ഗ്രീൻ കോതമംഗലം ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് ഓർഗനൈസേഷൻ (എഫ്.പി.ഒ) കൃഷിയിടാധിഷ്ഠിത വികസനപദ്ധതിയുടെ ഭാഗമായി വാരപ്പെട്ടിയിൽ പഴം-പച്ചക്കറി സംസ്ക്കരണകേന്ദ്രം ആരംഭിച്ചു. കർഷകർ ഉത്പാദിപ്പിക്കുന്ന കാർഷികവിളകൾ സംഭരിക്കാനും സംസ്കരിക്കാനും വിപണനം ചെയ്യാനും ഉദ്ദേശിച്ചിട്ടുള്ളതാണ് ഈ സംരംഭം. ആന്റണി ജോൺ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു.
കൃഷിവകുപ്പിന്റെ സാമ്പത്തിക സഹായത്തോടെയാണ് പദ്ധതി യഥാർത്ഥ്യമാക്കിയിരിക്കുന്നത്. കഴിഞ്ഞ സാമ്പത്തികവർഷത്തെ ഫാംപ്ലാൻ പദ്ധതിയിൽ ഉൾപ്പെടുത്തി 4.32 ലക്ഷം രൂപയാണ് കൃഷിവകുപ്പ് നല്കിയത്.
കപ്പ, ചക്ക, ഏത്തക്ക, പൈനാപ്പിൾ തുടങ്ങി വിവിധ പഴവർഗ്ഗങ്ങളും പച്ചക്കറികളും ന്യായവിലക്ക് കർഷകരിൽ നിന്ന് സംഭരിച്ച് ലാഭമെടുക്കാതെ സംസ്കരണകേന്ദ്രം വഴി ഉപഭോക്താക്കൾക്ക് നൽകും. അതിനൊപ്പം സംഭരിക്കുന്ന ഉത്പന്നങ്ങൾ സംസ്കരിച്ച് ഉണക്കിയും ഡ്രൈ ഫ്രൂട്ടായും വിൽപ്പനക്ക് ഒരുക്കിയിട്ടുണ്ട്.