കുടുംബശ്രീയും അട്ടപ്പാടിയിലെ ഷോളയൂര്‍, പുതൂര്‍ പഞ്ചായത്തുകള്‍, കുറുംബസമിതി എന്നിവയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ചെറുധാന്യ സന്ദേശ യാത്ര ‘നമ്ത്ത് തീവനഗ’ യ്ക്ക് ജില്ലയില്‍ സ്വീകരണം നല്കി. ചെറുധാന്യ ഉത്പന്നപ്രദര്‍ശന-വിപണന-ബോധവത്ക്കരണ ക്യാമ്പയിന്റെ ഉദ്ഘാടനം ജില്ലാ കലക്ടര്‍ അഫ്സാന പര്‍വീണ്‍ നിര്‍വഹിച്ചു.
ചെറുധാന്യകൃഷിയുടെ ഉപഭോഗം, വ്യാപനം, ബോധവത്ക്കരണം, അട്ടപ്പാടിയിലെ ചെറുധാന്യ ഉത്പന്നങ്ങള്‍ക്ക് വിപണികണ്ടെത്തല്‍, ജീവിതശൈലിരോഗങ്ങള്‍ തടയുന്നതിന് ചെറുധാന്യങ്ങളുടെ കൃഷിയും പാചകവും പ്രോത്സാഹിപ്പിക്കുക എന്നിവയാണ് പ്രത്യേകം സജ്ജീകരിച്ച വാഹനത്തിലുള്ള യാത്രയുടെ ലക്ഷ്യം. അട്ടപ്പാടിയിലെ ചെറുധാന്യ കര്‍ഷകരും കുടുംബശ്രീ പ്രവര്‍ത്തകരുമാണ് യാത്രയിലുള്ളത്. പ്രദര്‍ശന സ്റ്റാള്‍, ഫുഡ് കോര്‍ട്ട്, അട്ടപ്പാടി മില്ലറ്റ് സീഡ് പ്രദര്‍ശനം, മില്ലറ്റ് കഫേ, അട്ടപ്പാടിയില്‍ നിന്നുള്ള 32 മൂല്യവര്‍ധിത ചെറുധാന്യങ്ങളുടെ വിപണനം, ചെറുധാന്യങ്ങള്‍ അടിസ്ഥാനമാക്കിയ സെമിനാറുകള്‍ എന്നിവയുമാണ് നടന്നത്.
കുടുംബശ്രീ ജില്ലാ മിഷന് കോ ഓര്‍ഡിനേറ്റര്‍ ആര് വിമല്‍ ചന്ദ്രന്, കുടുംബശ്രീ സി ഡി എസ് ചെയര്പേഴ്സണ്മാര്, അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.