Menu Close

നെല്ലുസംഭരണത്തിന് സബ്‌സിഡി 195.36 കോടി രൂപ, കൈകാര്യച്ചെലവുകൾക്ക് 8.54 കോടി രൂപ: ധനകാര്യമന്ത്രി കെ എന്‍ ബാലഗോപാല്‍

സംസ്ഥാന സിവിൽ സപ്ലൈസ്‌ കോർപറേഷന്‌ 203.9 കോടി രൂപ അനുവദിച്ചതായി ധനകാര്യമന്ത്രി കെ.എൻ ബാലഗോപാൽ അറിയിച്ചു. നെല്ലുസംഭരണത്തിന് സംസ്ഥാന സബ്‌സിഡിയായി 195.36 കോടി രൂപയും കൈകാര്യ ചെലവുകൾക്കായി 8.54 കോടി രൂപയുമാണ്‌ അനുവദിച്ചത്‌. നെല്ലുസംഭരണത്തിനുള്ള കേന്ദ്രസർക്കാരില്‍നിന്നുള്ള താങ്ങുവിലസഹായത്തിന്റെ കുടിശ്ശിക ഇനിയും അനുവദിക്കാത്ത സാഹചര്യത്തിലാണ് അടിയന്തരമായി തുക ലഭ്യമാക്കിയത്‌. നേരത്തെ രണ്ടു തവണയായി 380 കോടി രൂപയും അനുവദിച്ചിരുന്നു. കേന്ദ്രത്തിന്റെ താങ്ങുവില സഹായത്തിൽ മൂന്നുവർഷത്തെ 763 കോടി രൂപയാണ് കുടിശ്ശികയുള്ളത്. ഈ വർഷത്തെ 388.81 കോടി രൂപയും കഴിഞ്ഞ വർഷത്തെ 351.23 കോടി രൂപയും ലഭിക്കാനുണ്ട്‌. 2021–22ലെ 23.11 കോടി രൂപയും കുടിശ്ശികയാണ്‌.