പിഎം-കിസാന്‍ ഉപയോഗിക്കാന്‍ ഇനി വളരെയെളുപ്പം
ഒടിപിയോ വിരലടയാളമോ ആവശ്യമില്ലാതെ കർഷകർക്കു വീട്ടിലിരുന്ന് മുഖം സ്കാൻ ചെയ്തുകൊണ്ട് ഇ-കെവൈസി പൂർത്തിയാക്കാൻ സാധിക്കുന്ന മൊബൈൽ ആപ്ലിക്കേഷൻ ‘PM KISAN GOI’ ഭാരതസർക്കാർ പുറത്തിറക്കി.
കർഷകർക്ക് ധനസഹായം നൽകുന്ന “പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി” പദ്ധതിയുടെ ഭാഗമായി, മുഖം തിരിച്ചറിയാൻ കഴിയുന്ന മൊബൈൽ ആപ്പ് കേന്ദ്ര കൃഷി കർഷക ക്ഷേമ മന്ത്രി ശ്രീ.നരേന്ദ്ര സിംഗ് തോമർ പുറത്തിറക്കി. ഒടിപിയുടെയോ വിരലടയാളത്തിന്റെയോ ആവശ്യമില്ലാതെ, കർഷകർക്ക് അവരുടെ ഇ-കെവൈസി വിദൂരമായി, അവരുടെ വീട്ടിലിരുന്ന് സൗകര്യപ്രദമായി പൂർത്തിയാക്കാൻ ഈ ആപ്പിലൂടെ കഴിയും. കൂടാതെ, കർഷകർക്ക് അവരുടെ വീടുകളിൽ ഇ-കെവൈസി പ്രക്രിയ പൂർത്തിയാക്കുന്നതിനൊപ്പം മറ്റു 100 കർഷകരെ കൂടെ സഹായിക്കാനും ഇതുവഴി കഴിയും. നിർബന്ധിത ഇ-കെവൈസി പൂർത്തീകരണത്തിന്റെ പ്രാധാന്യം ഉൾക്കൊണ്ടുകൊണ്ട് സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥർക്ക് 500 കർഷകരുടെ ഇ-കെവൈസി വരെ നടത്താൻ കഴിയും.
ന്യൂഡൽഹിയിലെ കൃഷിമന്ത്രാലയത്തിന്റെ ആസ്ഥാനത്തുനടന്ന പരിപാടിയിൽ രാജ്യത്തെ കാർഷിക ശാസ്ത്ര കേന്ദ്രങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് കർഷകരും കേന്ദ്ര-സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥരും വിവിധ സർക്കാർ ഏജൻസികളുടെയും കാർഷിക സംഘടനകളുടെയും പ്രതിനിധികളും വെർച്വൽ പങ്കാളിത്തത്തിലൂടെ സാക്ഷ്യം വഹിച്ചു. ഈ അവസരത്തിൽ പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി ഇന്ത്യാ ഗവൺമെന്റിന്റെ വിപുലവും ഉപകാരപ്രദമായ പദ്ധതിയാണെന്നും അത് നടപ്പിലാക്കുന്നതിൽ സംസ്ഥാന ഗവൺമെന്റുകൾ തങ്ങളുടെ ധർമ്മങ്ങൾ ശുഷ്കാന്തിയോടെ നിറവേറ്റിയിട്ടുണ്ടെന്നും കേന്ദ്രമന്ത്രി ശ്രീ.നരേന്ദ്ര സിംഗ് തോമർ അറിയിച്ചു. അതിനാല്‍ e-KYC പ്രക്രിയ പൂർത്തിയാക്കിയതിനു ശേഷം ഏകദേശം 8 കോടി കർഷകർക്ക് പദ്ധതിയുടെ തവണകളായി പണം ലഭിച്ചുവരുന്നു.
കർഷകർക്ക് ഇടനിലക്കാരില്ലാതെ ആനുകൂല്യങ്ങൾ ലഭിക്കുന്ന വിപ്ലവകരമായ പദ്ധതിയാണ് പിഎം-കിസാൻ എന്ന് മന്ത്രി തോമർ അറിയിച്ചു. സാങ്കേതിക വിദ്യയുടെ ഉപയോഗത്തിലൂടെ കർഷകർക്ക് വലിയ അളവിൽ ആനുകൂല്യങ്ങൾ ലഭ്യമാക്കാൻ ഇതുമൂലം സാധിച്ചിട്ടുണ്ട്. സാങ്കേതിക വിദ്യ ഉപയോഗിച്ച് തയ്യാറാക്കിയ ആപ്പിലൂടെ സർക്കാർ ഈ പ്രക്രിയ ലളിതമാക്കിയിരിക്കുന്നു. സംസ്ഥാനങ്ങൾക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ലഭ്യമാക്കിയിട്ടുണ്ട്.
പിഎം-കിസാൻ ലോകത്തിലെ ഏറ്റവും വലിയ ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ (ഡിബിടി) സ്കീമുകളിലൊന്നാണ്. കർഷകർക്ക് പ്രതിവർഷം മൂന്ന് തവണകളായി 6,000 രൂപ അവരുടെ ആധാറുമായി ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് ട്രാൻസ്ഫർ ചെയ്തു നൽകുന്നു. 3 കോടിയിലധികം സ്ത്രീകൾ ഉൾപ്പെടെ 11 കോടിയിലധികം കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് 2.42 ലക്ഷം കോടി രൂപ വിതരണം ചെയ്തു. കൊവിഡ് ലോക്ക് ഡൗൺ കാലത്ത് പോലും പിഎം കിസാൻ സമ്മാൻ നിധി പദ്ധതി കർഷകർക്ക് ശക്തമായ ഒരു കൂട്ടാളിയാണെന്ന് തെളിയിച്ചു. പദ്ധതി കർഷകർക്ക് നേരിട്ട് സാമ്പത്തിക സഹായം നൽകുകയും അവശ്യ സൗകര്യങ്ങൾ ഉറപ്പാക്കുകയും വെല്ലുവിളി നിറഞ്ഞ സമയങ്ങളിൽ ആത്മവിശ്വാസം പകരുകയും ചെയ്തു. ഇപ്പോൾ, പിഎം-കിസാൻ പോർട്ടൽ പ്രക്രിയകളിലെ ആധാർ പ്രാമാണീകരണവും ബാങ്ക് അക്കൗണ്ട് വിശദാംശങ്ങളും അപ്ഡേറ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകൾ ഡിജിറ്റൽ സൗകര്യങ്ങളുടെ ഫലപ്രദമായ ഉപയോഗത്തിലൂടെ പരിഹരിച്ചു.
പുതിയ ‘PM KISAN GOI ‘ ആപ്പ് ഉപയോക്തൃ സൗഹൃദവും ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ഡൗൺലോഡ് ചെയ്യാൻ എളുപ്പവുമാണ്. പദ്ധതിയുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങളും പിഎം-കിസാൻ അക്കൗണ്ടുകളും ആപ്പ് കർഷകർക്ക് നൽകും. കർഷകർക്ക് അവരുടെ ഭൂമി രേഖകൾ, ബാങ്ക് അക്കൗണ്ടുകളുമായി ആധാർ ലിങ്ക് ചെയ്യൽ, ഇ-കെവൈസി സ്റ്റാറ്റസ് എന്നിവ നിരീക്ഷിക്കാൻ അനുവദിക്കുന്ന “നിങ്ങളുടെ അപേക്ഷയുടെ തൽസ്ഥിതി അറിയുക” എന്ന മൊഡ്യൂൾ ഇതിൽ ഉൾപ്പെടുന്നു. ഗുണഭോക്താക്കൾക്ക് വാതിൽപ്പടി സേവനം ലഭ്യമാക്കുന്നതിന് ആധാറുമായി ലിങ്ക് ചെയ്ത ബാങ്ക് അക്കൗണ്ടുകൾ തുറക്കുന്നതിനായി ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്കും (ഐപിപിബി) സുസജ്ജമാണ്. കൂടാതെ സംസ്ഥാനങ്ങളുടെ സഹായത്തോടെ ഗ്രാമതല ഇ-കെവൈസി ക്യാമ്പുകൾ സംഘടിപ്പിക്കാൻ കോമൺ സർവ്വീസ് സെന്ററുകളെ ചുമതലപ്പെടുത്തിയിട്ടുണ്ട്.