കളമശ്ശേരി മണ്ഡലത്തിൽ നടപ്പിലാക്കിവരുന്ന ‘കൃഷിക്കൊപ്പം കളമശ്ശേരി’ സമഗ്ര കാർഷിക വികസന പദ്ധതിയുടെ ഭാഗമായി മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിലായി 70 ഏക്കർ സ്ഥലത്ത് കൃഷി ചെയ്ത രാജകൂവകൾ വിളവെടുപ്പിനൊരുങ്ങുകയാണ്. കഴിഞ്ഞ മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളായി മാഞ്ഞാലി സർവ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ആരംഭിച്ച കൂവകൃഷിയാണ് ഇപ്പോൾ വിളവെടുപ്പിന് തയ്യാറായിരിക്കുന്നത്. തികച്ചും ജൈവ രീതിയിൽ കൃഷി ചെയ്ത കൂവ കേടുകൂടാതെ ശേഖരിച്ച് സൂക്ഷിക്കുന്നതിനായി എ.ഐ.എഫ് (അഗ്രികൾച്ചർ ഇൻഫ്ര ഫിനാൻസിങ് ഫണ്ട്) പദ്ധതിയിലുൾപ്പെടുത്തി കൂവ സംസ്കരണശാലയും മണ്ഡലത്തിൽ സ്ഥാപിച്ചിട്ടുണ്ട്. അവിടേക്ക് ആവശ്യമായ രാജകൂവ ബാങ്കിന്റെ നേതൃത്വത്തിൽ കർഷകരെ കൊണ്ട് കൃഷി ചെയ്യിപ്പിച്ചാണ് വിളവ് സംഭരിക്കുന്നത്.
കൃഷിക്കാരുടെ മുഴുവൻ വിളവും ന്യായമായ വില നൽകി ബാങ്ക് സംഭരിക്കും. കൃഷി വകുപ്പിൻ്റെ സഹായത്തോടെ ഓർഗാനിക് സർട്ടിഫിക്കറ്റ് ലഭിക്കത്തക്ക രീതിയിൽ കൃഷി ചെയ്യാനാണ് ബാങ്ക് ലക്ഷ്യമിടുന്നത്. കൂവ കൃഷിക്കും കൂവസംസ്കരണത്തിനും കേന്ദ്രസർക്കാർ സ്ഥാപനമായ ഐ.സി.എ.ആറിൻ്റെ കീഴിലുള്ള കിഴങ്ങു വിള ഗവേഷണ കേന്ദ്രത്തിൻ്റെ സാങ്കേതിക ഉപദേശവും ലഭിക്കുന്നുണ്ട്.