ഒല്ലൂർ കൃഷി സമൃദ്ധി ഫാർമസ് പ്രൊഡ്യൂസേഴ്സ് കമ്പനിയുടെ പ്രൊസസിംഗ് യൂണിറ്റ് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് ഉദ്ഘാടനം നിർവഹിച്ചു. കേര പദ്ധതി നടപ്പിലാക്കുമ്പോൾ ഒല്ലൂർ കൃഷി സമൃദ്ധിയ്ക്കും പ്രത്യേകം പരിഗണന നൽകുമെന്നും മന്ത്രി വാഗ്ദാനം ചെയ്തു. 2021 മുതൽ കർഷകരുടെ ഉന്നമനത്തിനായി പ്രവർത്തിച്ചു വരുന്ന കർഷകോത്പാദക കമ്പനിയാണ് ഒല്ലൂർ കൃഷി സമൃദ്ധി ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി. പഴം, പച്ചക്കറികൾ എന്നിവയ്ക്ക് പുറമെ പച്ചത്തേങ്ങയുടെ സംഭരണവും കമ്പനി മുഖേന നടത്തി വരുന്നു. കാർഷികോത്പന്നങ്ങളുടെ മൂല്യവർദ്ധന യൂണിറ്റാണ് കട്ടിലപ്പൂവത്ത് ആരംഭിച്ചിരിക്കുന്നത്.
ഒല്ലൂർ കൃഷി സമൃദ്ധിയുടെ ജൈവ പച്ചക്കറി വിതരണത്തിനായി കളക്ടറേറ്റ് വളപ്പിൽ സ്റ്റാൾ ആരംഭിക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ പറഞ്ഞു. പ്രൊസസിംഗ് യൂണിറ്റ് ഉദ്ഘാടന ചടങ്ങിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ഇതിനായി ജില്ലാ ഭരണകൂടത്തിന്റെ അനുമതി ലഭിച്ചു കഴിഞ്ഞു. ഒല്ലൂർ കൃഷി സമൃദ്ധിയുടെ മാതൃക പ്രവർത്തനങ്ങൾ പോലെ കർഷക ഉന്നമനം ലക്ഷ്യമാക്കികൊണ്ടുള്ള മുന്നേറ്റങ്ങൾ ആവശ്യമാണെന്നും വെള്ളാനിക്കരയിലെ കാർഷിക സർവകലാശാലയിൽ ഈ വർഷം തന്നെ ആരംഭിക്കാൻ ലക്ഷ്യമിടുന്ന പ്രദർശന നഗരി ഫാം ടൂറിസമായി പ്രയോജനപ്പെടുത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ചെറുകിട കർഷകന് വിദേശത്തും സ്വദേശത്തും ഉൾപ്പെടെ വലിയ വിപണി സാധ്യത സൃഷ്ടിച്ചുകൊണ്ട് ക്യാപ്കോയുടെ പ്രവർത്തനം 2024 ആരംഭിക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് പറഞ്ഞു.