Menu Close

ഇപ്പോള്‍ മണ്ണിനെ അറിയാന്‍ മൊബൈല്‍ നോക്കിയാല്‍ മതി

മണ്ണ് പരിശോധനയ്ക്ക് ഇപ്പോള്‍ കൃഷിഭവനും ലാബും കയറിയിറങ്ങേണ്ട കാര്യമില്ല. ഒരു മൊബൈലുമായി നേരേ പറമ്പിലേക്ക് ഇറങ്ങിയാല്‍മതി. മണ്ണ് പര്യവേഷണകേന്ദ്രവും കേരള സംസ്ഥാന കൃഷിവകുപ്പും ശേഖരിച്ച വിവരങ്ങള്‍ അടിസ്ഥാനമാക്കിയുള്ള മണ്ണ് എന്ന ആപ് മൊബൈലില്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍ മണ്ണ് പരിശോധനാ സംവിധാനം പൂര്‍ണമായി.

ഗൂഗിള്‍ പ്ലേ സ്റ്റോറില്‍നിന്ന് സൗജന്യമായി ഈ ആപ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. mannu എന്ന് ഇംഗ്ലീഷിലോ മണ്ണ് എന്ന് മലയാളത്തിലോ ടൈപ്പ് ചെയ്താല്‍ ആപ് ലഭിക്കും. ഡൗണ്‍ലോഡ് പൂര്‍ത്തിയായാല്‍ നിങ്ങള്‍ നില്‍ക്കുന്ന സ്ഥലം ജിപിഎസ് സംവിധാനത്തിന്റെ സഹായത്തോടെ കണ്ടെത്തി അവിടുത്തെ മണ്ണിന്റെ വിശദാംശങ്ങള്‍ ആപ് പറഞ്ഞുതരും. ഓര്‍ഗാനിക് കാര്‍ബണ്‍, ഫോസ്ഫറസ്, പൊട്ടാസ്യം, മാംഗനീസ്, കാല്‍സ്യം, ബോറോണ്‍, കോപ്പര്‍, ഇരുമ്പ്, മഗ്നീഷ്യം, സള്‍ഫര്‍, സിങ്ക് എന്നീ പോഷകങ്ങളുടെ അളവും മണ്ണിന്റെ പി എച്ച് മൂല്യവും സ്ക്രീനില്‍ കാണിക്കും. പോഷകം വളരെ ഉയര്‍ന്ന തോതിലാണെങ്കില്‍ പച്ച, ഇടത്തരം അളവിലാണെങ്കില്‍ മഞ്ഞ, കുറവാണെങ്കില്‍ മഞ്ഞ എന്നിങ്ങനെ നിറങ്ങള്‍ കാണിക്കും.‍ അവയുടെ വേര്‍തിരിച്ചുള്ള കണക്ക് വരും. അതിനുശേഷം വളശുപാര്‍ശ എന്ന ബട്ടണില്‍ തൊട്ടാല്‍ നിങ്ങള്‍ക്കറിയേണ്ട വിളയും അതിന്റെ വിവിധ ഇനങ്ങളും തിരഞ്ഞെടുക്കാം. ഓരോ മണ്ണിലെയും പോഷകങ്ങളുടെ തോതനുസരിച്ച് കേരളത്തിലെ പ്രധാനപ്പെട്ട 53 വിളകള്‍ക്കുവേണ്ട ജൈവവളം, രാസവളം, സൂക്ഷ്മാണുവളം എന്നിവ എത്ര വച്ച് വേണമെന്ന് ആപ് വിശദമായി പറഞ്ഞുതരും.

അക്ഷാംശം, രേഖാംശം എന്നിവ അനുസരിച്ച് ഭൂസ്ഥാനം നിര്‍ണ്ണയിക്കുന്നതിനാല്‍ ലോകത്തെവിടെനിന്നും ഏതു സമയത്തും കര്‍ഷകര്‍ക്ക് അവരുടെ മണ്ണിന്റെ വിവരങ്ങള്‍ ഈ ആപ്പിലൂടെ ലഭിക്കുന്നതാണ്.

തൃശൂരിലെ വരവൂര്‍ പഞ്ചായത്തില്‍ നടപ്പാക്കിയ പൈലറ്റ് പ്രോജക്ടിലൂടെയാണ് ഈ ആപ് ഉരുത്തിരിഞ്ഞത്. മണ്ണ് പര്യവേഷണകേന്ദ്രം ശേഖരിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ആപ്പ് തയ്യാറാക്കിയിരിക്കുന്നത് . 2017ല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പൊതുജനസമക്ഷം അവതരിപ്പിക്കുകയായിരുന്നു. കൂടുതല്‍ കൃത്യതയും ലാളിത്യവും വരുത്തിയ ആപിന്റെ മൂന്നാം പതിപ്പാണ് ഇപ്പോള്‍ നിലവിലുള്ളത്. ഒരു ലക്ഷത്തിലേറെ ആളുകള്‍ ഈ ആപ് ഇപ്പോള്‍ ഉപയോഗിക്കുന്നുണ്ട്. ഐഐടിഎം കേരളയുടെ ജിയോ ഇന്‍ഫോമാറ്റിക് വിഭാഗമാണ് സാങ്കേതിക സഹായം നല്‍കുന്നത്.