കളമശ്ശേരി മണ്ഡലത്തിൽ നടപ്പിലാക്കിവരുന്ന സമഗ്ര കാർഷികവികസനപദ്ധതിയായ ‘കൃഷിക്കൊപ്പം കളമശ്ശേരി’യോനോടനുബന്ധിച്ച് മാഞ്ഞാലി സഹകരണബാങ്ക് കൃഷിചെയ്തിട്ടുള്ള കൂവയുടെ വിളവെടുപ്പ് 2024 ഫെബ്രുവരി 10 ശനിയാഴ്ച രാവിലെ 9 മണിക്ക് വി.മൊയ്തീന് നൈനയുടെ കൃഷിയിടത്തില്‍ നടക്കുന്നു. സഹകരണസംഘം ജോയിന്റ് രജിസ്ട്രാര്‍ ജോസല്‍ ഫ്രാന്‍സിസ് തോപ്പില്‍ വിളവെടുപ്പ് ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ പ്രമുഖവ്യക്തികള്‍ പങ്കെടുക്കും.
മാഞ്ഞാലി സഹകരണബാങ്ക് അഗ്രിക്കൾച്ചർ ഇൻഫ്രാസ്ട്രക്ചർ ഫണ്ട് പദ്ധതിയിൽപ്പെടുത്തി സ്ഥാപിച്ച കൂവസംസ്കരണശാലയ്ക്കുവേണ്ടിയാണ് കളമശ്ശേരി മണ്ഡലത്തില്‍ കൂവക്കൃഷി നടത്തിയിരിക്കുന്നത്. അവിടേക്കാവശ്യമായ രാജകൂവ ഈ വർഷം മുതൽ ബാങ്കിന്റെ സഹായത്തോടെ കർഷകരെക്കൊണ്ടു കൃഷിചെയ്യിച്ച് വിളവ് സംഭരിക്കുകയാണ്. ആദ്യപടിയായി കളമശ്ശേരി മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിലായി ഏകദേശം 70 ഏക്കർ വസ്തുവിൽ കഴിഞ്ഞ മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളായി കൃഷി ഇറക്കിയിട്ടുണ്ട്. തികച്ചും ജൈവ രീതിയിലാണ് കൃഷി ചെയ്തിട്ടുള്ളത്. കൃഷിവകുപ്പിന്റെ മാര്‍ഗനിര്‍ദ്ദേശത്തില്‍, അടുത്ത സീസണ് മുതല്‍ ഓര്‍ഗാനിക് സർട്ടിഫിക്കറ്റ് ലഭിക്കത്തക്കവിധം കൃഷി ചെയ്യുവാനാണ് ബാങ്ക് ഉദ്ദേശിക്കുന്നത്. കൃഷിക്കാരുടെ മുഴുവൻ വിളവും ബാങ്ക് ന്യായവില നൽകി സംഭരിക്കും.
മറ്റു കൃഷികളുമായി താരതമ്യം ചെയ്യുമ്പോൾ കൂവക്കൃഷിക്ക് അദ്ധ്വാനവും സാമ്പത്തികച്ചെലവും വളരെക്കുറവാണ്. ഏകദേശം ഒന്നേമുക്കാൽ കോടി രൂപ ചിലവിട്ടാണ് മാഞ്ഞാലി എക്ട്രാക്ട്സ് & പ്രൊഡക്ട്സ് എന്ന പേരിൽ മാഞ്ഞാലി തെക്കെത്താഴത്ത് സംസ്കരണശാല സ്ഥാപിച്ചിട്ടുള്ളത്. നബാർഡ് മുഖേന കേരളബാങ്കിൽനിന്ന് നാമമാത്രപലിശയില് 7 വർഷ കാലാവധിക്ക് വായ്പ ലഭ്യമായിട്ടുണ്ട്. കൃഷിവകുപ്പിൻ്റെ ഹോർട്ടികൾച്ചർ, ആത്മ എന്നീ വിഭാഗങ്ങളിൽ നിന്ന് സബ്സിഡിയും ഇതിനകം ലഭിച്ചിട്ടുണ്ട്. കൂവക്കൃഷിക്കും കൂവസംസ്കരണത്തിനും ഐസിഎആറിൻ്റെ കീഴിലുള്ള കിഴങ്ങുവിള ഗവേഷണകേന്ദ്രത്തിൻ്റെ (CTCRI) സാങ്കേതിക ഉപദേശം ലഭിക്കുന്നുണ്ട്.
കളമശ്ശേരി എംഎല്‍എ കൂടിയ വ്യവസായമന്ത്രി പി. രാജീവിന്റെ നേതൃത്വത്തില്‍ നടപ്പാക്കിവരുന്ന സമഗ്ര കാർഷികവികസനപദ്ധതിയാണ് കൃഷിക്ക് ഒപ്പം കളമശ്ശേരി.