കൃഷിയെ സംബന്ധിച്ച അതിപുരാതനസങ്കല്പമാണ് എല്ലാം മനുഷ്യര്‍ ചെയ്യണമെന്നത്. അതിന് ആളെ കിട്ടാത്തതിന് നമ്മള്‍ ആരെയും കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. കഠിനാധ്വാനം വേണ്ട പണികള്‍ ചെയ്യാന്‍ യന്ത്രങ്ങള്‍ വന്നാലേ ഏതു മേഖലയും രക്ഷപെടൂ. കൃഷിമേഖലയ്ക്കും ഇത് ബാധകമാണ്. അതിന്റെ ചെലവോര്‍ത്ത് ഇനി വ്യാകുലപ്പെടേണ്ട. കാര്‍ഷികമേഖലയില്‍ ചെലവുകുറഞ്ഞ യന്ത്രവല്‍ക്കരണരീതികള്‍ പ്രോല്‍സാഹിപ്പിക്കുന്നതിനുവേണ്ടി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സഹായത്തോടെ നടപ്പിലാക്കിവരുന്ന ഒരു പദ്ധതിയുണ്ട്. സബ്മിഷന്‍ ഓണ്‍ അഗ്രികള്‍ച്ചറല്‍ മെക്കനൈസേഷന്‍ (കാര്‍ഷിക യന്ത്ര വല്‍ക്കരണ ഉപ പദ്ധതി) അഥവാ SMAM എന്നാണ് അതിന്റെ പേര്.
ചെറുകിടയന്ത്രങ്ങൾ മുതൽ കൊയ്ത്തുമെതിയന്ത്രം വരെയും വിളസംസ്കരണവുമായി ബന്ധപ്പെട്ട ഡ്രയറുകൾ, മില്ലുകൾ തുടങ്ങിയവയും ഈ പദ്ധതി വഴി ഏതൊരു കർഷകനും കർഷകഗ്രൂപ്പുകൾക്കും 40% മുതൽ 80% വരെ സാമ്പത്തികസഹായത്തോടുകൂടി സ്വന്തമാക്കാൻ സാധിക്കും.
എങ്ങനെ ഈ പദ്ധതിയിൽ അപേക്ഷിക്കാം? പദ്ധതി പൂർണ്ണമായും ഓൺലൈൻ വഴിയാണ് നടപ്പിലാക്കുന്നത്. https://agrimachinery.nic.in/Index/Index എന്ന വെബ്സൈറ്റ് വഴി ഏതൊരു കർഷകനും സ്വന്തം ആധാർ നമ്പർ, പാസ്പോർട്ട് സൈസ് ഫോട്ടോ, ഭൂനികുതി അടച്ച രസീത്, ബാങ്ക് പാസ്ബുക്ക് എന്നിവ ഉപയോഗിച്ച് സ്വന്തമായിത്തന്നെ പദ്ധതിയിലേയ്ക്ക് അപേക്ഷിക്കുവാനാകും. വെബ്സൈറ്റിൽ Registration ലിങ്കിൽ കയറി ആവശ്യമായ വിവരങ്ങൾ സമർപ്പിച്ച ശേഷം പ്രൊഫൈൽ വഴി ബന്ധപ്പെട്ട രേഖകൾ സമർപ്പിക്കുക. തുടർന്ന് യന്ത്രങ്ങൾക്കായുള്ള അപേക്ഷ സമർപ്പിച്ച് അംഗീകാരം ലഭിക്കുന്ന മുറയ്ക്ക് ഓൺലൈനായി ഡീലറെ തിരഞ്ഞെടുത്ത ശേഷം യന്ത്രങ്ങൾ വാങ്ങാവുന്നതാണ്. ഭൗതിക പരിശോധന കഴിയുന്നതനുസരിച്ച് സബ്സിഡി കർഷകന്റെ ബാങ്ക് അക്കൗണ്ടിൽ ഓൺലൈനായി ക്രെഡിറ്റ് ആവുന്നതായിരിക്കും. ഈ പദ്ധതിയുമായി ബന്ധപ്പെട്ട് കർഷകൻ/കർഷക ഗ്രൂപ്പുകൾ യാതൊരു സർക്കാർ ഓഫീസുകളിലും പോകേണ്ടി വരുന്നില്ല.
പദ്ധതി ഘടകങ്ങൾ
ഘടകം 1: കർഷകർക്ക് കാർഷികയന്ത്രോപകരണങ്ങൾ വാങ്ങുന്നതിനുള്ള വ്യക്തിഗത സാമ്പത്തിക സഹായം നൽകൽ (40% മുതൽ 60% വരെ സബ്സിഡി)
ഘടകം 2: കാർഷികയന്ത്രങ്ങളുടേയും ഉപകരണങ്ങളുടേയും വാടക കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിനുള്ള കസ്റ്റം ഹയറിംഗ് സെന്ററുകൾക്ക് സാമ്പത്തിക സഹായം നൽകൽ (40% സബ്സിഡി)
ഘടകം 3: കാർഷികയന്ത്രങ്ങളുടേയും ഉപകരണങ്ങളുടേയും ഫാം മെഷീനറി ബാങ്കുകൾ സ്ഥാപിക്കുന്നതിന് സാമ്പത്തിക സഹായം നൽകൽ (80% സബ്സിഡി)
2023 – 2024സാമ്പത്തിക വര്‍ഷത്തിലെ വ്യക്തിഗത ഗുണഭോക്താക്കളുടെ അപേക്ഷകള്‍ ഓണ്‍ലൈന്‍ ആയി ഈ പോര്‍ട്ടലില്‍ 01.08.2023 മുതല്‍ നല്‍കാവുന്നതാണ്. കാര്‍ഷികയന്ത്രവല്‍ക്കരണ പദ്ധതിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷിക്കുന്നതിനുള്ള സഹായങ്ങള്‍ക്കും ജില്ലകളിലെ കൃഷി അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എന്‍ജിനീയറുടെ കാര്യാലയവുമായോ ആലപ്പുഴ, കോഴിക്കോട് എന്നിവിടങ്ങളിലെ കൃഷി എക്സിക്യൂട്ടീവ് എന്‍ജിനീയറുടെ കാര്യാലയവുമായോ, സ്ഥലത്തെ കൃഷി ഭവനുമായോ 0471 2306748, 0477 2266084, 0495 2725354 എന്നീ ഫോണ്‍ നമ്പറുകളിലോ ബന്ധപ്പെടാവുന്നതാണ്.