വയനാട്, തിരുനെല്ലി നുറാങ്ക് കിഴങ്ങ് കാർഷിക ഗവേഷണ കേന്ദ്രത്തിൽ ആരംഭിച്ച തിറ്ഗലെ സന്ദർശന ഫെസ്റ്റ് ജില്ലാ കളക്ടർ ഡോ രേണുരാജ് ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ജില്ലാ കോർഡിനേറ്റർ പി.കെ ബാലസുബ്രഹ്മണ്യൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. നൂറ്റി അൻപതോളം വ്യത്യസ്ഥ കിഴങ്ങ് വർഗ്ഗങ്ങളാണ് കുടുംബശ്രീ മിഷൻ തിരുനെല്ലി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി നുറാങ്കിൽ കൃഷി ചെയ്യുന്നത്. നുറാങ്കിലെ അപൂർവയിനം കിഴങ്ങുകളുടെ കൃഷിയിടങ്ങൾ ജില്ലാ കളക്ടർ സന്ദർശിച്ചു. നുറാങ്ക് കൂട്ടായ്മയുടെ വിശേഷങ്ങളും ജില്ലാ കളക്ടർ ചോദിച്ചറിഞ്ഞു.
ഡിസംബർ 31 വരെയാണ് നുറാങ്കിൽ തിറ്ഗലെ സന്ദർശന ഫെസ്റ്റ് നടക്കുന്നത്. പാസ് മുഖേനയാണ് സന്ദർശകർക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബി.എം വിമല, തിരുനെല്ലി പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ റുഖിയ സൈനുദ്ദീൻ, സി.ഡി.എസ് ചെയർപേഴ്സൺ പി സൗമിനി, പ്രൊജക്ട് കോർഡിനേറ്റർ സായി കൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. തൃശ്ശിലേരി ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് വിദ്യാർത്ഥികൾ, വിവിധ ഊരുകളിലെ ബ്രിഡ്ജ് കോഴ്സ് സെൻ്ററിലെ കുട്ടികൾ തുടങ്ങി ഇരുന്നൂറോളം പേർ ചടങ്ങിൽ പങ്കെടുത്തു.