Menu Close

ആസൂത്രണത്തോടെ ചെയ്താല്‍ ഓണപ്പൂക്കൃഷി സന്തോഷം തരും : പ്രമോദ് മാധവന്‍

ഓണച്ചന്ത പണം പൊടിക്കാനുള്ളതുമാത്രമല്ല, നേടാനുംകൂടിയുള്ളതാണ്. ഒന്നുമനസ്സുവച്ചാല്‍ ഇക്കുറിയോണം സമ്പാദ്യത്തിന്റെ കൂടിയാവും. പക്ഷേ, മനസ്സവയ്ക്കണം എന്നുമാത്രം. ആദായകരമായ ഒന്നാണ് ഓണപ്പൂക്കൃഷി. ഇറങ്ങിയാല്‍ നല്ല വരുമാനം ഉറപ്പാണ്.
ചെണ്ടുമല്ലിയാണ് ഏറ്റവും കൂടുതല്‍ വിപണിയുള്ള ഓണപ്പൂവ്. കേരളത്തില്‍ പലയിടത്തും ഇതിനു പലപേരാണ്. മാരിഗോൾഡ്, കൊങ്ങിണി, ബന്തി എന്നിങ്ങനെ അതുനീളുന്നു. ഓണാവശ്യങ്ങള്‍ക്കായി ചെണ്ടുമല്ലി നടേണ്ട സമയമാണിത്. കേരളത്തിൽ പൊതുവേ എല്ലാ ദിവസവും, ഓണക്കാലത്ത് പ്രത്യേകിച്ചും ഈ പൂവിന് ആവശ്യക്കാരുണ്ട്. അമ്പലങ്ങളിലും വാഹനങ്ങളിലും പുഷ്പചക്രങ്ങളിലുമൊക്കെ ചെണ്ടുമല്ലിപ്പൂക്കൾ ഉണ്ടാകും. അത്തപ്പൂക്കളത്തിലാണെങ്കില്‍ ഒഴിച്ചുകൂടാൻപറ്റാത്തതാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
ഓണത്തിന് ചെണ്ടുമല്ലി പറിയ്ക്കണമെങ്കിൽ ഏതാണ്ട് ഈ ജൂലൈ പത്തോടുകൂടി തൈകൾ പറിച്ചു നടണം. അതിനായി ഇപ്പോൾ തൈകൾ ഉണ്ടാക്കാൻ തുടങ്ങാം. ചെണ്ടുമല്ലി രണ്ടു തരത്തിലുണ്ട്. ഒന്ന്, ഫ്രഞ്ച് മാരിഗോൾഡ് (Tagetes patula). പിന്നൊന്ന്, ആഫ്രിക്കൻ മാരിഗോൾഡ് (Tagetes erecta).
ആകർഷകമായ ചെറിയ പൂക്കളാണ് ഫ്രഞ്ച് മാരിഗോൾഡ്. അത് ചട്ടികളില്‍ നടാനോ പുൽത്തകിടികളുടെ അരികുകൾ ‘എഡ്ജ്’ ചെയ്യാനോ പറ്റിയവയാണ്. നല്ല കുറ്റിച്ചെടിയായി, വളരെ ചെറുതിലേതന്നെ പൂപിടിക്കാൻ തുടങ്ങും. പറിച്ചുനട്ട് 40-45 ദിവസം മതി. വിവിധ വർണങ്ങളിൽ അവ ലഭ്യമാണ്. ഒരു പൂവിൽത്തന്നെ ഒന്നിലധികം നിറങ്ങളിൽ പൂക്കളുണ്ടാവുന്ന ഇനങ്ങളുമുണ്ട്. Arka Honey , Arka Paari, Gypsy, Lemon Drop, Pride of India എന്നിവ മേല്‍ത്തരം ഫ്രഞ്ച് മാരിഗോള്‍ഡ് ഇനങ്ങളാണ്.
ഇറുത്തെടുക്കുന്ന പൂക്കളുടെ (Loose Flowers) വിഭാഗത്തില്‍ ഏറെ വാണിജ്യ പ്രാധാന്യമുള്ളത് ആഫ്രിക്കന്‍ മാരിഗോള്‍ഡ്. ഇവ വലുപ്പമുള്ള പൂക്കളാണ്. ഓറഞ്ച്, മഞ്ഞ, വെള്ള എന്നീ നിറങ്ങളിൽ ലഭ്യമാണ്. സ്വാഭാവികപരാഗണത്തിലൂടെയുണ്ടായ (Open pollinated) ഇനങ്ങള്‍ക്ക് വില കുറവായിരിക്കും. സങ്കരയിനങ്ങള്‍ക്ക് വില കൂടുതലായിരിക്കും. സങ്കരയിനത്തില്‍ ഒരു വിത്തിനുതന്നെ രണ്ടുരണ്ടരരൂപ വിലയുണ്ട്. നിരവധി കമ്പനികൾ സങ്കരയിനങ്ങൾ പുറത്തിറക്കുന്നുണ്ട്. നല്ല വിത്തുകൾ ഓൺലൈനായിക്കികിട്ടാൻ www.bighaat.com സന്ദർശിക്കാം.
കേന്ദ്രസർക്കാർ സ്ഥാപനമായ ബാംഗ്ലൂർ ഹസ്സർഘട്ടയിലെ Indian Institute of Horticulture Research പുറത്തിറങ്ങിയ ഇനങ്ങളാണ് മഞ്ഞനിറത്തിലുള്ള Arka Bangara, ഓറഞ്ചുനിറത്തിലുള്ള Arka Agni എന്നിവ. ന്യൂഡൽഹിയിലെ പുസയിലുള്ള Indian Agricultural Research Institute (IARI )പുറത്തിറക്കിയ ഇങ്ങളാണ് Pusa Basanthi (മഞ്ഞ ), Pusa Narangi Gainda (ഓറഞ്ച് ) എന്നിവ. Sakata Seeds, East West Seed Company, Namdhari seeds എന്നിവയുടെ ഇനങ്ങളും നല്ലതാണ്.
ഹ്രസ്വകാലവിളയാണ് മാരിഗോൾഡ്. നാലുമുതൽ അഞ്ചുമാസമാണ് കാലാവധി. നല്ല പരിചരണമുറകൾ പാലിച്ചില്ലെങ്കിൽ അതിനും വളരെ മുൻപേ ചെടി ഇല്ലാതാകും. 15 ഡിഗ്രി മുതൽ 29 ഡിഗ്രി വരെയുള്ള താപനിലയാണ് ചെണ്ടുമല്ലിക്ക് അനുയോജ്യം. വലിയ ചൂടുള്ള കാലാവസ്ഥയിൽ പ്രകടനം മോശമാകും. അമ്ലത കുറഞ്ഞ മണ്ണിലാണ് രോഗങ്ങൾ കുറയുക. പ്രത്യേകിച്ചും അഴുകൽരോഗം. ആയതിനാൽ കുമ്മായ പ്രയോഗം അനിവാര്യമാണ്.
ഓണക്കൃഷിക്ക് തയ്യാറെങ്കില്‍ ഇപ്പോള്‍ തൈകള്‍ വളര്‍ത്തിയെടുക്കാനുള്ള സമയമാണ്. പ്രോ -ട്രേകളിൽ 3:1 അനുപാതത്തിൽ നാരുകളഞ്ഞ ചകിരിച്ചോർ (EC കുറഞ്ഞത്), നന്നായി ഉണക്കിപ്പൊടിച്ച ചാണകപ്പൊടി അല്ലെങ്കിൽ അരിച്ച മണ്ണിരക്കമ്പോസ്റ്റ് ചേർത്ത മിശ്രീതത്തിൽ തൈകൾ വളർത്തിയെടുക്കാം. നല്ല വെയിൽ കിട്ടിയില്ലെങ്കിൽ തൈകൾ ബലംകുറഞ്ഞ് നീണ്ടുവളരും. അത് നല്ലതല്ല. നാലാഴ്ചയെങ്കിലും പ്രായമുള്ള. ആറിലകൾ എങ്കിലുമുള്ള കരുത്തുള്ള തൈകൾമാത്രം പറിച്ചുനടുക.
മഴക്കാലകൃഷി ആയതിനാൽ അല്പം ഉയരമുള്ള വാരങ്ങളിൽ നടുന്നതാണുത്തമം. അല്പംപോലും വെള്ളക്കെട്ട് ചെണ്ടുമല്ലി സഹിക്കില്ല. നല്ല വെയിലുള്ള സ്ഥലവും നീർവാർച്ചയുള്ള മണ്ണും നിർബന്ധം. കിളച്ചുകട്ടയുടച്ച് ഒരു സെന്റിന് 2-3 കിലോ കുമ്മായപ്പൊടി അല്ലെങ്കിൽ Dolomite ചേർത്തിളക്കി രണ്ടാഴ്ച ഇട്ടതിനുശേഷം ഒരു സെന്റ് സ്ഥലത്തേക്ക് 100കിലോ അളവിൽ അഴുകിപ്പൊടിഞ്ഞ കാലിവളവും സെന്റിന് 220ഗ്രാം യൂറിയ, 400ഗ്രാം മസൂറി ഫോസ്, 100ഗ്രാം പൊട്ടാഷ് എന്നീ അളവിൽ അടിസ്ഥാന വളവും ചേർക്കണം. വൈകുന്നേരങ്ങളിൽ തൈകൾ പറിച്ചുനടണം. ആവശ്യത്തിനുമാത്രം നനയ്ക്കണം.
വരികളും ചെടികളും തമ്മിൽ ഒന്നര അടി അകലം നൽകാം. (45cmx45cm). ഒരു സെന്റിൽ ഏതാണ്ട് 200ചെടികൾ നടാം. നട്ട് ഇരുപതുദിവസം കഴിയുമ്പോൾ ഇടയിളക്കി സെന്റിന് 220ഗ്രാം യൂറിയ, 100ഗ്രാം പൊട്ടാഷ് എന്നിവ മേൽവളമായി നൽകാം. പറിച്ചുനട്ട് 27 ദിവസം കഴിയുമ്പോൾ മണ്ടനുള്ളിക്കൊടുക്കുന്നത് (Pinching) കൂടുതൽ ശിഖരങ്ങൾവരാനും ചെടികൾക്ക് കരുത്തുകൂടാനും സഹായിക്കും. കൂടുതൽ ശിഖരങ്ങളുണ്ടാകുമ്പോൾ കൂടുതൽ പൂക്കളുമുണ്ടാകും. ചിലർ നാൽപതു ദിവസം ആകുമ്പോൾ ശിഖരങ്ങളുടെയും മണ്ട നുള്ളിക്കൊടുക്കാറുണ്ട്. (Double pinching). നാല്പതുദിവസം കഴിഞ്ഞുള്ള മണ്ടനുള്ളൽ ഗുണംചെയ്യില്ല. മണ്ട ഇരിഞ്ഞെടുക്കരുത്. മുറിപ്പാടിൽ അല്പം Indofil കുഴമ്പ് തേയ്ക്കുന്നതു നന്നായിരിക്കും.
ആവശ്യത്തിന് നന നൽകണം. മൊട്ട് വന്നുകഴിഞ്ഞാൽ പിന്നെ മണ്ണിൽ ഈർപ്പമില്ലാത്ത അവസ്ഥ ഉണ്ടാകാനേ പാടില്ല. ചെടികളുടെ വളർച്ച വിലയിരുത്തി ഇടയ്ക്ക് ആവശ്യമെങ്കിൽ NPK 19:19:19 5ഗ്രാം/ലിറ്റർ വെള്ളം എന്നയളവിൽ ഇലകളിൽ തളിച്ചുകൊടുക്കാം. പറിച്ചുനട്ട് ഏതാണ്ട് 60-65 ദിവസങ്ങൾ കഴിയുമ്പോൾ പൂക്കൾ വിളവെടുത്തു തുടങ്ങാവുന്നതാണ്. കാലാവസ്ഥ, വളപ്രയോഗം ഒക്കെയനുസരിച്ച് ചെറിയ വ്യത്യാസങ്ങൾ ഇതിനുവരാം. മൂന്നു ദിവസത്തിലൊരിക്കൽ വിളവെടുക്കാം.
ഒരു ഹെക്റ്ററിൽനിന്ന് 6000 കിലോ മുതൽ 10000 കിലോ വരെ പൂക്കൾ വിളവെടുക്കാം. കിലോയ്ക്ക് 100 രൂപമുതൽ 150 രൂപവരെ വിലലഭിച്ചേക്കാം. അമ്പതുരൂപ കിട്ടിയാലും പിടിച്ചുനിൽക്കാം എന്നുചിന്തിക്കുന്നവർക്ക് ധൈര്യമായി ചെണ്ടുമല്ലിക്കൃഷിക്കിറങ്ങാം. കൃഷിച്ചെലവ് എങ്ങനെ കുറയ്ക്കാം എന്നുചിന്തിക്കണം.
വാണിജ്യാടിസ്ഥാനത്തിൽ ചെണ്ടുമല്ലിക്കൃഷി ചെയ്യുമ്പോൾ ധാരാളം രോഗ കീടങ്ങൾ വന്നേക്കാം. ഇലപ്പേനുകൾ (Thrips), ഇലതീനിപ്പുഴുക്കൾ, മീലിമൂട്ടകൾ, മണ്ഡരികൾ (Mites ) എന്നീ കീടങ്ങളെയും വാട്ടം /അഴുകൽ, ഇലപ്പുള്ളി (Leaf spot) എന്നീ രോഗങ്ങളെയും പ്രതീക്ഷിക്കണം. രോഗ -കീട ശല്യങ്ങൾ ആദ്യഘട്ടത്തിൽത്തന്നെ തിരിച്ചറിയാൻ കർഷകർ പഠിക്കണം. അതിനെ എങ്ങനെ നിയന്ത്രിക്കാൻ കഴിയുമെന്ന് വിദഗ്ദ്ധരോടു ചോദിച്ച്, മുൻകൂട്ടി മനസ്സിലാക്കിവയ്ക്കണം.
തല്‍ക്കാലം ഇത്രമതി. ഇനിയും വായിച്ചുപഠിച്ചിരിക്കാതെ നേരേ തോട്ടത്തിലേക്കിറങ്ങുക. ഈ ഓണത്തിനുള്ള പൂക്കൾ സ്വന്തം തോട്ടത്തിൽനിന്നുതന്നെ എന്നു തീരുമാനിച്ചുകൂടേ? കഴിയുമെങ്കിൽ പൂക്കൃഷി നിങ്ങളുടെ പോഷകപ്പൂന്തോട്ടത്തിന്റെ (Foodscape Garden ) ഭാഗമാകട്ടെ. വിജയാശംസകള്‍.
ഇനിയുള്ള ഭാഗം വ്യാവസായികാടിസ്ഥാനത്തില്‍ കൃഷി ചെയ്യുന്നവര്‍ക്കുള്ളതാണ്. കഴിഞ്ഞ ഓണക്കാലത്തിന്റെ ഒരു പ്രധാന പ്രത്യേകത, അത്തപ്പൂക്കളങ്ങളിൽ ഉപയോഗിച്ച ചെണ്ടുമല്ലിപ്പൂക്കളിൽ നല്ലൊരു പങ്ക് മെയിഡിന്‍കേരള (Made in Kerala)ആയിരുന്നു എന്നതാണ്. മഞ്ഞയും ഓറഞ്ചും നിറങ്ങളിngള്ള ഇനങ്ങളായിരുന്നു കളത്തില്‍ കൂടുതലും. വെള്ള നിറമുള്ള പൂക്കൾക്ക് 300-350 രൂപ വരെ വന്നു. പക്ഷെ അധികം ഉത്പാദിപ്പിച്ചു കണ്ടില്ല. സംഘടിതമായ കൃഷിമാത്രം എടുത്താൽത്തന്നെ കേരളത്തിൽ ഒരു അഞ്ഞൂറ് ഹെക്റ്ററിലെങ്കിലും പൂക്കൃഷി തകൃതിയായി നടന്നു. ഇത്രയധികം പൂക്കളുണ്ടാക്കി കർഷകർ നേരിട്ടു വിപണനംചെയ്തത് പ്രാദേശിക പൂക്കച്ചവടക്കാരിൽ ഒരുവിഭാഗത്തിന് വലിയ അസ്വസ്ഥതകളുണ്ടാക്കി എന്നുവേണം കരുതാൻ. അതിനാൽ ഓണം കഴിഞ്ഞപ്പോൾ പലരും പൂക്കൾ വാങ്ങാൻ തയ്യാറായതുമില്ല എന്ന വാർത്തകളും കേട്ടു.
തോവാളയിലെ ചെണ്ടുമല്ലിപ്പൂക്കൾ 70-80 രൂപ നിലവാരത്തിൽ കച്ചവടം നടന്നപ്പോൾ തദ്ദേശീയമായി ഉത്പാദിപ്പിച്ച പൂക്കൾ ശരാശരി 150 രൂപയ്ക്കാണ് തിരുവോണംവരെ വിറ്റുപോയത്. എന്നാല്‍, ഓണം കഴിഞ്ഞതോടെ ഈ തോട്ടങ്ങളിലെ പൂക്കൾ മാന്യമായ വിലയ്ക്ക് വിറ്റ്പോകാത്തത് ഒരു സങ്കടക്കാഴ്ചയായി. ഈ പശ്ചാത്തലത്തിൽ ചെണ്ടുമല്ലികൃഷി ഏറ്റെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില വിഷയങ്ങൾ പങ്കുവയ്ക്കാൻ ആഗ്രഹിക്കുന്നു.

 1. കഴിഞ്ഞവർഷത്തെ പൂക്കൃഷിയിലൂടെ നമ്മൾ, തോവാള പോലെയുള്ള പരമ്പരാഗത പൂഗ്രാമങ്ങളുമായിട്ടാണ് മത്സരിച്ചത്. വളരെ സുസംഘടിതമായ ഒരു വിപണനശൃംഖലയുമായാണ് നമ്മളേറ്റുമുട്ടിയത്. അവരാകട്ടെ ഓണക്കാലം മാത്രം നോക്കി കൃഷിചെയ്യുന്നവരല്ല. വർഷം മുഴുവനും പൂക്കൾ ഉത്പാദിപ്പിക്കുന്നവരാണ്. അവിടെ കൂലിച്ചെലവ് വളരെക്കുറവാണ്. ആയതിനാൽ അവർക്ക് കിലോയ്ക്ക് 20-25 രൂപ കിട്ടിയാലും ലാഭമാണ്. അത്‌ വിൽക്കാൻ സഹായിക്കുന്ന ഇടനിലക്കാർക്കും പൂക്കച്ചവടക്കാർക്കും ആവശ്യമുള്ളതു കിട്ടുകയുംചെയ്യും. മറുവശത്ത്, നമ്മുടെ കർഷകർ അങ്ങനെ ഒരുതരത്തിലുമുള്ള വിപണന ഉടമ്പടികളില്ലാതെയാണ് കൃഷിയ്ക്കിറങ്ങിയത്. അത്തം മുതൽ തിരുവോണം വരെയുള്ള പത്തുദിവസങ്ങളിൽ പറിക്കുന്ന പൂക്കൾക്ക് മികച്ച വില ലഭിക്കും. പക്ഷേ, 65 ദിവസംവരെ വിളവെടുപ്പുകാലംമുള്ള ചെണ്ടുമല്ലിച്ചെടികളിലെ ബാക്കിപ്പൂക്കൾ എങ്ങനെ കൈകാര്യം ചെയ്യണം എന്നതിനെക്കുറിച്ച് നമുക്കു ധാരണക്കുറവുണ്ട്.
 2. പൂക്കച്ചവടക്കാർക്ക് വർഷം മുഴുവൻ പൂക്കൾ വേണം. നമുക്കതിനു കഴിഞ്ഞില്ലെങ്കിൽ അവർ നമ്മുടെ കർഷകരുമായി കൈകോർക്കാൻ സാധ്യത കുറവാണ്. അതു കണക്കിലെടുക്കണം.
 3. സന്ദർശകരെ തോട്ടത്തിലേക്കാകർഷിച്ച് അതിന്റെ Gate fee പോലെയുള്ള ധനസമ്പാദനം നടത്താൻ എല്ലാവർക്കും കഴിയുമെന്ന് തോന്നുന്നില്ല. ചിലർ അങ്ങനെ വരുമാനം ഉണ്ടാക്കും.
 4. ഓണപ്പൂക്കളങ്ങൾക്ക് ചെണ്ടുമല്ലി മാത്രമല്ല വേണ്ടത്. പല നിറങ്ങളിലുള്ള അരളിപ്പൂക്കൾ (Nerium), തെച്ചി (Ixora), പല നിറത്തിലുള്ള വാടാമല്ലി (Gomphrena), കോഴിപ്പൂവ് (Celosia ), പല (പ്രത്യേകിച്ചും വെള്ള) നിറത്തിലുള്ള ജമന്തി (Chrysanthemum) എന്നിവയൊക്കെ ആവശ്യമുണ്ട്. അവയുടെ ഉത്പാദനസാദ്ധ്യതകൾ പരിശോധിക്കണം. ഇതിൽ ചിലവ ദീർഘകാലവിളകളാണ്. ചെണ്ടുമല്ലിയിൽത്തന്നെ വെള്ളനിറത്തിലുള്ള ഇനം ആരും കാര്യമായി കൃഷി ചെയ്തുകണ്ടില്ല.
 5. നല്ല സൂര്യപ്രകാശമുളള, നീർവാർച്ചയുള്ള, ജലസേചനസൗകര്യമുളള സ്ഥലങ്ങളാണ് പൂകൃഷിയ്ക്കുവേണ്ടി തരംമാറ്റുന്നത്. അവിടെ തക്കാളി അടക്കമുള്ള (ജൂൺ -ജൂലൈ മാസങ്ങളിൽ കഴിഞ്ഞ രണ്ട് മൂന്നുവര്‍ഷമായി വലിയ വില ലഭിക്കുന്നു) വിറ്റഴിക്കാൻ പ്രയാസമില്ലാത്ത പച്ചക്കറികൾ ചെയ്യുന്നതിനേക്കാൾ ലാഭകരമാണോ പൂക്കൃഷി എന്ന് പരിശോധിക്കണം.
 6. Foodscaping എന്ന ആശയം ഉൾക്കൊണ്ടുകൊണ്ട് ഇടവിളകൾ ആയി ചീര, മുളക് എന്നിവയ്‌ക്കൊപ്പം ചെണ്ടുമല്ലി, വാടാമല്ലി, കോഴിപ്പൂവ് എന്നിവ കൃഷിചെയ്‌താലുള്ള ലാഭക്ഷമത Economist കൾ കണ്ടെത്തണം.
  7.ആദ്യമാദ്യമുഉള്ള പൂക്കൾ നല്ല വലിപ്പത്തിലും പിന്നെ വലിപ്പം കുറഞ്ഞും കാണുന്നു. എണ്ണത്തിൽക്കൂടുമ്പോൾ വണ്ണത്തിൽക്കുറയുമല്ലോ. പൂക്കളുടെ വലിപ്പം നിശ്ചയിക്കുന്നതിൽ Single Pinching, Double Pinching എന്നിവയുടെ സ്വാധീനം പഠനവിധേയമാക്കണം. മണ്ണുപരിശോധനയിലധിഷ്ഠിതമായ വളപ്രയോഗരീതി ഓരോ കാര്‍ഷിക പാരിസ്ഥിതികപ്രദേശത്തിനുമായി കാർഷികസർവ്വകലാശാല ചിട്ടപ്പെടുത്തണം.
 7. വാടാമല്ലി പോലെയുള്ള ചെറിയ പൂക്കൾ വിളവെടുക്കുന്നത് വളരെ ശ്രമകരമാണെന്ന് കർഷകർ തിരിച്ചറിയുന്നു. അതിന്റെ കൃഷിയിൽ വിളവെടുപ്പ് കുടുംബാധ്വാനംകൊണ്ടു തന്നെയാകണം.
 8. വലിപ്പമുള്ള പൂക്കൾ തരുന്ന, ചെണ്ടുമല്ലിയുടെ സങ്കരയിനങ്ങൾ താങ്ങാവുന്ന നിരക്കിൽ കൊടുക്കാൻ കാർഷികസർവ്വകലാശാല പദ്ധതി തയ്യാറാക്കണം.
 9. ചെണ്ടുമല്ലി കൃഷിചെയ്യുന്ന തോട്ടങ്ങളിൽ നിമാവിരശല്യം കുറയുന്നു എന്നു കണ്ടെത്തിയിട്ടുണ്ട്. ഓണക്കാല പച്ചക്കറിക്കൃഷിക്കാർക്ക് ഇടവിളയായി ചെണ്ടുമല്ലി ഉൾപ്പെടുത്താൻ ഒരു വലിയ കാരണമാണത്.
 10. വിളവെടുത്തുകഴിഞ്ഞുള്ള അവശിഷ്ടങ്ങൾ ഉപയോഗിച്ച് കീടവിരട്ടികൾ (pest repellants ), നിമാവിരനാശിനികൾ എന്നിവ കൃഷിയിടത്തിലുണ്ടാക്കാനുള്ള സാങ്കേതികവിദ്യകൾ വേണം.
 11. ചെണ്ടുമല്ലിപ്പൂക്കളിൽനിന്ന് കൊതുകുതിരി, അഗർബത്തി എന്നിവ ഉണ്ടാക്കാൻ കഴിയും. അതിന് കൂടുതൽ സൗരഭ്യം നൽകി എങ്ങനെ വിറ്റഴിക്കാൻകഴിയും എന്നു പരിശോധിക്കണം. (ഉണ്ടാക്കൽ ഒരു പ്രശ്നമില്ല, പക്ഷെ വിപണനം എളുപ്പമാകില്ല). വലിയ ബ്രാൻഡുകളോടാണ് വിപണിയിൽ മത്സരിക്കേണ്ടത്.
 12. ചെണ്ടുമല്ലിപ്പൂക്കളിൽനിന്ന് ഭക്ഷ്യയോഗ്യമായ നിറങ്ങൾ, ഡൈ (natural food colour, dye ) എന്നിവ ഉണ്ടാക്കാൻ ആവശ്യമായ സാങ്കേതികവിദ്യയും അതു വിൽക്കാനുള്ള വിപണനപദ്ധതിയും ഉണ്ടാക്കണം. കാർഷിക സർവ്വകലാശാല ഇടപെടണം.
 13. ഈ പൂക്കളിൽ നിന്നും Lutein, Carotenoids പോലെയുള്ള പോഷകവസ്തുക്കൾ ഉത്പാദിപ്പിക്കാനും അവ വിൽക്കാനുഉള്ള വ്യാവസായികകണ്ണികള്‍ ഒരുക്കണം.
 14. Marigold Leaf Tea, Dried petals, Pot Pourie തുടങ്ങിയ മൂല്യവർധിതോത്പന്നങ്ങളുടെ ഉത്പാദന -വിപണന സാദ്ധ്യതകൾ പരിശോധിക്കണം.
  കൂടുതൽ പോയിന്റുകൾ നിങ്ങള്‍ക്കും കൂട്ടിച്ചേര്‍ക്കാവുന്നതാണ്. വാണിജ്യാടിസ്ഥാനത്തിൽ ഇറുപ്പുപൂക്കളുടെ (loose flowers) കൃഷി കേരളത്തിൽ സാധ്യമാണെന്ന് കർഷകർ തെളിയിച്ചുകഴിഞ്ഞു. ഇനി അത്‌ ലാഭകരമാക്കാനുള്ള തന്ത്രങ്ങളാണ് ആവിഷ്കരിക്കേണ്ടത്.
  കേരളത്തിലുണ്ടാക്കിയ പൂക്കൾകൊണ്ട് മാലകെട്ടുമ്പോൾ കൈകൾക്ക് അഴലക്കവും ചൊറിച്ചിലും ഉണ്ടാകുന്നില്ലെന്ന് ചില പൂക്കടക്കാർ പറഞ്ഞുവത്രെ. അപ്പോൾ Safe to use /handle എന്ന tag line ഓട് കൂടി ഉള്ള പൂക്കൾ തരാം എന്നുപറഞ്ഞ് പൂമാല കെട്ടുന്നവരെ ആകർഷിക്കണം. ഒരു സ്ഥിര -ന്യായ വിലയ്ക്ക് വർഷം മുഴുവൻ അവർക്ക് പൂക്കൾ കൊടുക്കാൻ നമ്മുടെ കർഷകർ തയ്യാറാകുകയും വേണം.
  NB: കൊല്ലം ജില്ലയിൽ ഉള്ളവർക്ക്, തൈകൾ ആവശ്യമെങ്കിൽ കർഷകനായ മണ്ണുവീട് രവിയെ വിളിച്ച് ബുക്കുചെയ്യാം. ഫോൺ: 98950 53755. വിത്തുകൾ വേണ്ടവർക്ക് കൊല്ലം FCMC യുമായി ബന്ധപ്പെടാം. ഫോൺ: 9895759810