Menu Close

സംരംഭകരാകാന്‍ ആഗ്രഹിക്കുന്ന കര്‍ഷകര്‍ക്ക് ഇത് സുവര്‍ണാവസരം

പച്ചക്കറിയും പഴങ്ങളും കൃഷിചെയ്യുമ്പോള്‍ അവ മുഴുവന്‍ ദിവസങ്ങള്‍ക്കുള്ളില്‍ വിറ്റുതീര്‍ത്തില്ലെങ്കില്‍ ചീഞ്ഞുപോകുമെന്നതാണ് കര്‍ഷകര്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്ന്. ഇതിനു പരിഹാരമാണ് ആ ഉല്പന്നങ്ങളെ മൂല്യവര്‍ദ്ധിത ഉല്പന്നങ്ങളാക്കുക എന്നത്. ഉല്പന്നം വില്‍ക്കുമ്പോള്‍ ലഭിക്കുന്നതിനേക്കാള്‍ നല്ല മടങ്ങ് ലാഭം ഇതിലൂടെ ഉണ്ടാക്കുവാന്‍ കഴിയും. പക്ഷേ, ഇത്തരം മൂല്യവര്‍ദ്ധിത ഉല്പ്പന്നങ്ങളുണ്ടാക്കുവാന്‍ ആവശ്യമായ സാങ്കേതികവിദ്യയ്ക്കും മെഷീനറിക്കും കാര്യമായ മുതല്‍മുടക്ക് ആവശ്യമായി വരുന്നു എന്നതാണ് കര്‍ഷകരെ ഇതില്‍നിന്നു പിന്തിരിപ്പിക്കുന്ന പ്രധാന കാരണം. കടമെടുത്ത് മെഷീനറി വാങ്ങിയാല്‍ സംരംഭം വിജയിക്കാതെ പോയാലുണ്ടാകുന്ന സാമ്പത്തികനഷ്ടമാണ് മറ്റൊരു ഭയം. ഇപ്പോള്‍ ഇതുരണ്ടിനും പരിഹാരമുണ്ട്.
പഴങ്ങളിലും പച്ചക്കറികളിലും നിന്ന് മൂല്യവര്‍ദ്ധിത ഉല്പന്നങ്ങളുണ്ടാക്കി വിപണിയിലെത്തിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അതിനെ സഹായിക്കുവാന്‍ ഇപ്പോള്‍ കേരള കാര്‍ഷികസര്‍വ്വകലാശാല സന്നദ്ധമാണ്. കാര്‍ഷിക സര്‍വകലാശാലയുടെ കീഴിലുള്ള കമ്മ്യുണിക്കേഷന്‍ സെന്ററില്‍ പ്രവര്‍ത്തിച്ചുവരുന്ന ഭക്ഷ്യ സംസ്കരണശാലയില്‍ നിന്ന് പഴങ്ങളും പച്ചക്കറികളും ആവശ്യാനുസരണം സംസ്കരിച്ച് വിവിധ മൂല്യവര്‍ദ്ധിതഉല്‍പ്പന്നങ്ങളാക്കി മാറ്റുവാന്‍ ഇപ്പോള്‍ കഴിയും.
പച്ചക്കറികള്‍ കൊണ്ടുളള കൊണ്ടാട്ടങ്ങള്‍ (പാവല്‍,പയര്‍), പൊടികള്‍ വിവിധ തരം അച്ചാറുകള്‍, ജാം, പഴംഹല്‍വ, ചില്ലിസോസ്, തക്കാളിസോസ് തുടങ്ങിയ വിവിധങ്ങളായ മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍ ഇവിടെവച്ചു തയ്യാറാക്കാന്‍ സാധിക്കും. കൂടാതെ വാട്ടുകപ്പ പോലെ പഴങ്ങളും പച്ചക്കറികളും ഉണക്കി സൂക്ഷിക്കുന്ന പ്രാഥമിക സംസ്കരണവും ചെയ്തു കൊടുക്കുന്നതാണ്.
കാര്‍ഷികരംഗത്തു സംരംഭകനാകാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കിലും മൂലധനം മുടക്കാനില്ലാത്തതുകൊണ്ടും സാമ്പത്തികനഷ്ടം ഉണ്ടാകുമോയെന്ന് ഭയമുള്ളതുകൊണ്ടും മൂല്യവര്‍ദ്ധിതഉല്പന്നങ്ങളുടെ മേഖലയിലേക്കിറങ്ങാന്‍ അറച്ചുനില്‍ക്കുന്നവര്‍ക്ക് ഇത് ഒരു അവസരമായി ഉപയോഗിക്കാവുന്നതാണ്. നിങ്ങളുടെ കാര്‍ഷികോല്‍പ്പന്നങ്ങള്‍ ചെറിയ തോതില്‍ മൂല്യവര്‍ദ്ധിത ഉല്പന്നങ്ങളാക്കി വിപണിയിലേക്കിറങ്ങി പരീക്ഷിച്ചുനോക്കാവുന്നതാണ്. നല്ല പ്രതികരണമുണ്ടായശേഷം പിന്നെ വിപുലമായ സ്വന്തം ഫാക്ടറി ധൈര്യമായി തുടങ്ങാനും കഴിയും.
കാര്‍ഷികസര്‍വ്വകലാശാലയുടെ ഈ സൗകര്യം ഉപയോഗിക്കുന്നതിന് ചില നിബന്ധനകള്‍ അവര്‍ മുമ്പോട്ടുവയ്ക്കുന്നുണ്ട്. ഒന്നാമത്തേത് കുറഞ്ഞത് 10 കിലോഗ്രാം പഴം അല്ലെങ്കില്‍ പച്ചക്കറി ഒരുസമയം സംസ്കരണത്തിനായി ഉണ്ടാകണം എന്നതാണ്. അതില്‍നിന്ന് കര്‍ഷകര്‍ക്ക് താല്‍പ്പര്യമുള്ള ഉല്‍പ്പന്നം അല്ലെങ്കില്‍ അസംസ്കൃത വസ്തുവിന്റെ ഗുണനിലവാരം അനുസരിച്ച് വിപണന സാധ്യതയുള്ള ഏതെങ്കിലും ഉല്‍പ്പന്നം സര്‍വ്വകലാശാള തയ്യാറാക്കി നല്‍കും. മൂല്യവര്‍ദ്ധിത ഉല്‍പ്പന്നം തയ്യാറാക്കുവാന്‍ വേണ്ടിവരുന്ന വസ്തുക്കളുടെ വിലയും കൂലിച്ചിലവും കര്‍ഷകര്‍ അടയ്ക്കണം. മൂല്യവര്‍ദ്ധിത ഉല്‍പ്പന്നം പാക്ക് ചെയ്യുവാനുള്ള വസ്തുക്കള്‍ കര്‍ഷകര്‍ കൊണ്ടുവന്നാല്‍ അതില്‍ പാക്ക് ചെയ്തും നല്‍കും. കേരള കാര്‍ഷികസര്‍വകലാശാലയുടെ പേരില്‍ ഇത് വിപണനം ചെയ്യുവാന്‍ പാടില്ല എന്ന് അവര്‍ പറയുന്നുണ്ട്. ഉല്‍പ്പന്നം കര്‍ഷകര്‍ തന്നെ അവരുടെ സ്വന്തം സ്ഥാപനപ്പേരില്‍ വേണം വിപണനം ചെയ്യാന്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് 0487-2370773, 8089173650 എന്നീ ഫോണ്‍ നമ്പറുകളിലോ ccmannuthy@kau.inഎന്ന മെയില്‍ മുഖേനയോ ബന്ധപ്പെടാവുന്നതാണ്.