നാളികേര കർഷകർക്ക് കൈത്താങ്ങാവുകയാണ് മൂടാടി ഗ്രാമപഞ്ചായത്തിലെ കേര സൗഭാഗ്യ പദ്ധതി. നാളികേര കർഷകരെ ബുദ്ധിമുട്ടിക്കുന്ന പ്രധാന പ്രശ്നങ്ങളാണ് തെങ്ങിൽ കയറാൻ ആളില്ലാത്തതും കൂലി കൊടുക്കാൻ കാശില്ലാത്തതും. ഈ പ്രയാസത്തിന് പരിഹാരമായാണ് മൂടാടിയിൽ കേര സൗഭാഗ്യ പദ്ധതി ആരംഭിച്ചത്. 2023-24 വർഷത്തെ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്.
ഒരേ സമയം നാളികേര കർഷകരെയും തെങ്ങ് കയറ്റ തൊഴിലാളികളെയും സംരക്ഷിക്കുന്ന പദ്ധതിയാണ് മൂടാടിയിൽ നടപ്പാക്കി തുടങ്ങിയത്. ഒരു മാസം പൂർത്തിയായപ്പോൾ തേങ്ങ പറിക്കാൻ കൂലി സബ്സിഡി നൽകുന്ന കേര സൗഭാഗ്യ പദ്ധതിയിൽ രജിസ്റ്റർ ചെയ്ത തൊഴിലാളികൾക്ക് ശമ്പള വിതരണം നടത്തി വിജയകരമായി പദ്ധതി പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുകയാണ് പഞ്ചായത്ത്. ഗുണഭോക്തൃ വിഹിതവും ഗ്രാമ പഞ്ചായത്തിൻ്റെ സബ്സിഡിയും ചേർത്തുള്ള വേതനമാണ് നൽകിയത്. ഇതിനു പുറമേ തൊഴിലാളികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കിയിട്ടുണ്ട്. കാർഷിക കർമസേനയാണ് നിർവഹണ ഏജൻസിയായി പ്രവർത്തിക്കുന്നത്.