Menu Close

പട്ടാമ്പി സെൻട്രൽ ഓർച്ചാർഡ് വികസനപദ്ധതി ഉദ്ഘാടനം

കാർഷിക വികസന കർഷകക്ഷേമ വകുപ്പിന് കീഴിൽ പ്രവർത്തിച്ചുവരുന്ന സെൻട്രൽ ഓർച്ചാർഡ് പട്ടാമ്പിയുടെ സമഗ്രവും സുസ്ഥിരവും ആയ വികസനം ലക്ഷ്യമാക്കി രൂപീകരിച്ച പദ്ധതിക്ക് പട്ടാമ്പി എം.എൽ.എ മുഹമ്മദ് മുഹ്‌സിൻ ന്റെ നിർദ്ദേശപ്രകാരം കേരള ബജറ്റ് 2024-25 വികസന ഫണ്ടിൽനിന്നും അഞ്ച് കോടി രൂപ അനുവദിച്ചിട്ടുണ്ട്. പദ്ധതിയിൽ ജൈവകൃഷി പരിശീലന യൂണിറ്റ് നിർമാണം, നടപ്പാത, ചെയിൻ ലിങ്ക് ഫെൻസിങ്, പോളിഹൗസ് നിർമാണം, സംയോജിത കൃഷി യൂണിറ്റ്, 13 ഏക്കർ സ്ഥലത്ത് കൃത്യത കൃഷി, കുഴൽക്കിണർ നിർമാണം, ഔഷധസസ്യ ഗാർഡൻ, കുട്ടികൾക്കുള്ള പാർക്ക്, അലങ്കാര പുഷ്‌പങ്ങളുടെ കൃഷി, സ്മാർട്ട് കൃഷി പരിചയപ്പെടുത്തൽ, വിവിധ കാർഷിക സെൻസറുകൾ ഉപയോഗിച്ചുള്ള കൃഷിരീതികൾ, ഹൈടെക് ഫാമിങ് യൂണിറ്റ്, വിദേശ ഫലവൃക്ഷ തോട്ടം എന്നീ പദ്ധതികൾ ഉൾപ്പെടുത്തിയിരിക്കുന്നു. കർഷകർക്ക് വിവിധ കൃഷിരീതികൾ കണ്ടുമനസ്സിലാക്കുന്നതിന് കഴിയുന്ന രീതിയിലുള്ള ഫാം ടൂറിസം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളാണ് ഈ പദ്ധതിയിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്. ഇതിനോടൊപ്പം പട്ടാമ്പി ബ്ലോക്കിൽ നടപ്പിലാക്കുന്ന ഹോർട്ടിക്കൾച്ചർ മിഷൻ പദ്ധതിയായ ‘കൂൺഗ്രാമം’ പദ്ധതിയും ഉദ്ഘാടനം നിർവഹിക്കപ്പെടുകയാണ്. ഈ രണ്ട് പദ്ധതിയുടെയും ഉദ്ഘാടനം പട്ടാമ്പി എം.എൽ.എ മുഹമ്മദ് മുഹ്‌സിൻ ന്റെ അധ്യക്ഷതയിൽവച്ച് നടക്കുന്ന ചടങ്ങിൽ കാർഷിക വികസന കർഷകക്ഷേമ വകുപ്പുമന്ത്രി പി. പ്രസാദ് പട്ടാമ്പി പിഷാരടീസ് ഓഡിറ്റോറിയത്തിൽ വച്ച് 2025 ഒക്ടോബർ 24ന് ഉച്ചക്ക് 2.00 മണിക്ക് നിർവഹിക്കുന്നതാണ്.