ചെമ്പന്‍ചെല്ലിയുടെ ഉപദ്രവം തെങ്ങിനെ കൂടുതലായി ബാധിച്ചുകാണുന്നു.
എന്താണ് ചെമ്പന്‍ചെല്ലി?
റിങ്കോഫൊറസ് ഫെറുഗിനിയെസ് ( Rhynchophorus Ferrugineus) എന്ന ശാസ്ത്രനാമത്തില്‍ പറക്കാന്‍ കഴിവുള്ള വണ്ടിന്റെ ഇനത്തില്‍പ്പെട്ട ഒരു ഷഡ്പദമാണ് ചെമ്പന്‍ചെല്ലി. അരക്കേഷ്യ കുടുംബത്തില്‍പ്പെട്ട തെങ്ങ്, ഈന്തപ്പന, എണ്ണപ്പന തുടങ്ങിയ കൃഷികളെ പ്രതികൂലമായി ബാധിക്കുന്ന പ്രധാന കീടങ്ങളിലൊന്നാണ് ചെമ്പന്‍ചെല്ലി. തെങ്ങുപോലുള്ള നാരുകളുള്ള മരങ്ങളുടെ തടിതുളച്ച് നീര് കുടിക്കുകയും തടിക്കുള്ളില്‍ മുട്ടയിട്ട് വംശവര്‍ധന നടത്തുകയും ചെയ്യുന്നു. തൈത്തെങ്ങുകള്‍ മുതല്‍ 20 വയസ്സുവരെയുള്ള തെങ്ങുകളെയാണ് ഇത് ബാധിക്കുന്നത്.
ലക്ഷണം
തെങ്ങിന്‍തടിയില്‍ ദ്വാരങ്ങളുണ്ടായി അതിലൂടെ തവിട്ടുനിറത്തിലുള്ള ദ്രാവകം ഒലിച്ചിറങ്ങുന്നതാണ് ആദ്യലക്ഷണം. ചെല്ലിചവച്ച നാരുകളും ചണ്ടിയും മറ്റും പുറത്തേയ്ക്കു വരുന്നത് കണ്ടാല്‍ ശ്രദ്ധിക്കണം. ഓലയുടെ കടഭാഗം നെടുകെ പിളരുക, നടുനാമ്പ് വാടിപ്പോവുക എന്നിവയാണ് മറ്റു ലക്ഷണങ്ങള്‍. തവിട്ടുദ്രാവകമൊലിക്കുന്നതിന് തെങ്ങിനുണ്ടാകുന്ന ചെന്നീരൊലിപ്പുമായി സാമ്യം കണ്ടേക്കാം. പക്ഷേ ചെന്നീരൊലിപ്പ് തെങ്ങിന്റെ മണ്ടയ്ക്കടുത്ത ഭാഗത്തുനിന്നല്ല, മുരടില്‍ നിന്ന് രണ്ടടി മുകളിലായാണ് കാണപ്പെടുക എന്ന വ്യത്യാസമുണ്ട്. ചെമ്പന്‍ചെല്ലിയുടെ ദ്വാരങ്ങള്‍ അധികവും തെങ്ങിന്റെ നാരുകള്‍ ദൃഢമാകാത്ത ഭാഗത്താണ് കാണുക. ദ്വാരത്തിനടുത്ത് ചെവിയോര്‍ത്താല്‍ ചെല്ലി തെങ്ങിന്‍ കാമ്പ് കരണ്ടുതിന്നുന്ന ശബ്ദവും ചിലപ്പോള്‍ കേള്‍ക്കാം. രൂക്ഷമായ ആക്രമണത്തില്‍ പിടിച്ചുനില്‍ക്കാനാവാതെ തെങ്ങിന്റെ മണ്ടതന്നെ ചിലപ്പോള്‍ ഒടിഞ്ഞുതൂങ്ങാം.
ചെമ്പന്‍ചെല്ലി ഉണ്ടാകാനുള്ള സാഹചര്യം ഒഴിവാക്കണം.
തോട്ടം വൃത്തിയായി സൂക്ഷിക്കുകയാണ് ആദ്യം വേണ്ടത്. അഴുകിയ തെങ്ങിന്‍തടികകളും മറ്റും അലക്ഷ്യമായി വലിച്ചെറിയരുത്. അവ ഉണക്കി കത്തിച്ചുകളയണം. ജൈവാവശിഷ്ടങ്ങള്‍ ജീര്‍ണിച്ചുനാറി തോട്ടങ്ങളില്‍ കിടക്കാന്‍ അനുവദിക്കരുത്. ഉപയോഗിക്കാനുള്ള ചാണകം ഉണക്കിസൂക്ഷിക്കുക. ചാണകക്കുഴികള്‍ കമ്പോസ്റ്റ് കുഴികള്‍ അഴുകുന്ന ജൈവാവശിഷ്ടങ്ങള്‍ എന്നിവയില്‍ പെരുവലച്ചെടി അപ്പാടെ ഇടുകയോ അത് ഇടിച്ചുപിഴിഞ്ഞ് സത്തെടുത്ത് തളിക്കുകയോ ചെയ്താല്‍ ചെമ്പന്‍ചെല്ലി മുട്ടയിട്ട് പെരുകുന്നത് ഒഴിവാക്കാം. കൂടാതെ മെറ്റാറൈസ്യം എന്ന പച്ചക്കുമിള്‍ ഒരുക്യുബിക് മീറ്ററിന് 100ഗ്രാം കള്‍ച്ചര്‍ അഞ്ചു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിച്ചാലും ജൈവജീര്‍ണ വസ്തുക്കളില്‍ ചെമ്പന്‍ചെല്ലി വളരുന്നത് തടയാനാകും.
തെങ്ങിന് ഒരു തരത്തിലുമുള്ള മുറിവോ ക്ഷതങ്ങളോ ഉണ്ടാക്കരുത്. തെങ്ങുകയറാന്‍ കൊതവെട്ടുന്ന രീതി അവസാനിപ്പിക്കണം. തൈകള്‍ പറിച്ചു നടുന്നതുമുതല്‍ അതിന് ഏഴെട്ടുവര്‍ഷം പ്രായമെത്തുന്നതുവരെ ഓലക്കവിളുകളില്‍ ജൈവകീടനാശിനികള്‍ തളിച്ചും വേപ്പിന്‍പിണ്ണാക്കോ മരോട്ടിപ്പിണ്ണാക്കോ 300 ഗ്രാം അതേ അളവില്‍ പൂഴി(മണല്‍)യുമായിചേര്‍ത്ത് വര്‍ഷത്തില്‍ മൂന്നോ നാലോ തവണ ഇളംകൂമ്പിനു ചുറ്റും വിരിഞ്ഞുവരുന്ന നാല് ഓലക്കൂമ്പില്‍ വരെ നിറച്ചുവെക്കാം. ചെറിയ തൈത്തെങ്ങുകളാണെങ്കില്‍ പാറ്റഗുളിക ഇതുപോലെ വെച്ച് പൂഴികൊണ്ട് മൂടുന്നതും ഇവയെ തുരത്താന്‍ ഫലപ്രദമാണ്.
ചെമ്പന്‍ചെല്ലി പണി തുടങ്ങിക്കഴിഞ്ഞാലോ?
ആക്രമണമുള്ള തെങ്ങിന്റെ ദ്വാരങ്ങള്‍ കണ്ടുപിടിച്ച് ഏറ്റവും മുകളിലത്തെ ദ്വാരമൊഴികെ ബാക്കിയെല്ലാം അടച്ച ശേഷം മുകളിലെ ദ്വാരത്തില്‍ക്കൂടി ചോര്‍പ്പുപയോഗിച്ച് ഇമിഡാക്ലോപ്രിഡ് 1 മില്ലി 1 ലിറ്റര്‍ എന്ന തോതില്‍ ഒഴിച്ചുകൊടുക്കണം. ഫെറമോണ്‍കെണി ഉപയോഗിച്ചും ചെമ്പന്‍ ചെല്ലിയെ നിയന്ത്രിക്കാം. വിദഗ്ധരുടെ ഉപദേശമനുസരിച്ച് വേണം ഫെറമോണ്‍കെണി ഉപയോഗിക്കുവാന്‍.