ആദ്യഘട്ടം കേരളത്തിലാകമാനം 29 മൊബൈല്‍ യൂണിറ്റുകള്‍. ഇനി ഒറ്റ ഫോണ്‍വിളി മതി. മൃഗഡോക്ടറുമായി സഞ്ചരിക്കുന്ന മൃഗാശുപത്രി നിങ്ങളുടെ വീട്ടുപടിക്കലെത്തും. കര്‍ഷകര്‍ക്ക് ആശ്വാസമായി കേന്ദ്ര-സംസ്ഥാന സംയുക്തപദ്ധതിയായ കന്നുകാലി ആരോഗ്യ-രോഗനിയന്ത്രണം (ലൈവ്സ്റ്റോക്ക് ഹെല്‍ത്ത് ആന്‍ഡ് ഡിസീസ് കണ്ട്രോള്) കേരളത്തില്‍ ആരംഭിച്ചു. ആദ്യഘട്ടമായി 29 മൊബൈൽ യൂണിറ്റുകളാണ് അനുവദിച്ചിട്ടുള്ളത്. ഒരു വാഹനത്തിന്റെ ചെലവ് 16 ലക്ഷം രൂപയാണ്. ഇതിൽ വാഹനം വാങ്ങുന്ന ചെലവും വാഹനത്തിന്റെ അകത്ത് ആവശ്യമായ ഉപകരണങ്ങള്‍ സ്ഥാപിക്കുന്നതും ഉൾപ്പെടും. ഇതില്‍ കേന്ദ്രസർക്കാർ വിഹിതം 4.64 കോടി രൂപയാണ്. ബാക്കി സംസ്ഥാനം കണ്ടെത്തും. 29 ബ്ലോക്കുകളിലേക്കാണ് വാഹനങ്ങൾ അനുവദിച്ചിരിക്കുന്നത്. ഇടുക്കി ജില്ലയിൽ 3 ബ്ലോക്കുകളിലും മറ്റു ജില്ലകളിൽ 2 ബ്ലോക്കുകൾ വീതവുമാണ് ഈ വാഹനങ്ങൾ നൽകുന്നത്.
ജില്ലകളില്‍ സഞ്ചരിക്കുന്ന മൃഗാശുപത്രിയുടെ സേവനം ലഭ്യമാകുന്ന ബ്ലോക്കുകള്‍ താഴെപ്പറയുന്നവയാണ്.
- തിരുവനന്തപുരം
നെടുമങ്ങാട് (VPC നെടുമങ്ങാട്), പാറശ്ശാല (VPC പാറശ്ശാല) - കൊല്ലം
ചടയമംഗലം (VH കടയ്ക്കൽ), അഞ്ചൽ (VH അഞ്ചൽ) - പത്തനംതിട്ട
പറക്കോട് (VPC അടൂർ), മല്ലപ്പള്ളി (VH മല്ലപ്പള്ളി) - ആലപ്പുഴ
കഞ്ഞിക്കുഴി (VH കണിച്ചുകുളങ്ങര), മുതുകുളം(VH മുതുകുളം) - ഇടുക്കി
കട്ടപ്പന (VPC കട്ടപ്പന), ദേവികുളം (VPC മൂന്നാർ), അഴുത (VD വണ്ടിപെരിയാർ) - കോട്ടയം
കാഞ്ഞിരപ്പള്ളി (VPC കാഞ്ഞിരപ്പള്ളി), വൈക്കം (VH വൈക്കം) - എറണാകുളം
കോതമംഗലം (VH ഊന്നുകൽ), മുളന്തുരുത്തി (VPC മുളന്തുരുത്തി) - തൃശ്ശൂർ
മതിലകം (VH മതിലകം), പഴയന്നൂർ (VH പഴയന്നൂർ) - പാലക്കാട്
പട്ടാമ്പി (VH പട്ടാമ്പി), അട്ടപ്പാടി (VH അഗളി) - മലപ്പുറം
തിരൂർ (VPC തിരൂർ), നിലമ്പൂർ (VH നിലമ്പൂർ) - കോഴിക്കോട്
കൊടുവള്ളി (VD താമരശ്ശേരി), തൂണേരി (VH തൂണേരി) - വയനാട്
മാനന്തവാടി (VPC മാനന്തവാടി), സുൽത്താൻ ബത്തേരി (VHസുൽത്താൻബത്തേരി) - കണ്ണൂർ
പയ്യന്നൂർ (VPC പയ്യന്നൂർ), ഇരിട്ടി (VPC ഇരിട്ടി) - കാസർകോട് കാഞ്ഞങ്ങാട് (VH കാഞ്ഞങ്ങാട്), കാസർകോട് (DVC കാസർകോട്)
ഈ ആംബുലന്‍സ് വാഹനങ്ങളുടെ തുടർനടത്തിപ്പുചെലവ് 60% കേന്ദ്രസർക്കാരും 40% സംസ്ഥാനവും വഹിക്കും. കരാറടിസ്ഥാനത്തിൽ ഓരോ വാഹനത്തിലും ഒരു വെറ്റിനറി ഡോക്ടർ, ഒരു പാരാവെറ്റിനറി സ്റ്റാഫ്, ഒരു ഡ്രൈവർ കം അറ്റന്‍ഡന്റ് എന്നിവര്‍ ഉണ്ടാകും. വെളിച്ചം ലഭ്യമാക്കുന്നതിന് ജനറേറ്റർ, ശസ്ത്രക്രിയാ ഉപകരണങ്ങൾ, ടോൾഫ്രീ നമ്പറിൽ നിന്നുള്ള കർഷകരുടെ കോളുകൾ കൈകാര്യം ചെയ്യുന്നതിനുള്ള ടാബ്ലെറ്റ്, പശുക്കളിൽ ബീജാധാനത്തിനുള്ള ഉപകരണങ്ങൾ തുടങ്ങിയവയെല്ലാം ആംബുലന്‍സിലുണ്ടാകും. 24 മണിക്കൂർ പ്രവർത്തിക്കുന്ന 1962 എന്ന ടോൾഫ്രീ നമ്പറിൽ ഒരു കേന്ദ്രീകൃത കോൾ സെന്റർ വഴിയാണ് മൊബൈൽ വെറ്ററിനറി യൂണിറ്റ് പ്രവർത്തിക്കുക. കന്നുകാലികളെ വളർത്തുന്നവർ / മൃഗ ഉടമകൾ എന്നിവരിൽ നിന്ന് കോളുകൾ സ്വീകരിക്കുകയും അവ കോൾ സെന്ററിലെ വെറ്ററിനറി ഡോക്ടർക്ക് കൈമാറുകയും ചെയ്യും. എല്ലാ കേസുകൾക്കും അടിയന്തര സ്വഭാവത്തിന്റെ അടിസ്ഥാനത്തിൽ മുൻഗണന നൽകി മൊബൈൽ വെറ്ററിനറി യൂണിറ്റിലേക്ക് കൈമാറും. പ്രാരംഭഘട്ടത്തില്‍ 29 ബ്ലോക്കുകളിലും ഉച്ചയ്ക്ക് ഒരു മണി മുതൽ രാത്രി എട്ട് മണി വരെയാണ് മൊബൈൽ വെറ്ററിനറി യൂണിറ്റിന്റെ സേവനം ലഭ്യമാവുക. കന്നുകാലികൾ, കോഴി, താറാവ് മുതലായവയ്ക്ക് കർഷകരുടെ വീട്ടുപടിക്കൽ എത്തി ചികിത്സ നൽകുന്നതിന് 450 രൂപയും കൃത്രിമ ബീജദാനം നൽകുന്നതിന് 50 രൂപ അധികവും നൽകണം. വളർത്തുമൃഗങ്ങൾക്ക് 950 രൂപയാണ് നിരക്ക്. ഒരേ ഭവനത്തിൽ കന്നുകാലികൾ, പൗൾട്രി മുതലായവയ്ക്കും അരുമ മൃഗങ്ങൾക്കും ഒരേസമയം ചികിത്സ ആവശ്യമുണ്ടെങ്കിൽ 950 രൂപ മതി.