തിരുവനന്തപുരം, നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ആനാട് പഞ്ചായത്തിൽ ‘കോട്ടുക്കോണം മാമ്പഴസമൃദ്ധി മാമ്പഴഗ്രാമംപദ്ധതി’യുടെ ഉദ്ഘാടനം ഡി കെ മുരളി എം എൽ എ നിർവഹിച്ചു. പ്രശസ്തമായ കോട്ടുക്കോണംമാങ്ങയുടെ ഉൽപ്പാദനവും വിപണനവുമാണ് ലക്ഷ്യം.
തരിശുസ്ഥലങ്ങളിലും പബ്ലിക്, പ്രൈവറ്റ് സെക്ടർ സ്ഥാപനങ്ങളിലെ സാധ്യമായ സ്ഥലങ്ങളിലും മറ്റു കൃഷിയിടങ്ങളിലും പദ്ധതി നടപ്പാക്കും. മികച്ചയിനം ഗ്രാഫ്റ്റ്കൾ ശാസ്ത്രീയമായി ഹൈഡെൻസിറ്റി പ്ലാനിങ് മാതൃകയിൽ പരിപാലിക്കുന്ന പദ്ധതി തൊഴിലുറപ്പ് പദ്ധതിയുമായി സഹകരിച്ചാണ് നടത്തുന്നത്.
ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി അധ്യക്ഷയായി. ആനാട് പഞ്ചായത്ത് പ്രസിഡന്റ് എൻ ശ്രീകല, വൈസ് പ്രസിഡൻ്റ് പാണയം നിസാർ, നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വികസന സ്ഥിരംസമിതി അധ്യക്ഷ ടി ആർ ചിത്രലേഖ, കെ ചാരുമിത്രൻ, ടി ശ്രീകുമാർ, എസ് റീന, കവിത പ്രവീൺ, ഷിബ ബീവി, ഇരിഞ്ചയം സനൽ, പി മോഹനകുമാരൻ നായർ, ആർഷ കെ സത്യൻ എന്നിവർ സംസാരിച്ചു.