Menu Close

ഒരു ചെറിയ പരീക്ഷണത്തിലൂടെ നിങ്ങളുടെ മണ്ണിന്റെ പിഎച്ച് മൂല്യം അറിയാം.

ചെടികളുടെ പരിപാലനം കൃത്യതയോടെ നടക്കാന്‍ മണ്ണിന്റെ പിഎച്ച് മൂല്യം അറിഞ്ഞിരിക്കേണ്ടതുണ്ട്. എല്ലാത്തവണയും കൃഷി ആരംഭിക്കുന്നതിനു മുമ്പായി പിഎച്ച് മൂല്യം അറിഞ്ഞിരിക്കുന്നത് നല്ലതാണ്. തുള്ളിനന പോലുള്ള ഹൈടെക് കൃഷിരീതികള്‍ പിന്തുടരുന്ന കർഷകര്‍ക്ക് തങ്ങളുടെ മണ്ണിന്റെ പിഎച്ച് മൂല്യത്തെക്കുറിച്ച് നല്ല ധാരണ ഉണ്ടായിരിക്കണം. പി എച്ച് നിലവാരം അറിയാനായാല്‍ മണ്ണിന്റെ അപര്യാപ്തത എന്തിലാണെന്നു മനസ്സിലാക്കി അതിനനുസരിച്ച് കുമ്മായം, ഡോളോമൈറ്റ് എന്നിവയില്‍ ഏത് എത്ര ഉപയോഗിക്കണം എന്നതിനെക്കുറിച്ച് ഒരു ഏകദേശധാരണ ഉണ്ടാക്കാനാകും. പക്ഷേ, ഇതിനായി മണ്ണുപരിശോധനാകേന്ദ്രത്തില്‍ പോവുകയൊന്നുംവേണ്ട. പകരം, വീട്ടില്‍വച്ചു ചെയ്യാവുന്ന ലളിതമായ രീതികളുണ്ട്.

മണ്ണിന്റ പിഎച്ച് മൂല്യം കണ്ടെത്തുവാനുള്ള ഏറ്റവും ലളിതമായ രീതി പിഎച്ച് സ്ട്രിപ്പ് ഉപയോഗിക്കുന്നതാണ്. സാധാരണ മണ്ണുപരിശോധനയ്ക്ക് മണ്ണെടുക്കുന്നതുപോലെയാണ് ഇതിനും എടുക്കേണ്ടത്. കൃഷിസ്ഥലത്തിന്റെ പല സ്ഥലത്തും പലയളവിലായിരിക്കും പി എച്ച് മൂല്യം. അതിനാല്‍ നിങ്ങള്‍ കൃഷിചെയ്യുന്ന ഭൂമിയിലെ പല സ്ഥലത്തുനിന്നും സാമ്പിളുകള്‍ ശേഖരിക്കണം. ഒരേ ആഴത്തില്‍നിന്ന് ശേഖരിച്ച മണ്ണായിരിക്കുന്നതു നല്ലത്. ഒരു ഏക്കർ ആണ് കൃഷി സ്ഥലമെങ്കില്‍ കുറഞ്ഞ് പത്തിടത്തുനിന്നെങ്കിലും സാമ്പിളുകള്‍ ശേഖരിക്കുക. എന്നിട്ട് എല്ലാ സാമ്പിളുകളും ഒരു ബക്കറ്റിലിട്ടശേഷം മണ്ണില്‍ കരടുകളില്ലെന്ന് ഉറപ്പുവരുത്തണം. ചെടിയുടെ അവശിഷ്ടങ്ങള്‍, ചവറുകള്‍, പാറക്കല്ല്, കല്ല് തുടങ്ങിയവയെല്ലാം നീക്കം ചെയ്യണം. എന്നിട്ട് മണ്ണ് നന്നായി ഇളക്കുക. അതില്‍നിന്ന് ഒരുപിടി മണ്ണെടുക്കുക. ചെറിയ ഒരു ഗ്ലാസില്‍ കൊള്ളുന്ന അളവില്‍ എടുത്താല്‍മതി. ഈ മണ്ണ് ഒരു സ്ഫടികക്കുപ്പിയിലിട്ട് അതിന്റെ രണ്ടരയിരട്ടി ഡിസ്റ്റിള്‍ഡ് വാട്ടര്‍ ഒഴിക്കുക. കുപ്പി നന്നായി കുലുക്കിയശേഷം മണ്ണ് അടിയുവാനായി അരമണിക്കൂര്‍ മാറ്റിവയ്ക്കുക.

ഇവിടെ ഡിസ്റ്റില്‍ഡ് വാട്ടര്‍ എന്നു പറഞ്ഞത് വെള്ളത്തിന്റെ പിഎച്ച് മൂല്യം ഉറപ്പിക്കാനാണ്. നല്ല മിനറല്‍ വാട്ടറും ഉപയോഗിക്കാം. പരിശോധനയ്ക്കു മുമ്പായി വെള്ളത്തിന്റെ പി എച്ച് നോക്കുന്നത് കൃത്യതയ്ക്ക് നല്ലതാണ്. വെള്ളത്തിന്റെ പി എച്ച് 7.0 ആയിരിക്കണം. അതിന് ഡിസ്റ്റിൽഡ് വാട്ടറാണ് നല്ലത്.

കടയില്‍നിന്നോ ആമസോണ്‍ പോലുള്ള ഓണ്‍ലൈന്‍സ്ഥാപനങ്ങളില്‍നിന്നോ പിഎച്ച് സ്ട്രിപ്പ് വാങ്ങാന്‍കിട്ടും. അത് കയ്യില്‍ കരുതിയിരിക്കണം. അരമണിക്കൂര്‍ കഴിഞ്ഞ് മണ്ണ് പൂര്‍ണമായി വെള്ളത്തിലടിഞ്ഞുവെന്ന് ഉറപ്പുവരുത്തിയശേഷം പി എച്ച് സ്ട്രിപ് വെള്ളത്തിലിറക്കിപ്പിടിക്കുക. ക്രമേണ പി എച്ച് കടലാസിന്റെ നിറം മാറുന്നത് നിങ്ങൾക്ക് കാണുവാൻ സാധിക്കും. അൽപ്പസമയത്തിനുശേഷം കടലാസിന്റെ നിറത്തിന് ഒരു സ്ഥിരതവരും. അതിനുശേഷം കടലാസിൽ കാണുന്ന നിറവും പി എച്ച് സ്ട്രിപ്പിനൊപ്പമുള്ള കാര്‍ഡിലെ പി എച്ച് ചാർട്ടുമായി താരതമ്യം ചെയ്യുക. ചാർട്ടിൽ കാണിക്കുന്ന ഏതുനിറത്തിനാണോ വെള്ളത്തില്‍ മുക്കിയ പിഎച്ച് കടലാസിന്റെ നിറം ഏറ്റവും അടുത്തുനിൽക്കുന്നത് എന്നു കണ്ടെത്തുക. ഈ നിറത്തിന് അടുത്തായിനൽകിയ സംഖ്യയാണ് മണ്ണിന്റെ പി എച്ച്. ഒന്നുരണ്ടുപ്രാവശ്യം ഈ പരീക്ഷണം നടത്തി പി എച്ച് മൂല്യം കൃത്യമായി കണ്ടുപിടിക്കേണ്ടതാണ്.

പി എച്ച് കണ്ടുപിടിയ്ക്കുവാൻ കടലാസിനു പകരം യൂണിവേർസൽ ഇൻഡിക്കേറ്റർ ദ്രാവകം, പിഎച്ച് മീറ്റര്‍, പിഎച്ച് പെന്‍ എന്നിവ മാര്‍ക്കറ്റിലുണ്ട്. ഓരോരുത്തര്‍ക്കും സൗകര്യപ്രദമായി വാങ്ങി പരീക്ഷിക്കാവുന്നതാണ്. പരിശോധനയ്ക്കു മുമ്പായി നിങ്ങളുടെ കൃഷിഓഫീസറുമായി സംസാരിച്ച് അറിവ് നേടുന്നത് എന്തുകൊണ്ടും അഭികാമ്യമായിരിക്കും.