Menu Close

ജാതിക്കയിൽ ഒത്തിരി വൈവിധ്യങ്ങൾ ഒളിഞ്ഞിരിപ്പുണ്ട്: ജെസ്സിയും മായയും

പറമ്പിൽ വീണു പോകുന്ന ജാതിക്ക തൊണ്ട് എന്ത് ഉപയോഗം എന്നാണോ? ജെസിയും മായയും പറയും ജാതിക്കയിൽ ഒത്തിരി വൈവിധ്യങ്ങൾ ഒളിഞ്ഞിരിപ്പുണ്ടെന്ന്. ജാതിക്ക സിറപ്പ് മുതൽ ജാതിക്ക ചമ്മന്തി പൊടി വരെ പുതിയ രുചി വൈവിധ്യങ്ങളുമായി സരസിൽ ശ്രദ്ധ നേടുകയാണ് കാസർകോട് കാഞ്ഞങ്ങാട് സ്വദേശികളായ ജെസ്സി മാത്യുവും മായ തോമസും. ജാതിക്കയുടെ കുരു മുതൽ തൊണ്ട് വരെയുള്ളവകൊണ്ട് മൂല്യ വർദ്ധിത ഉത്പന്നങ്ങൾ ഇവർ നിർമ്മിക്കുന്നുണ്ട്.
ജാതിക്കയിൽ നിന്ന് വ്യത്യസ്തമായ മൂല്യ വർധിത ഉത്പന്നങ്ങൾ നിർമ്മിക്കാൻ കഴിഞ്ഞ ഒമ്പത് വർഷത്തെ പരീക്ഷണത്തിനും പ്രയത്നത്തിനും ഒടുവിൽ “അലിയ നട്ട് മഗ് പ്രോജാക്റ്റ് ” എന്ന തങ്ങളുടെ സംരംഭം ശ്രദ്ധ നേടിയ സന്തോഷത്തിലാണ് ഇവർ. തിരുവനന്തപുരത്ത് നടന്ന കേരളീയത്തിൽ ജാതിക്ക രുചികൾ പരിചയപ്പെടുത്തി ശ്രദ്ധ നേടിയ ആത്മവിശ്വാസത്തിലാണ് പുതിയ രുചികൾ പരിചയപ്പെടുത്താൻ കൊച്ചിയിലേക്ക് എത്തിയത്.
വ്യാപാര വിപണിയിൽ ഉയർന്ന മൂല്യവും വലിയ ഔഷധഗുണങ്ങളുമുള്ള ജാതിക്കയുടെ പരിപ്പും തോടും ജാതിപത്രിയും ഉപയോഗിച്ച് നിരവധി ഭക്ഷ്യോൽപന്നങ്ങളാണ് ഇവർ നിർമ്മിക്കുന്നത്. സിറപ്പ്, അച്ചാർ, ജാം, സ്ക്വാഷ്, കാൻഡി, ജാതിക്ക പുളി ഇഞ്ചി, ഹെൽത്ത്‌ ഡ്രിങ്ക്, തുടങ്ങിയവ ഇവിടെ ലഭ്യമാണ്. 2024 ജനുവരി ഒന്നുവരെ സരസിൽ ജാതിക്ക വിഭവങ്ങളുടെ പുതിയ രുചികൾ അറിയാം.