ജലലഭ്യതയനുസരിച്ച് മുണ്ടകന്‍ഞാറ് പൊടിഞാറ്റടിയായോ ചേറ്റുഞാറ്റടിയായോ തയ്യാറാക്കാം. ജലം ലഭിക്കുന്ന പ്രദേശങ്ങളില്‍ ചേറ്റുഞാറ്റടിയാണ് ഉത്തമം. ഒരാഴ്ച്ച മുമ്പേ വിളയും എന്നതാണ് ഈ രീതിയുടെ ഗുണം. നല്ല വളക്കൂറും നീര്‍വാര്‍ച്ചയും ജലസേചന സൗകര്യവുമുള്ള സ്ഥലം വേണം ഞാറ്റടിയ്ക്കായി തിരഞ്ഞെടുക്കാന്‍. നിലമൊരുക്കുന്നതിനോടൊപ്പം ചതുരശ്ര മീറ്ററിന് 1 കിലോഗ്രാം എന്ന തോതില്‍ കമ്പോസ്റ്റോ കാലിവളമോ മണ്ണുമായി ചേര്‍ത്തുകൊടുക്കണം.
ഞാറ്റടിയൊരുക്കുമ്പോള് വിത്തിനായി ഭാരമുള്ള നെന്മണികള് മാത്രം ഉപയോഗിക്കുക. ഇതിനായി 150 ഗ്രാം കറിയുപ്പ് വെള്ളത്തിലിട്ട് താഴുന്ന നെന്മണികള് മാത്രം ഉപയോഗിക്കുക. ഒരേക്കറിന് 25 മുതല്‍ 30 കി.ഗ്രാം വിത്ത് മതിയാകും. ഒരേക്കര്‍ നടുന്നതിന് 10 സെന്റ് സ്ഥലത്ത് ഞാറ്റടി ഒരുക്കിയാല്‍ മതി.
വിത്ത് കുതിര്‍ക്കുമ്പോള്‍ സ്യുഡോമോണാസ് ബാക്ടീരിയല്‍ മിശ്രിതം ചേര്‍ത്താല്‍ ഞാറ്റടിയിലുണ്ടാകുന്ന രോഗങ്ങളെ ചെറുക്കാന്‍ സാധിക്കും. ഒരു കിലോഗ്രാം വിത്തിന് 10 ഗ്രാം മിശ്രിതം എന്ന കണക്കിന് ഒരു ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തി ലായനി തയ്യാറാക്കണം.
മുണ്ടകന്‍ പറ്റിയ മൂപ്പു കുറഞ്ഞ ഇനങ്ങള്‍ മട്ടത്രിവേണി, ജ്യോതി, കാര്‍ത്തിക, കാഞ്ചന, രമണിക, വര്‍ഷ, മകം, രേവതി, മുതലായവയും ഇടത്തരം മൂപ്പുള്ള ഇനങ്ങള്‍ ഐശ്വര്യ, പവിഴം, പവിത്ര, ഉമ, കനകം, ഗൗരി തുടങ്ങിയവയുമാണ്. പാലക്കാടന്‍ പ്രദേശങ്ങള്‍ക്കു പറ്റിയ മൂപ്പു കൂടിയ ഇനങ്ങള്‍ പൊന്മണി, പൊന്നി, ശ്വേത എന്നിവയാണ്. വെള്ളത്തിന്റെ ലഭ്യതയനുസരിച്ച് വേണം ഇനം തെരഞ്ഞെടുക്കാന്‍.
പോളരോഗത്തിന്റെയും തണ്ടുതുരപ്പന്റെയും ശല്യമുള്ള ഇടങ്ങളില്‍ ഇവയെ ചെറുക്കാന്‍ ശേഷിയുള്ള കാഞ്ചന, കരുണ എന്നീ ഇനങ്ങള്‍ നടുന്നത് നന്നായിരിക്കും. ഉമ, ഗൗരി തുടങ്ങിയ ഇനങ്ങളും പൊതുവെ രോഗപ്രതിരോധശേഷി കൂടിയവയാണ്.
കുതിര്‍ത്ത വിത്ത് വെള്ളം വാര്‍ത്തുകളഞ്ഞ് ചൂടും ഈര്‍പ്പവുമുള്ള സ്ഥലത്ത് മുളയ്ക്കാന്‍ വെയ്ക്കുക. ഈര്‍പ്പം കുറയാതിരിയ്ക്കാന്‍ നനച്ച ചണച്ചാക്കുകൊണ്ട് മൂടുകയോ വെള്ളം തളിച്ചുകൊടുക്കുകയോ ചെയ്യുക.
മുളച്ച വിത്ത് മൂന്നാം ദിവസം തന്നെ വിതയ്ക്കണം. വിത താമസിപ്പിയ്ക്കുന്നത് ഞാറിന്റെ കരുത്ത് കുറയാന്‍ ഇടയാക്കും.
വിരിപ്പിനുശേഷം മുണ്ടകന്കൃഷിയിറക്കുന്ന പാടങ്ങളില്‍ കൊയ്ത്തുകഴിഞ്ഞ് കുമ്മായവും ജൈവവളങ്ങളും ചേര്‍ത്ത് നിലം ഉഴുത് രണ്ടാഴ്ചയെങ്കിലും വെറുതേയിടുന്നത് നിലത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ നല്ലതാണ്.