത്തിലുണ്ടായിട്ടുള്ള നല്ലതും ചീത്തയും ഒന്നും മറന്നിട്ടില്ല. മറക്കാൻ പറ്റുന്നതൊന്നുമല്ല കഴിഞ്ഞ മൂന്നര വർഷമായി ജീവിതത്തിൽ നടന്നിട്ടുള്ളതും..
പശുവളർത്തൽ…. ഇല്ല, എന്റെ ചിന്തയിൽ അങ്ങനൊരു കാര്യമേയില്ല. പുല്ലുചെത്തണം, ചാണകം വാരണം, പ്രസവം നോക്കണം, കറക്കണം.. എന്റമ്മോ, ആർക്കു പറ്റും!
അങ്ങനെയിരിക്കുന്ന സമയത്താണ് ഒരു ഓഡിറ്റിന്റെ ഭാഗമായി പീരുമേട് കൃഷിവകുപ്പ് ADA യെ (പഴയത്) കാണാനും സംസാരിക്കാനും ഇടയായത്. മേഡം എന്നോടു പറഞ്ഞു. “ബിൻസീ, ബിൻസിക്ക് പശുവൊഴികെ മറ്റെല്ലാമുണ്ട്. ഒരു പശുവിനെക്കൂടെ വാങ്ങുകയാണെങ്കിൽ, ആത്മയുടെ സമ്മിശ്രകൃഷിക്കുള്ള ഒരു സ്ക്കീം ഉണ്ട്, 50000 രൂപ തരാം. ബിൻസിക്കത് പ്രയോജനപ്പെടും”. (അന്നെന്റെ മനസിൽ പശുവളർത്തൽ എന്നൊരു ചിന്തയേയില്ല. മാത്രമല്ല, ജീവിതത്തിൽ അതു ചെയ്യുകയില്ലെന്ന ശപഥവും).
എന്തായാലും 50000 രൂപ കിട്ടുന്ന കാര്യമല്ലേ, ഒരു പശുവിനെ എങ്ങനേയും വാങ്ങണം. ഒരു രൂപ കയ്യിലില്ല. കൃഷിയിലേക്കിറങ്ങി തെണ്ടി കുത്തുപാളയെടുത്തിരിക്കുന്ന സമയം. എങ്കിലും പ്രതീക്ഷ വിട്ടില്ല. അന്വേഷിച്ചു കൊണ്ടേയിരുന്നു.
ആസമയത്ത് പെരിയാർ വള്ളക്കടവിൽ ലിസിച്ചേച്ചിക്ക് രണ്ടു കിടാക്കളെ കൊടുക്കാനുണ്ടെന്നറിഞ്ഞു. മൂത്തയാൾ 2 മാസം ചെന, ഇളയവൾ (പൊന്നി) ചെറിയ കിടാവാണ്. രണ്ടുപേർക്കുംകൂടെ 40000 രൂപ. ഓരോരുത്തർക്കാണേൽ മൂത്തവൾക്ക് 25000, ഇളയവൾക്ക് 15000.. കിണഞ്ഞുപരിശ്രമിച്ചു.
എങ്ങനെയെക്കെയോ 15000 ഉണ്ടാക്കി നമ്മുടെ പൊന്നിയെയിങ്ങ് കൊണ്ടുപോന്നു. (ഇന്നോർക്കുമ്പോൾ നഷ്ടബോധം തോന്നുന്നു. രണ്ടുപേരേയും വാങ്ങാൻ പറ്റിയിരുന്നെങ്കിൽ.. )
എന്തായാലും പൊന്നിയെ വാങ്ങിവന്നപ്പോഴേക്കും ADA മേഡം സ്ഥലം മാറിപ്പോയിരുന്നു. പിന്നത് ഞങ്ങളുടേത് പാട്ടസ്ഥലം എന്നപേരിൽ കിട്ടാതെപോയി. ആ അതെന്തേലുമാട്ട്, അതല്ലല്ലോ നമ്മുടെ വിഷയം, പക്ഷേ, അതാണ് ഇത്രയും മക്കളുടെ അമ്മയാവാൻ എനിക്കുണ്ടായ ഭാഗ്യവും.
അങ്ങനെ എന്റെ പൊന്നിയെ തലയിൽവെച്ചാൽ പേനരിക്കുമോ തറയിൽവച്ചാൽ ഉറുമ്പരിക്കുമോ എന്നുകരുതി ആ ചെളിയിലിട്ടു വളർത്തി. (കൂടുണ്ടാക്കാൻ കാശില്ലല്ലോ. എന്റെ കൊച്ച് ഒരുപാടുകഷ്ടപ്പെട്ടു. കണ്ണുനിറയുന്നു)
എന്തായാലും എന്റെ കൊച്ച് വളർന്നുവലുതായി, കുത്തിവയ്പ്പിച്ചു. കൃത്യം 9-ാം മാസം ഞങ്ങൾക്കൊരു മണിക്കുട്ടിയെത്തന്നു. ആ സന്തേഷത്തിനതിരില്ലായിരുന്നു..
എന്റെ പൊന്നിയോടും മണിക്കുട്ടിയോടുമുള്ള സ്നേഹം, അത് വാക്കുകൾക്കപ്പുറമാണ്.
മണിക്കുട്ടിയെ കൂടെ കണ്ടുകഴിഞ്ഞപ്പോൾ ഒരു പശുവിനെക്കൂടി വാങ്ങിയാൽ കൊള്ളാമെന്നായി. പച്ചക്കാട്ടിലുള്ള എന്റെ ചേച്ചിയോടുപറഞ്ഞു. “ചേച്ചീ, എനിക്കൊരു പശുവിനേക്കൂടിവേണം. ഇപ്പോ കാശൊന്നുമില്ല. പക്ഷേ, നോക്കാം”
ഒരു ദിവസം ചേച്ചി വിളിക്കുന്നു. “എടീ, എന്റെ കൂട്ടുകാരിച്ചേച്ചിക്ക് ഒരു ജേഴ്സിപ്പശുവിനെ കൊടുക്കാനുണ്ട്. 3-ാമത്തെ പ്രസവം. 12 ലിറ്റർ പാലുണ്ട്. 45000 രൂപ കൊടുത്താൽ കിട്ടും. വാങ്ങാൻ പറ്റിയാൽ നല്ലതാടീ.”
പിന്നീട് ഈ പശുവിനെ വാങ്ങണം, വാങ്ങണം, വാങ്ങണം എന്ന ചിന്തമാത്രമായി. ഞങ്ങളുടെ ചർച്ചകൾ മുഴുവൻ ഈ പശുവിനെക്കുറിച്ചായി. (ഞങ്ങൾ അഞ്ചുപേരും ചർച്ച ചെയ്താണ് എല്ലാക്കാര്യങ്ങളും തീരുമാനിക്കുക. ഏറ്റവും അടുപ്പമുള്ള രണ്ടുമൂന്നുപേരോട് അഭിപ്രായവും ചോദിക്കും.)
അപ്പോഴാണ് തൊഴിലുറപ്പുപണിചെയ്ത കാശ് വന്നിട്ടുണ്ടെന്നറിഞ്ഞത്. അതു തികയില്ല. ബാക്കിത്തുക രണ്ടുപേരോടായി വായ്പവാങ്ങി അവളെയങ്ങുവാങ്ങി. ആറുമാസം ചെനയുണ്ട്, വാങ്ങിയപ്പോൾ.
ചങ്കുപറിയുന്ന വേദനയോടെയാണ് മേഴ്സിച്ചേച്ചിയും ചേട്ടനും മാളുവിനെ ഞങ്ങൾക്കു തന്നത്. ചേട്ടൻ ഒരാഴ്ച്ചത്തേക്ക് ഉറങ്ങിയില്ലെന്ന്. ഞങ്ങൾക്ക് മനസിലാവും ആ വിഷമം. തന്നപ്പോ ഒരുകാര്യംകൂടിപ്പറഞ്ഞു. “ആദ്യത്തെ രണ്ടുകുട്ടികളും മൂരിക്കുട്ടൻമാന്മായിരുന്നു കേട്ടോ…”
മാളു വന്നു. (അപ്പഴേക്കും ഒരു കൂടൊക്കെ തട്ടിക്കൂട്ടിയിരുന്നു.) പിന്നെ മാസങ്ങളെണ്ണി, ദിവസങ്ങളെണ്ണി, ഇന്നലെ രാത്രി മാളു പ്രസവത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങി. ഞങ്ങൾ പ്രാർത്ഥനയോടെ നോക്കിനിന്നു. (മൂരിക്കുട്ടൻ ആകരുതേ.)
എന്തായാലും മാളു പ്രസവിച്ചു. പെണ്ണ്, പെണ്ണ്, പെണ്ണ്.. ഞാൻ ജിനുവിനെ കെട്ടിപ്പിടിച്ചു. പെണ്ണാടീ.. പെണ്ണാടീ.. മനസിൽ ഒരു വല്ലാത്തതരം സന്തോഷം. (കുറേക്കാലങ്ങളായി മനസിന് ഫീലിങ്ങ്സൊന്നും ഉണ്ടാവുന്നില്ലായിരുന്നു, ടെൻഷൻ ഒഴികെ) വെളുപ്പിന് 3 മണിവരെ ജിനുവും ജെഫിനും മകൾക്കു കാവൽ. മൂന്നുമണിമുതൽ ഞാനും ഫുള്സമയം ചേട്ടായിയും.. മൂന്നുമണി മുതൽ മക്കളുടെയടുത്ത് ഇങ്ങനെ ഇരുന്നപ്പോഴാണ് ഇക്കാര്യങ്ങളെല്ലാം മനസിലേക്കോടിയെത്തിയത്…..
NB: ഞാൻ എന്ന് പറഞ്ഞിരിക്കുന്നിടത്തെല്ലാം ചേട്ടായിയുടെ മുഖം ഓർക്കുക. ബിൻസി ചേട്ടായിയുടെ നിഴൽ ആണ്.. പൊന്നിയെ മേടിക്കാൻ പ്രചോദനമായ മേഡം ഇതൊന്നും അറിയുന്നുണ്ടാവില്ല. റിട്ടയർ ആയെന്നാണു കരുതുന്നത്. എങ്കിലും ഈ സമയം നൂറായിരം നന്ദിയോടെ സ്മരിക്കുന്നു. സബ്സീഡി വാങ്ങാനായിട്ടാണെങ്കിലും (കിട്ടിയില്ല) എന്നെ ഈയൊരു മേഖലയിലേക്കു കടത്തിയതിന്.”