Menu Close

ഈ മഴയത്ത് വാഴയ്ക്കു കരുതല്‍ വേണം

പിണ്ടിപ്പുഴു വാഴയെ മറിച്ചിടുംമുമ്പ്

വാഴയെ ആക്രമിക്കുന്ന പിണ്ടിപ്പുഴുവിന്റെ വംശവര്‍ദ്ധന തടയാനായി വാഴത്തോട്ടം വൃത്തിയായി സൂക്ഷിക്കുക. നട്ട് അഞ്ച് – അഞ്ചര മാസം പ്രായമാകുന്നതോടെ വാഴത്തടയില്‍ വണ്ടുകള്‍ മുട്ടയിടാന്‍ തുടങ്ങും. മുട്ട വിരിഞ്ഞിറങ്ങുന്ന പുഴുക്കള്‍ വാഴപ്പോളകളുടെ ഉള്ളിലേയ്ക്കുകടന്ന് പിണ്ടി തിന്നുവളരും. വാഴ മറിഞ്ഞ് വീഴുമ്പോള്‍ മാത്രമാണ് മിക്കവാറും ഇതിന്റെ ആക്രമണം അറിയുക. ഈ വണ്ടിന്റെ ആക്രമണം തടയുന്നതിനായി വാഴയ്ക്ക് അഞ്ച് മാസം പ്രായമാകുമ്പോള്‍ തന്നെ കളിമണ്ണ് കുഴച്ച് വാഴയുടെ പുറം പോളകളില്‍ തേച്ച് പിടിപ്പിക്കണം. അല്ലെങ്കില്‍ വേപ്പിന്‍സത്തടങ്ങിയ ജൈവകീടനാശിനി 4 മി.ലി. ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിക്കുക. ഇങ്ങനെ ചെയ്താല്‍ വണ്ട് മുട്ടയിടുന്നത് തടയുവാന്‍ സഹായിക്കും. പിണ്ടിപ്പുഴുവിന്റെ ആക്രമണം രൂക്ഷമാണെങ്കില്‍ ക്ലോര്‍പൈറിഫോസ് എന്ന കീടനാശിനി 2.5 മി.ലി 1 ലിറ്റര്‍ വെളളത്തില്‍ എന്ന തോതില്‍ ഇലക്കവിളില്‍ ഒഴിച്ചുകൊടുക്കുക.

തൃശൂര്‍, കണ്ണാറ വാഴഗവേഷണകേന്ദ്രം വാഴയിലെ പിണ്ടിപ്പുഴുവിനെയും മാണപ്പുഴുവിനെയും പൂര്‍ണമായും നശിപ്പിക്കാവുന്ന മിത്രനിമവിരകളെ കണ്ടെത്തിയിട്ടുണ്ട്. അവിടെനിന്ന് വില്പനയും ആരംഭിച്ചിട്ടുണ്ട്. ഫോണ്‍: 0487 2699087

വാഴയിലെ ഇലപ്പുള്ളി വലിയ പുള്ളിയാണ്

മഴക്കാലത്ത് വാഴയില്‍ കാണുന്ന ഇലപ്പുളളിരോഗത്തെ നിയന്ത്രിക്കാനായി 20ഗ്രാം സ്യൂഡോമോണാസ് 1 ലിറ്റര്‍ വെളളത്തില്‍ ചേര്‍ത്ത് കുളിര്‍ക്കെത്തളിക്കുക. ഒരാഴ്ചയ്ക്കുശേഷവും രോഗത്തിനു കുറവില്ലെങ്കില്‍ 2 മി.ലി ഹെക്സാകൊണാസോള്‍ 1 ലിറ്റര്‍ വെളളത്തില്‍ അല്ലെങ്കില്‍ 1 മി.ലി പ്രോപികൊണാസോള്‍ 1 ലിറ്റര്‍ വെളളത്തില്‍ എന്നതോതില്‍ പശ ചേര്‍ത്ത് ഇലയുടെ അടിയില്‍ പതിയത്തക്കവിധം കുളിര്‍ക്കെത്തളിക്കുക.