നെല്‍ വിത്തുവിതച്ച് 55 ദിവസം മുതല്‍ 65 ദിവസം വരെ പ്രായമായ നെടുമുടി, എടത്വാ, കൈനകരി കൃഷിഭവനുകളുടെ പരിധിയില്‍ വരുന്ന ചില പാടശേഖരങ്ങളില്‍ മുഞ്ഞയുടെ സാന്നിധ്യം കാണുന്നുണ്ട്. നിലവിലുള്ള കാലാവസ്ഥ മുഞ്ഞയുടെ വ്യാപനത്തിന് അനുകൂലമാണ്. നെല്‍ച്ചെടിയുടെ ചുവട്ടില്‍ കൂട്ടമായിരുന്ന പൂര്‍ണ്ണ വളര്‍ച്ചയെത്തിയ മുഞ്ഞയും കുഞ്ഞുങ്ങളും നീരൂറ്റി കുടിക്കുന്നതുമൂലം നെല്‍ച്ചെടികള്‍ മഞ്ഞളിക്കുകയും ക്രമേണ കരിഞ്ഞുപോകുകയും ചെയ്യുന്നു. അശാസ്ത്രീയമായ കീടനാശിനി പ്രയോഗം ഒഴിവാക്കണം. പാടശേഖരങ്ങളിലെ താഴ്ന്ന പ്രദേശങ്ങളിലും നെല്‍ച്ചെടികളുടെ തിക്കം കൂടുതലുഉള്ളതുമായ സ്ഥലങ്ങളില്‍ ആക്രമണം രൂക്ഷമാകാന്‍ സാധ്യതയുണ്ട്. കൂടാതെ വ്യാപക കീടനാശിനികളുടെ ഉപയോഗം നടത്തിയിട്ടുള്ള പാടങ്ങളില്‍ മിത്ര പ്രാണികളുടെ എണ്ണം ഗണ്യമായി കുറയുന്നതുമൂലം മുഞ്ഞയുടെ വംശവര്‍ദ്ധന ഉണ്ടാകുന്നതാണ്. എന്നാല്‍ മിക്കയിടങ്ങളിലും മുഞ്ഞയുടെ മുട്ടകളെ ആഹാരമാക്കുന്ന മിറിഡ് ചാഴികള്‍ കാണപ്പെടുന്നു. ഈ സാഹചര്യത്തില്‍ കര്‍ഷകര്‍ വളരെ കരുതലോടുകൂടിയിരിക്കണം. സാങ്കേതിക നിര്‍ദ്ദേശ പ്രകാരമല്ലാതെ ഒരു കീടത്തിനെതിരേയും രാസകീടനാശിനികള്‍ പ്രയോഗിക്കരുത്. നിലവില്‍ രാസകീടനാശിനികള്‍ പ്രയോഗിക്കേണ്ട സാഹചര്യം എവിടേയും ഇല്ല. മൂടിക്കെട്ടിയ കാലാവസ്ഥയിലും ഇടവിട്ട മഴയുള്ള സമയങ്ങളിലും മുഞ്ഞ കൂടുതലായി പകരാനുള്ള സാദ്ധ്യതയുണ്ട്. കൃഷിയിടത്തില്‍ പ്രയോഗിക്കുന്ന ഏതൊരു കീടനാശിനിയും തുടര്‍ന്ന് മുഞ്ഞയുടെ വംശവര്‍ദ്ധനവിന് ഇടയാക്കുമെന്നതിനാല്‍ ഇക്കാര്യത്തില്‍ കര്‍ഷകര്‍ പ്രത്യേകം ശ്രദ്ധ പതിപ്പിക്കണം. മുഞ്ഞയുടെ ലക്ഷണം കണ്ടാല്‍ സാങ്കേതിക സഹായത്തിനായി മങ്കൊമ്പ് കീടനിരീക്ഷണ കേന്ദ്രവുമായോ, നെല്ല് ഗവേഷണ കേന്ദ്രവുമായോ ബന്ധപ്പെടാവുന്നതാണ്. ഫോൺ – 0477 2702683