അയ്മനം കൃഷിഭവൻ പരിധിയിലുള്ള വട്ടക്കായൽ തട്ടേപാടം പാടശേഖരത്തിൽ ഡ്രോണുകൾ ഉപയോഗിച്ച് നെൽച്ചെടിയിൽ സൂക്ഷ്മമൂലകങ്ങൾ തളിച്ച് കാട്ടി, കാർഷികയന്ത്രവത്ക്കരണത്തിലെ നവീനസാങ്കേതികവിദ്യകൾ കർഷകർക്ക് പരിചയപ്പെടുത്തി കൃഷി വകുപ്പിന്റെ പ്രവർത്തിപരിചയ പരിപാടിക്കു തുടക്കം. കാർഷികയന്ത്രവത്ക്കരണത്തിലെ നവീനസാങ്കേതികവിദ്യകൾ അതിവേഗം കർഷകരിലേക്ക് എത്തിക്കുന്നതിനായാണ് പരിപാടി സംഘടിപ്പിക്കുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു ഉദ്ഘാടനം നിർവഹിച്ചു. സാങ്കേതികവിദ്യയുടെ സഹായം കാർഷികമേഖലയിൽ പുരോഗതി കൈവരിക്കുന്നതിന് സഹായിക്കുമെന്നും കാലാവസ്ഥാ വ്യതിയാനത്തിനനുസരിച്ചുള്ള വിത്തുകൾ ഉത്പാദിപ്പിച്ചെടുക്കേണ്ടതുണ്ടെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ജില്ലയിലെ 300 ഹെക്ടർ പാടശേഖരത്താണ് ഡ്രോണുകൾ ഉപയോഗിച്ച് സൂക്ഷ്മമൂലകങ്ങൾ തളിക്കുന്നത്.