Menu Close

കര്‍ഷകര്‍ക്ക് പുതിയ ആധാര്‍- അഗ്രിസ്റ്റാക്ക് വരുന്നു

ആധാറിനു സമാന്തരമായി കര്‍ഷകരുടെ ഡിജിറ്റല്‍ വിവരശേഖരത്തിന് പുതിയ സംവിധാനം വരുന്നു. അഗ്രിസ്റ്റാക്ക് എന്നാണ് ഇതിനു പേരിട്ടിരിക്കുന്നത്. 2020 ല്‍ ആരംഭിച്ച ഈ പ്രോജക്ട് ഇപ്പോള്‍ അവസാനഘട്ടത്തിലാണ്. വലിയ മാറ്റങ്ങള്‍ക്കു വഴിതുറക്കുന്നതാകും ഈ സംവിധാനമെന്ന് നിരീക്ഷകര്‍ കരുതുന്നു.
അഗ്രിസ്റ്റാക്കില്‍ അധാറിലെന്നപോലെ ഒരു കര്‍ഷകന് ഒരു സവിശേഷ നമ്പര്‍ ഉണ്ടായിരിക്കും. ആ കര്‍ഷകന്റ കൃഷിഭൂമിയുടെ മുഴുവന്‍ വിവരങ്ങളും ജിപിഎസ് ബന്ധവും ഉണ്ടായിരിക്കും. ഈ വിവരങ്ങള്‍ സര്‍ക്കാര്‍ സംവിധാനങ്ങളിലേക്ക് ലിങ്ക് ചെയ്തിരിക്കും. ഈ കാര്‍ഡ് യുപിഐയിലേക്കും ലിങ്ക് ചെയ്തിരിക്കുന്നതിനാല്‍ കര്‍ഷകര്‍ക്കുള്ള സാമ്പത്തിക സഹായങ്ങള്‍ കാര്‍ഡുടമസ്ഥന്റെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ടെത്തും.
കൃഷിഭൂമിയുടെ മണ്ണിന്റെ പ്രത്യേകതകള്‍, അവിടുത്തെ വിളകളുടെ വിശദവിവരങ്ങള്‍, കാലാവസ്ഥ എന്നിവ ഇതിന്റെ വിവരശേഖരത്തിലുണ്ടാകും. ഇതിലൂടെ ഓരോ വിളകള്‍ക്കും ഇന്‍ഷുറന്‍സ് എടുക്കാനുമാകും. അപേക്ഷകള്‍ അഗ്രിസ്റ്റാക്ക് ആപ്പിലൂടെ പൂരിപ്പിച്ച് അയക്കാനാകും. ഇതുവഴി കര്‍ഷകന് തന്റെ കൃഷിയിടം വിട്ടുപോകാതെ തന്നെ എല്ലാ കാര്യങ്ങളും ചെയ്യാനാകും.
ഒരു നിശ്ചിത സ്ഥലത്ത് കൃഷി നശിച്ചുപോയാല്‍ അത് ആരുടെയൊക്കെ കൃഷിഭൂമിയാണെന്നു തിട്ടപ്പെടുത്തി അവര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ ഈ സംവിധാനം സര്‍ക്കാരിനെ സഹായിക്കും.
കര്‍ഷകന്റെ വരുമാനവും കൃഷിഭൂമിയുടെ ഉപയോഗവും തല്‍സമയം നോക്കിക്കാണാനും ഭാവിപരിപാടികള്‍ ആസൂത്രണം ചെയ്യാനും സര്‍ക്കാരിനെ സഹായിക്കുന്ന വലിയ മാറ്റങ്ങള്‍ക്ക് അഗ്രിസ്റ്റാക്ക് കാരണമാകുമെന്ന് കേന്ദ്ര കൃഷിവകുപ്പ് വിഭാവനം ചെയ്യുന്നു. കൃഷി കൃത്യമായി തിട്ടപ്പെടുത്തി വായ്പ ലഭിക്കാനും സബ്സിഡികള്‍ കിട്ടാനും അഗ്രിസ്റ്റാക്ക് ഗുണം ചെയ്യുമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ നിലപാട്. ഇതിന്റെ തയ്യാറെടുപ്പുകള്‍ അവസാനഘട്ടത്തിലാണ്. തല്‍സമയനിരീക്ഷണത്തിലൂടെ കര്‍ഷകന്റെ വിളവിന്റെ ഗുണവും അളവും കൂട്ടാനാകും. വിവരസാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ആസൂത്രണത്തിലൂടെ കമ്പോളത്തെ മനസ്സിലാക്കാനും നല്ല വില കിട്ടാനും ഉപകരിക്കും. ഒരു പ്രത്യേക സ്ഥലത്ത് ഒരു പ്രത്യേക കീടത്തിന്റെ ആക്രമണമുണ്ടായാല്‍ അതു മനസ്സിലാക്കി അവിടേക്ക് തങ്ങളുടെ കീടനാശിനി എത്തിക്കാന്‍ കമ്പനികള്‍ക്ക് ഈ സൗകര്യം വളരെ പ്രയോജനപ്പെടും.
അതേസമയം കര്‍ഷകന്റെ സ്വകാര്യവിവരങ്ങള്‍ വന്‍കിട കാര്‍ഷികകമ്പനികളുടെയും ഫിനാന്‍സ് സ്ഥാപനങ്ങളുടെയും കൈയിലെത്തിപ്പെടാനും അതുപയോഗിച്ച് അവര്‍ കര്‍ഷകരെ കൂടുതല്‍ ചൂഷണംചെയ്യാനും അഗ്രിസ്റ്റാക് വഴിതുറക്കുമെന്ന അഭിപ്രായവും ഉയര്‍ന്നുവന്നിട്ടുണ്ട്. ജിപിഎസ് ഉപയോഗപ്പെടുത്തി കൃഷിഭൂമി നിരീക്ഷിക്കുന്നത് കര്‍ഷകനേക്കാള്‍ ഇന്‍ഷുറന്‍സ് കമ്പനിയുടെ ലാഭം വര്‍ദ്ധിപ്പിക്കുന്നതാകും. ഇതുവഴിയുണ്ടാകുന്ന സാമ്പത്തികലാഭം കര്‍ഷനുള്ള പ്രീമിയത്തില്‍ കുറവ് വരുത്താന്‍ ഉപയോഗിക്കുമോ എന്ന് വ്യക്തമല്ല. ആധാര്‍ വന്‍പലിശയ്ക്ക് കടം കൊടുക്കുന്ന കമ്പനികളുടെ ആത്മവിശ്വാസം വളര്‍ത്തിയതുപോലെ ഗ്രാമീണമേഖലയിലെ കര്‍ഷകനെ ഇത് എങ്ങനെയൊക്കെ ബാധിക്കുമെന്നും ആശങ്കയുണ്ട്. കര്‍ഷകന്റെ സ്വകാര്യ വിവരങ്ങള്‍ക്ക് നിയമപരിരക്ഷ ഉറപ്പുവരുത്തിക്കൊണ്ടുമാത്രമേ ഇത് നടപ്പാക്കാവൂ എന്ന അഭിപ്രായവും ഉയര്‍ന്നുവന്നിട്ടുണ്ട്. ആധാറിനുപോലും അത് ഇതുവരെ ഉണ്ടായിട്ടില്ലെന്നതാണ് വസ്തുത. ഇന്‍നെറ്റ് ഫ്രീഡം ഫൗണ്ടേഷനെപ്പോലുള്ള സംഘടനകള്‍ അഗ്രിസ്റ്റാക്കിനെതിരെ എതിര്‍പ്പുമായി രംഗത്തുവന്നിട്ടുണ്ട്. ഗ്യാസ് സബ്സിഡി ബാങ്കിലൂടെയാക്കിയത് നമ്മെ സഹായിക്കാനാണെന്നു പറഞ്ഞാണ് തുടങ്ങിയതെങ്കിലും അത് സബ്സിഡിയെത്തന്നെ ഇല്ലാതാക്കാനായിരുന്നു എന്നു പിന്നെയാണ് തിരിച്ചറിഞ്ഞത്. കര്‍ഷകന്റെ കൃഷിഭൂമിയെയും വിളയെയും കമ്പ്യൂട്ടര്‍അധിഷ്ഠിത വിലയിരുത്തിലനു വിധേയമാക്കുന്നത് അതില്‍ എഴുതിച്ചേര്‍ക്കുന്ന അല്‍ഗോരിതം വഴിയാണ്. കൃഷി ഉദ്യോഗസ്ഥരുമായോ കമ്പനി പ്രതിനിധികളുമായോ നേരിട്ടു സംസാരിക്കുന്നത്ര സുതാര്യമാകില്ല ഈ സംവിധാനം. തന്റെ കൃഷിഭൂമിയെയും വിളയെയും കുറിച്ചുള്ള വിലയിരുത്തല്‍ എന്തുകൊണ്ടെന്ന് സാധാരണകര്‍ഷകന് അറിയാനേ കഴിയില്ല. ചുരുക്കത്തില്‍ അഗ്രിസ്റ്റാക്ക് കര്‍ഷകനാണോ മറ്റുള്ളവര്‍ക്കാണോ കൂടുതല്‍ പ്രയോജനകരം എന്ന് കാത്തിരുന്നു കാണേണ്ടതാണ്. വിവിധ കര്‍ഷക സംഘടനകളുടമായി വിശദമായ ചര്‍ച്ചയ്ക്കും പഠനങ്ങള്‍ക്കും ശേഷം മാത്രമേ അഗ്രിസ്റ്റാക്ക് നടപ്പാക്കാവൂ എന്ന അഭിപ്രായം ഉയര്‍ന്നുവന്നിട്ടുണ്ട്.
അഗ്രിസ്റ്റാക്കിന്റെ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ തിരഞ്ഞെടുത്തത് മൈക്രോസോഫ്റ്റ്, ആമസോണ്‍, പതഞ്ജലി തുടങ്ങിയ കമ്പനികളെയാണ്.