കര്‍ഷകര്‍ക്കു മാത്രമുള്ളതാണ് കിസാൻ ക്രെഡിറ്റ് കാർഡ് എന്നാണ് പലരും വിചാരിച്ചിരിക്കുന്നത്. എന്നാല്‍, അല്ല. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ 2019ൽ പുറത്തിറക്കിയ സർക്കുലർ പ്രകാരം മൃഗസംരക്ഷണ മേഖലയിലെ കർഷകർക്കും കിസാൻ ക്രെഡിറ്റ് കാർഡു ലഭിക്കും. അതിനുള്ള അപേക്ഷ വിളിച്ചുകൊണ്ടിരിക്കുകയാണ് ഇപ്പോള്‍. അപേക്ഷിക്കാന്‍ മറക്കരുത്.
പശു, ആട്, കോഴി, പന്നി, താറാവ് കർഷകർക്കും കർഷകക്കൂട്ടായ്മകൾക്കും കിസാൻ ക്രെഡിറ്റ് കാർഡിന് അപേക്ഷിക്കാം. നിബന്ധനകൾക്കു വിധേയമായി 3 ലക്ഷം രൂപ വരെ വായ്പ കിട്ടും. 1.6 ലക്ഷം രൂപ വരെ അനുവദിക്കുന്നതിന് ഈടൊന്നും ആവശ്യമില്ല. തുടക്കത്തിൽ 7% ആണ് പലിശനിരക്ക്. കൃത്യമായി തിരിച്ചടയ്ക്കുന്നവർക്കു 3% പലിശ അക്കൗണ്ടിൽ തിരികെക്കിട്ടും. പരമാവധി പലിശ സബ്സിഡി 2 ലക്ഷം രൂപയായി നിജപ്പെടുത്തിയിട്ടുണ്ട്.
മൃഗസംരക്ഷണത്തിലേര്‍പ്പെട്ട കര്‍ഷകര്‍ക്ക് കിസാന്‍ ക്രെഡിറ്റ് കാര്‍ഡിന് അപേക്ഷിക്കാനുള്ള സമയമാണ് ഇപ്പോള്‍. അതാതുപ്രദേശത്തെ സർക്കാർ മൃഗാശുപത്രിയുമായി ബന്ധപ്പെട്ടാൽ അപേക്ഷാഫോം ലഭിക്കും. അപേക്ഷയോടൊപ്പം തിരിച്ചറിയൽ രേഖയായി ഡ്രൈവിങ് ലൈസൻസ്/ പാൻകാർഡ്/ ആധാർ കാർഡ് എന്നിവയും സ്ഥിരതാമസത്തിന്റെ തെളിവായി വൈദ്യുതി ബില്ല്/ വസ്തു നികുതി രസീത്/ ടെലിഫോൺ ബില്ല് എന്നിവ സ്വീകരിക്കും. 6 മാസത്തിനുള്ളിൽ എടുത്ത രണ്ട് ഫോട്ടോ കൂടി അപേക്ഷകന്‍ സമര്‍പ്പിക്കണം.
കാർഷികാവശ്യങ്ങൾക്ക് കിസാൻ ക്രെഡിറ്റ് കാർഡ് എടുത്തവര്‍ക്കും മൃഗസംരക്ഷണമേഖലയില്‍ വായ്പ ലഭിക്കാനായുള്ള ഈ അപേക്ഷ അയക്കാവുന്നതാണ്.
2025 മാർച്ച് വരെ അപേക്ഷകൾ സ്വീകരിക്കും.