തെങ്ങുകളിൽ പ്രധാനമായും കണ്ടു വരുന്ന ഒരു രോഗമാണ് കുമ്പു ചീയൽ. പ്രത്യേകിച്ച് മഴക്കാലത്ത് താപനില കുറവും ഈർപ്പം വളരെ കൂടുതലും ആയിരിക്കുമ്പോൾ രോഗ വ്യാപന സാധ്യത കൂടുതലായിരിക്കും. തൈകളുടെ കൂമ്പോല മഞ്ഞ നിറമാകുകയും, പതുക്കെ വലിച്ചാൽ തന്നെ ഊരി പോരുകയും ചെയ്യുന്നതാണ് രോഗ ലക്ഷണം. വളർച്ചയെത്തിയ തെങ്ങുകളിൽ കുമ്പോലയുടെ നിറം മഞ്ഞയാകുകയും കടഭാഗത്തു വെച്ച് ഒടിഞ്ഞു തൂങ്ങുന്നതായും കാണാം. രോഗം ബാധിച്ച തെങ്ങിലും അടുത്തുള്ള തെങ്ങുകളിലും മുൻകരുതൽ എന്ന നിലയ്ക്ക് 1 % വീര്യമുള്ള ബോർഡോ മിശ്രിതം തളിച്ച് കൊടുക്കണം.
രോഗം ആരംഭിക്കുമ്പോൾ തന്നെ മണ്ടയിലെ അഴുകിയ ഭാഗങ്ങൾ ചെത്തി മാറ്റി കത്തിച്ചു കളയുകയും 10 % ബോർഡോ കുഴമ്പു പുരട്ടുകയും, 1 % ബോർഡോ മിശ്രിതം തളിച്ച് കൊടുക്കയും ചെയ്യണം. പുതിയ കുമ്പു വരുന്നത് വരെ മഴ കൊള്ളാതെ സംരക്ഷിക്കേണ്ടതുണ്ട്. ചെമ്പ് അടങ്ങിയിട്ടുള്ള കുമിൾ നാശിനികൾക്കു പകരമായി മാങ്കോസെബ് ഉപയോഗിക്കുന്നത് വളരെ ഫലപ്രദമാണ്. അതിനാൽ 2 ഗ്രാം മാങ്കോസെബ് അടങ്ങിയ തുളയുള്ള സാഷേകൾ ഓലയുടെ കവിളിൽ ചരട് കൊണ്ട് കെട്ടിയിടുക. മഴ പെയ്യുമ്പോൾ ചെറിയ തോതിൽ ഈ കുമിൾ നാശിനി തെങ്ങിന്റെ കുമ്പിൽ വീണ് രോഗങ്ങളിൽ നിന്നും സംരക്ഷണം നൽകും.
കൃഷി വിജ്ഞാനകേന്ദ്രം കൊല്ലം