തൃശൂര്‍, വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ കൃഷിവകുപ്പിന്റെ ഭാരതീയ പ്രകൃതികൃഷി പദ്ധതിയുടെ ഭാഗമായി കിസാന്‍മേള ഈ വര്‍ഷം കുംഭവിത്തുമേളയായി സംഘടിപ്പിക്കുന്നു. മേളയുടെ ബ്ലോക്ക്തല ഉദ്ഘാടനം വെള്ളാങ്കല്ലൂര്‍ കമലഹാളില്‍ 2024 ഫെബ്രുവരി 20 ന് രാവിലെ 10 ന് ഉന്നത വിദ്യാഭ്യാസ- സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര് ബിന്ദു നിര്‍വഹിക്കും. 22 വരെയാണ് മേള നടക്കുക.
മേളയില്‍ കര്‍ഷകരുടെ തനത്, മൂല്യവര്ധിതോല്പ്പന്നങ്ങളുടെ വിവിധ സ്റ്റാളുകള്‍, ഐസിഎആര്നു കീഴില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ബ്യൂറോ ഓഫ് പ്ലാന്റ് ജനറ്റിക് റിസോഴ്സ് എന്ന സ്ഥാപനവും രജിസ്റ്റേര്‍ഡ് കര്‍ഷകരും ചേര്‍ന്ന് ഒരുക്കുന്ന സ്റ്റാളുകള്‍, വിവിധ നടീല്‍ വസ്തുക്കളുടെ പ്രദര്‍ശനവും വില്‍പ്പനയും, കുടുംബശ്രീ ഭക്ഷ്യസ്റ്റാളുകള്‍, കാര്‍ഷിക ക്ലിനിക്കുകള്‍, സെമിനാറുകള്‍, വിവിധ കലാപരിപാടികള്‍ എന്നിവ ഉണ്ടായിരിക്കും. അഡ്വ. വി ആര് സുനില്‍കുമാര്‍ എംഎല്‍എ അധ്യക്ഷനാകും.
കാര്‍ഷികമേഖലയില്‍ തനത വ്യക്തിമുദ്ര പതിപ്പിച്ച ഈ വര്‍ഷത്തെ കര്‍ഷക അവാര്‍ഡ് ജേതാക്കളായ ശ്യാം മോഹന്‍, വിനോദ് ഇടവന എന്നിവരുടെ അനുഭവങ്ങള്‍ പങ്കുവെക്കല്‍, മണ്ണ് പരിശോധന ക്യാമ്പയിന് എന്നിവയും നടത്തുന്നുണ്ട്. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലതാ ചന്ദ്രന് മുഖ്യാതിഥിയാകും. ജില്ലാ പഞ്ചായത്ത് അംഗം പി കെ ഡേവിസ് മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തും. വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജയലക്ഷ്മി വിനയചന്ദ്രന്, വെള്ളാങ്കല്ലൂര്‍ കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ എം കെ സ്മിത, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ ഡബ്ല്യൂ എം ആര് ഷര്‍ലി, വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണന് കുറ്റി പറമ്പില്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഷീല അജയഘോഷ്, വെള്ളാങ്കല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം എം മുകേഷ്, വേളൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ എസ് ധനീഷ്, പടിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലതാ സഹദേവന്, പുത്തന്‍ചിറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോമി ബേബി, പൂമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ എസ് തമ്പി, വിവിധ സ്റ്റാന്‍ഡിങ് കമ്മിറ്റി മെമ്പര്‍മാര്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാര്‍, കൃഷി ഓഫീസര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.