സംസ്ഥാനത്ത് വീണ്ടും നിപാവൈറസ് റിപ്പോര്‍ട്ടുചെയ്ത സാഹചര്യത്തില്‍ ആരോഗ്യവകുപ്പിനൊപ്പം നടപടികളിലേക്കുകടന്ന് മൃഗസംരക്ഷണവകുപ്പും. അഞ്ചു കിലോമീറ്റര്‍ ചുറ്റളവില്‍ വവ്വാലുകളുടെ സാന്നിധ്യം നിരീക്ഷിക്കാനും ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ വളര്‍ത്തുമൃഗങ്ങളില്‍നിന്ന് സിറം ശേഖരിച്ച് പരിശോധന നടത്താനുമാണ് തീരുമാനം. ഭോപ്പാലിലെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈസെക്യൂരിറ്റി അനിമല്‍ ഡിസീസിലാണ് സാമ്പിളുകള്‍ പരിശോധിക്കുക. മൃഗസംരക്ഷണവകുപ്പ് നല്‍കുന്ന നിപ ജാഗ്രതാനിര്‍ദ്ദേശങ്ങള്‍. വവ്വാലുകള്‍ കടിച്ച ചാമ്പങ്ങ, പേരക്ക, മാമ്പഴം തുടങ്ങിയവ ഒഴിവാക്കുക, വീട്ടുമുറ്റത്തും പറമ്പിലും വീണുകിടക്കുന്ന പഴങ്ങളെടുക്കുമ്പോള്‍ ശ്രദ്ധ വേണം. വവ്വാല്‍ കടിച്ച പഴങ്ങളില്‍ അതിന്റെ പാടുണ്ടാകും. അങ്ങനെയുള്ള പഴങ്ങള്‍ എടുത്താല്‍ കൈകളിലേക്കു വൈറസ് പകരും, വവ്വാല്‍ കടിച്ചെന്ന് സംശയിക്കുന്ന പഴങ്ങള്‍ ഒരുകാരണവശാലും കഴിക്കരുത്. അത് മണ്ണില്‍ കുഴിച്ചുമൂടണം. ഇവ മൃഗങ്ങള്‍ക്കും കഴിക്കാന്‍ നല്‍കരുത്, ഇത്തരം പഴങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ കൈകള്‍ വൃത്തിയായി കഴുകണം.